×
login
അബലകളല്ല, അജയ്യരാവുക

അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു ഐടി ഉദ്യോഗസ്ഥ അത് അമ്മായിഅമ്മയുടെയോ ഭര്‍ത്താവിന്റെയോ കയ്യില്‍ നേരിട്ടേല്‍പ്പിച്ചില്ലെങ്കില്‍ പ്രശ്‌നമാവാം. എന്നാല്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പ്യൂണ്‍ ആയി ജോലി നോക്കുന്ന വനിതയ്ക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വരില്ല. കാരണം അവളെ ശല്യപ്പെടുത്തിയാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന പേടി. പുരോഗമനപരമെന്നും പ്രബുദ്ധമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന കേരളീയ സമൂഹത്തില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കുറ്റവാളികള്‍ രക്ഷപ്പെടുക മാത്രമല്ല ഇരകള്‍ വീണ്ടും വീണ്ടും നിന്ദിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.

ലോകമെമ്പാടും ഇന്ന് വനിതാ ദിനമായി ആചരിക്കുകയാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് തുല്യാവസരവും പരിഗണനയും ലഭിക്കുന്നതിനും ലിംഗപരമായ അസമത്വം അവസാനിപ്പിച്ച് കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും സ്വാശ്രയത്വത്തിലേക്കും മുന്നേറാനുമുള്ള സാഹചര്യം എത്രത്തോളമുണ്ട് എന്ന അന്വേഷണം  വനിതാദിനത്തില്‍ നടക്കാറുണ്ട്. ഒപ്പം സ്വപ്രയത്‌നത്താല്‍ കഴിവു തെളിയിച്ച വനിതകളെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുകയും ചെയ്യുന്നു. യാന്ത്രികമായ ആചരണമെന്നതിനപ്പുറം സ്ത്രീകളുടെ മനോഭാവത്തില്‍ ഭാവാത്മകമായ മാറ്റം വരുന്നുണ്ടോ എന്ന പരിശോധനയും ഈ ദിനത്തില്‍ നടക്കേണ്ടതുണ്ട്. തീര്‍ച്ചയായും സമൂഹത്തില്‍ അനുഗുണമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടല്ലാതെ സ്ത്രീകള്‍ക്ക് മുന്നേറാനാവില്ല. ശരിയായ വിദ്യാഭ്യാസം ലഭിക്കുക, ഔദ്യോഗിക പദവികളില്‍ എത്തുക, അധികാര പ്രാതിനിധ്യം ലഭിക്കുക എന്നിവയൊക്കെ വളരെ പ്രധാനമാണ്. അധികാരം കയ്യാളാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ടോ എന്നത് വലിയ പ്രശ്‌നം തന്നെയാണ്. അഞ്ചക്ക ശമ്പളം വാങ്ങുന്ന ഒരു ഐടി ഉദ്യോഗസ്ഥ അത് അമ്മായിഅമ്മയുടെയോ ഭര്‍ത്താവിന്റെയോ കയ്യില്‍ നേരിട്ടേല്‍പ്പിച്ചില്ലെങ്കില്‍ പ്രശ്‌നമാവാം. എന്നാല്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പ്യൂണ്‍ ആയി ജോലി നോക്കുന്ന വനിതയ്ക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വരില്ല. കാരണം അവളെ ശല്യപ്പെടുത്തിയാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന പേടി. പുരോഗമനപരമെന്നും പ്രബുദ്ധമെന്നും കൊട്ടിഘോഷിക്കപ്പെടുന്ന കേരളീയ സമൂഹത്തില്‍ വനിതകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കുറ്റവാളികള്‍ രക്ഷപ്പെടുക മാത്രമല്ല ഇരകള്‍ വീണ്ടും വീണ്ടും നിന്ദിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.  

വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും പൊതുസമൂഹത്തെയും സ്ത്രീകളെ സവിശേഷമായും ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ലോക വനിതാ ദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് നാലര പതിറ്റാണ്ടായി. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ തുടര്‍ന്ന് വര്‍ഷംതോറും മാര്‍ച്ച് എട്ടിന് ഒരുപാട് വൈവിധ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊക്കെ സ്വാഭാവികമെന്നോണം വനിതാ വിമോചന വാദത്തിലേക്ക് വഴുതിപ്പോവാറുണ്ടെങ്കിലും വനിതാ ദിനത്തിന്റെ പ്രസക്തിയും ലക്ഷ്യങ്ങളും ഏറെക്കുറെ വ്യത്യസ്തമാണ്. ഓരോ സമൂഹത്തിന്റെയും വ്യതിരിക്തമായ വികാസപരിണാമങ്ങളുടെയും അവയില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനമാനങ്ങളുടെയും പരമ്പരാഗതമായി അനുഭവിച്ചുപോരുന്ന അധികാരാവകാശങ്ങളുടെയും നീതിനിഷേധത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് വനിതാ ദിനാചരണത്തിന്റെ പ്രസക്തി അന്വേഷിക്കേണ്ടത്. ചരിത്രപരമായിത്തന്നെ പാശ്ചാത്യ സമൂഹത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളല്ല ഭാരതത്തിലെ സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ വിജയിച്ച സ്വാതന്ത്ര്യ ചിന്തയും സമരപരിപാടികളും മാതൃകകളായി കണ്ട് ഇറക്കുമതി ചെയ്താല്‍ വിജയിക്കില്ല. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനു പകരം അന്യവത്കരിക്കുന്നതിലേക്കാണ് നയിക്കുക. റാണി ലക്ഷ്മി ബായിയുടെയും റാണി ചന്നമ്മയുടെയും മുപ്പതുവര്‍ഷം മാള്‍വാ സാമ്രാജ്യം ഭരിച്ച അഹല്യബായ് ഹോല്‍ക്കറുടെയും മറ്റും ആവേശദായകമായ ചരിത്രമുള്ളപ്പോള്‍ ഭാരത സ്ത്രീകള്‍ക്ക് പ്രചോദനത്തിനായി ജോന്‍ ഓഫ് ആര്‍ക്കിലേക്കും സിമോന്‍ ഡി ബുവ്വയിലേക്കും റോസാ ലക്‌സംബര്‍ഗിലേക്കുമൊന്നും പോകേണ്ടതില്ല.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇപ്പോള്‍ വലിയ തോതില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവഗണനകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമൊന്നും കുറവില്ല. ചില മതസമൂഹങ്ങള്‍ ആധുനിക സ്ത്രീകളെ ഏഴാംനൂറ്റാണ്ടിലെ അപരിഷ്‌കൃതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. സ്ത്രീകളെ പര്‍ദ്ദയ്ക്കുള്ളില്‍ കയറ്റി വിഘടനവാദം പയറ്റുന്നവര്‍ ജുഗുപ്‌സാവഹമായ ന്യായീകരണങ്ങളാണ് അതിന് നിരത്തുന്നത്. മുത്തലാഖ് കുറ്റകരമാക്കിയും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തിയും നിയമനിര്‍മാണം നടത്തിയപ്പോള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ നാം കണ്ടതാണ്. ചുംബന സമരം നടത്തിയും ആര്‍ത്തവോത്സവങ്ങള്‍ സംഘടിപ്പിച്ചുമൊക്കെ അരാജകത്വം കൊണ്ടുവരലാണ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് പ്രഖ്യാപിക്കുന്നവര്‍ സ്ത്രീജന്മങ്ങളെ പര്‍ദ്ദയ്ക്കുള്ളില്‍ തളച്ചിടുന്നതിനെ അംഗീകരിക്കുകയാണ്. ഇക്കൂട്ടര്‍ നടത്തുന്ന നവോത്ഥാനമതിലുകളില്‍പ്പോലും സ്വാതന്ത്ര്യ നിഷേധത്തിന്റെ പ്രതീകമായി പര്‍ദ്ദയിട്ട വനിതകള്‍ സ്ഥാനം പിടിക്കുന്നു. ശരിയായ വിദ്യാഭ്യാസവും നിയമനിര്‍മാണവുമൊക്കെയാണ് സ്ത്രീവിമോചനത്തിന് ആവശ്യം. വനിതകള്‍ക്ക് യുദ്ധമുഖത്തുപോലും പ്രവേശനം നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരമാണ്. പരിതാപകരമായ സാമൂഹ്യ ചുറ്റുപാടുകളില്‍നിന്നും ശ്വാസംമുട്ടുന്ന ഗാര്‍ഹികാന്തരീക്ഷത്തില്‍നിന്നും സ്ത്രീകളെ മോചിപ്പിക്കാന്‍ സ്വച്ഛഭാരത് മിഷന്‍, ഉജ്വല യോജന പോലുള്ള പദ്ധതികളിലൂടെ കഴിയുന്നു. സ്ത്രീശാക്തീകരണം കേവലമായ മുദ്രാവാക്യമല്ലെന്നും നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണെന്നും സ്വാനുഭവത്തിലൂടെ രാജ്യത്തെ സ്ത്രീകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.