യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുകയും, രാജ്യാന്തര തലത്തില്‍ രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. രാജ്യരക്ഷയെക്കാള്‍ വലുതാണ് തങ്ങളുടെ സ്വകാര്യത എന്ന ഇക്കൂട്ടരുടെ നിലപാട് സ്വീകാര്യമല്ല. ആവശ്യമെങ്കില്‍ പൗരന്മാരെ നിരീക്ഷിക്കാനും നിയമം അനുവദിക്കുന്നുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ആരോപണംകൂടി കോടതിയില്‍ പൊളിഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. പരാതിക്കാരായ ഇരുപത്തൊന്‍പത് പേരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ അഞ്ചെണ്ണത്തില്‍ കമ്പ്യൂട്ടര്‍ തകരാറിലാക്കുന്ന സോഫ്റ്റ്‌വെയര്‍- മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ഇത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്നാണ് സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സുദീപ് ഒബ്‌റോയ് എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തി മൂന്ന് ഭാഗങ്ങളുള്ള അറുനൂറോളം പേജ് വരുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സ്ഥാനമൊഴിയുന്ന ചീഫ്ജസ്റ്റിസ് ആര്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. നാലാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെങ്കിലും പ്രധാന ആരോപണം പൊളിഞ്ഞതോടെ സാങ്കേതികമായ പ്രസക്തി മാത്രമേ ഇനി ഈ കേസിനുള്ളൂ.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് പെഗാസസ് വിവാദം പൊന്തിവന്നത്. രാജ്യത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകരടക്കം അന്‍പതിനായിരം പേരുടെ ഫോണുകളില്‍നിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രഹസ്യം ചോര്‍ത്തിയെന്ന് ഒരുകൂട്ടം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. പെഗാസസ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന എന്‍എസ്ഒ എന്ന കമ്പനി തങ്ങള്‍ സര്‍ക്കാരുകളുമായി മാത്രമേ ഇടപാടു നടത്താറുള്ളൂവെന്നും, സ്വകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെടാറില്ലെന്നും വ്യക്തമാക്കിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ ആരൊക്കെയാണ് തങ്ങളില്‍നിന്ന് ഈ സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുള്ളതെന്ന് വെളിപ്പെടുത്താന്‍ ഇസ്രായേല്‍ കമ്പനി തയ്യാറായില്ല. കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണം ശക്തിപ്പെടുത്താന്‍ പല മാധ്യമങ്ങളും ഈ സാഹചര്യം ഉപയോഗിച്ചു. പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി മാധ്യമങ്ങള്‍ രംഗത്തുവന്നു. കശ്മീര്‍ പ്രശ്‌നത്തിലടക്കം ഇന്ത്യാവിരുദ്ധ നിലപാടുകള്‍ എടുത്തുവരുന്ന മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ 'അപഗ്രഥന'ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ആംനെസ്റ്റി വികസിപ്പിച്ചെടുത്ത ഉപകരണവും ഉപയോഗിച്ചുവെന്നതാണ് ഇതിലെ വിരോധാഭാസം. വിദഗ്ധസമിതിക്ക് ചാര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കണ്ടെത്താനായില്ലെന്ന് നേരത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വിഷയത്തില്‍ സുപ്രീംകോടതിയിലെന്നപോലെ സമിതിയോടും കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് നിരീക്ഷണമുണ്ടായി. തീര്‍ത്തും അനാവശ്യമായിരുന്നു ഇത്. പ്രധാന ആരോപണം പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ഈ നിരീക്ഷണം വല്ലാതെ ഉയര്‍ത്തിക്കാണിക്കുകയുണ്ടായി. പ്രശ്‌നം ലോക്‌സഭയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഒരു പൗരന്റെമേലും സര്‍ക്കാര്‍ നിയമവിരുദ്ധ നിരീക്ഷണം നടത്തിയിട്ടില്ല. അതേസമയം രാജ്യരക്ഷയ്ക്കും ഭീകരതയെ നേരിടാനുമൊക്കെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് ഐടി നിയമത്തില്‍ പറയുന്നില്ലെന്നും, ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്ന് ഒരു രാജ്യവും വെളിപ്പെടുത്താറില്ലെന്നും, അങ്ങനെ ചെയ്താല്‍ ഭീകരര്‍ക്ക് അതനുസരിച്ച് പ്രവര്‍ത്തിക്കാനാവുമെന്നും, രാജ്യരക്ഷയെത്തന്നെ അപകടപ്പെടുത്തുമെന്നുമുള്ള ശക്തമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കംമുതല്‍ സ്വീകരിച്ചുപോന്നത്. കോടതിയിലും ഈ നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയുണ്ടായി. ഇതിനെ നിസ്സഹകരണമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ രാജ്യരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുകയും, രാജ്യാന്തര തലത്തില്‍ രാഷ്ട്രത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും സ്വീകരിച്ചത്. രാജ്യരക്ഷയെക്കാള്‍ വലുതാണ് തങ്ങളുടെ സ്വകാര്യത എന്ന ഇക്കൂട്ടരുടെ നിലപാട് സ്വീകാര്യമല്ല. ആവശ്യമെങ്കില്‍ പൗരന്മാരെ നിരീക്ഷിക്കാനും നിയമം അനുവദിക്കുന്നുണ്ട്. ഇതിന് വിസമ്മതിക്കുന്നവരെ രാജ്യത്തെ പൗരന്മാരായി കാണാനാവില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യണം
പിഎഫ്ഐ പിന്നെയും തലപൊക്കരുത്
കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍
അഴിമതികളുടെ ആം ആദ്മി മോഡല്‍
ഈ കമ്യൂണിസ്റ്റ് മുഷ്ക്ക് കേരളത്തിന് ശാപം
സുരക്ഷാവിവരങ്ങള്‍ ചോര്‍ന്നത് ഗൗരവകരം