×
login
പ്രതിപക്ഷത്തിന്റെ സ്വയംകൃതാനര്‍ത്ഥം

അധഃസ്ഥിത വിമോചനത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാനുള്ള അസുലഭ അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ഇതിലൂടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ഐതിഹാസികമായ ഭൂരിപക്ഷത്തോടെ ദ്രൗപദീ വിജയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. രാജ്യത്തിന് വലിയ അഭിമാന മുഹൂര്‍ത്തമാണ് ഇത് സമ്മാനിക്കുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. സിന്‍ഹയെ രംഗത്തിറക്കാന്‍ മുന്‍കയ്യെടുത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിപോലും അകലം പാലിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്നു യശ്വന്ത് സിന്‍ഹ. മറ്റു പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാന്‍ സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായത്. ഇതുവഴി സിന്‍ഹയ്ക്ക് വലിയ പിന്തുണ ലഭിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. സ്വന്തം സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും യശ്വന്ത് സിന്‍ഹ ബംഗാളില്‍ പ്രചാരണത്തിനെത്തേണ്ടെന്ന് മമത അറിയിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപി  നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപദീ മുര്‍മൂ സന്താള്‍ വിഭാഗക്കാരിയാണ്. ബംഗാളിലെ വനവാസി ജനതയില്‍ ബഹുഭൂരിപക്ഷവും ഈ ഗോത്രക്കാരായതിനാല്‍ ദ്രൗപദിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് അപ്രതീക്ഷിതമായ ഒരു നിലപാടിലേക്ക് മമത എത്തിച്ചേര്‍ന്നത്. ഇപ്പോഴത്തെ നിലയ്ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സുമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ഒപ്പമുള്ളത്. അപ്പോള്‍പോലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ പാര്‍ട്ടി എംഎല്‍എമാരില്‍ വലിയാരു വിഭാഗം ദ്രൗപദിയെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. ഇടതു പാര്‍ട്ടികളുടെ പിന്തുണ ആരും ഗണ്യമായി കരുതുന്നുമില്ല.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു. പൊതുസ്ഥാനാര്‍ത്ഥിയായി ആരുടെയെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടോയെന്ന് ആരായുകയും ചെയ്തു. എന്നാല്‍ നിഷേധാത്മക സമീപനമാണ് ഈ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആരായാലും തോല്‍പ്പിക്കുമെന്ന വാശിയിലായിരുന്നു അവര്‍. എന്‍സിപി നേതാവ് ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. പ്രതിപക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത മമതാ ബാനര്‍ജി പവാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ താന്‍ മത്‌സരത്തിനില്ലെന്ന് പവാര്‍ ഒട്ടും വൈകാതെതന്നെ പ്രഖ്യാപിച്ചു. പിന്നീട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയുടെയും മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെയും പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മത്‌സരിക്കാനില്ലെന്ന് രണ്ടുപേരും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയെ കണ്ടെത്തിയത്. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാത്തതിനാല്‍ ബിജെപിയില്‍നിന്ന് രാജിവച്ചുപോയ സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത് ഉചിതമല്ലെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടുവെങ്കിലും കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. കക്ഷിരാഷ്ട്രീയ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സിന്‍ഹയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍. ശരിയായ ഒരു മത്‌സരം കാഴ്ചവയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പ്രതിപക്ഷം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇത് അവരുടെ സ്വയംകൃതാനര്‍ത്ഥമെന്നേ പറയാവൂ.


സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം അപ്രതീക്ഷിതമായ പിന്തുണയാണ് ദ്രൗപദീ മുര്‍മൂവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ പല പാര്‍ട്ടികളും ഇതിനകം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒഡിഷയിലെ ബിജെഡി, ഝാര്‍ഖണ്ഡിലെ ജെഎംഎം, പഞ്ചാബിലെ അകാലിദള്‍, കര്‍ണാടകയിലെ ജെഡിഎസ് എന്നിവ മുര്‍മൂവിനൊപ്പമാണ്. ശിവേസനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും ബിജെപിക്കൊപ്പം പോന്നതിനാല്‍ അവരുടെ വോട്ട് മുര്‍മൂവിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയുടെ നിലയിലേക്ക് അവര്‍ മാറിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതിപക്ഷത്തിന് ഒഴിവാക്കാമായിരുന്നു. രാജ്യതാല്‍പ്പര്യത്തിന് മുന്‍തൂക്കം കൊടുക്കാത്ത കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും വാക്കുകളാണ് അവരെ വഴിതെറ്റിച്ചത്. വനവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു വനിതയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതോടെ അധഃസ്ഥിത മുന്നേറ്റത്തിന്റെ വലിയ സന്ദേശമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നല്‍കിയത്.  

പിന്തുണ നല്‍കി ആത്മാര്‍ത്ഥത തെളിയിക്കുന്നതിനുപകരം റബ്ബര്‍ സ്റ്റാമ്പ് എന്നും മറ്റും വിളിച്ച് അധിക്ഷേപിക്കാന്‍പോലും പ്രതിപക്ഷം ശ്രമിച്ചു. അധഃസ്ഥിത വിമോചനത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാനുള്ള അസുലഭ അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ഇതിലൂടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ഐതിഹാസികമായ ഭൂരിപക്ഷത്തോടെ ദ്രൗപദീ വിജയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. രാജ്യത്തിന് വലിയ അഭിമാന മുഹൂര്‍ത്തമാണ് ഇത് സമ്മാനിക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.