×
login
പെരുമഴക്കാലം വീണ്ടുമെത്തുമ്പോള്‍

പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പുപോലും ഗൗരവത്തിലെടുത്ത് നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

പ്രകൃതിയുടെ അനുഗ്രഹമാണ് കാലം തെറ്റാത്ത കാലാവസ്ഥ. അനുഗ്രഹീതമായ അത്തരം കാലാവസ്ഥയുളള സംസ്ഥാനമായിരുന്നു കേരളം. മഴയും വെയിലും ഒക്കെ ആവശ്യത്തിന്. അതിനനുസരിച്ചാണ് നമ്മുടെ ജീവിതം ക്രമപ്പെടുത്തിയിരുന്നത്. പഴമക്കാര്‍ക്ക് ആദ്യ മഴ പെയ്യുന്ന തീയതി മാത്രമല്ല, സമയം പോലും കൃത്യമായി പറയാന്‍ കഴിയുമായിരുന്നു. തുലാവര്‍ഷവും ഇടവപ്പാതിയുമൊക്കെ കൃത്യമായ ദിവസം ചെയ്തിറങ്ങിയിരുന്നു. ദൈവത്തിന്റെ നാട് എന്ന വിളിപ്പേരിനുള്ള കാരണങ്ങളിലൊന്നും  കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി മാറി. ഏതാനും വര്‍ഷങ്ങളായി കേരളത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് പ്രളയമാണ്. പണ്ടു കാലത്ത് ആസാമിലും ആന്ധ്രയിലും ഒക്കെ നടന്നതായി കേട്ടിരുന്ന പ്രളയദുരന്തം കേരളത്തില്‍ വാര്‍ഷിക പരിപാടിപൊലെ ഇപ്പോള്‍ നടക്കുന്നു. ഇതെല്ലാമായി പൊരുത്തപ്പെട്ട് ജീവിക്കുക മാത്രമേ ഇനി മുന്നിലുളളൂ എന്ന മനോഗതിയിലേക്ക് മലയാളി മാറിത്തുടങ്ങി. പ്രളയം കഴിയുമ്പോള്‍ മഴക്കുറവിന്റെ പ്രശ്നം. അതു കഴിയുമ്പോള്‍ ചുഴലിക്കാറ്റ് വരും. പിന്നാലെ ന്യൂനമര്‍ദങ്ങള്‍. വേനല്‍ക്കാലമാകുമ്പോള്‍ ഉഷ്ണതരംഗം. അറബിക്കടലില്‍ ആയാലും ബംഗാള്‍ ഉള്‍ക്കടലില്‍ ആയാലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൂടുതല്‍ ബാധിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുന്നു. മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും അപകടം വിതയ്ക്കുന്നു. മഴ കനത്താല്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകും.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകൂടവും സ്വന്തം വീട്ടിലെ മാലിന്യം ഓടകളിലേക്കും പൊതുനിരത്തുകളിലേക്കും തള്ളുന്നവരും ഈ അവസ്ഥയ്ക്ക് ഉത്തരവാദികളാണ്. ഒരു ചാറ്റല്‍മഴയില്‍തന്നെ റോഡ് തോടാകുന്ന സ്ഥിതിവിശേഷമാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കനാലുകളാവട്ടെ, മാലിന്യം കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയിലും. ഒരുകാലത്ത് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന തോടുകള്‍പോലും ഇന്ന് മനുഷ്യനിര്‍മിത മാലിന്യങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.  ശക്തമായ മഴയില്‍ ഈ തോടുകളും കനാലുകളും നിറഞ്ഞുകവിയുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതും സ്വാഭാവികം. ഇതിന് അടിയന്തരമായി പ്രതിവിധി കാണേണ്ടിയിരിക്കുന്നു.  


മണ്ണും പുഴയും തോടും കുളവും എല്ലാം സംരക്ഷിക്കാന്‍ ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്കും പൊതുനിരത്തിലേക്കും, തൊട്ടടുത്തുള്ള കാനകളിലേക്കും വലിച്ചെറിയുന്ന പ്രവണതയ്ക്കും അറുതി വരണമെങ്കില്‍ അവ ശേഖരിക്കാനും സംസ്‌കരിക്കാനും പദ്ധതി വേണം. അത് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്. മെട്രോ റെയിലും വാട്ടര്‍ മെട്രോയുമൊക്കെ വികസനക്കുതിപ്പിന് അത്യാവശ്യം തന്നെ. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് മികച്ച ഡ്രെയ്നേജ് സംവിധാനവും അതിന്റെ പരിപാലനവുമാണ്. പ്രകൃതിയുടെ പ്രതിഭാസമായ മഴയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യന് സാധിക്കില്ല. പക്ഷെ, മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്താനെങ്കിലും സാധിക്കേണ്ടിയിരിക്കുന്നു.

മഴക്കാലം അപകടങ്ങളുടെ കാലം കൂടിയാണ്. വാഹനാപകടങ്ങള്‍, കെട്ടിടം തകര്‍ന്നും മരങ്ങള്‍ വീണും അപകടങ്ങള്‍, വൈദ്യൂതി ലൈന്‍ പൊട്ടി അപകടങ്ങള്‍. ദുരന്തവാര്‍ത്തകളാണ് മഴയോടൊപ്പം കേരളം കേള്‍ക്കുന്നത്. പ്രളയ മഴയേയും ഉരുള്‍ പൊട്ടലിനേയും നിയന്ത്രിക്കുക മനുഷ്യസാധ്യമല്ല. എന്നാല്‍ അപകടങ്ങള്‍ പലതും അതീവ ശ്രദ്ധയാല്‍ ഒഴിവാക്കാനാകും. റോഡുകളുടെ ശോച്യാവസ്ഥയ്ക്കും മഴവെള്ളം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കും ഒപ്പം, വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അലസതയും അപകടം ക്ഷണിച്ചു വരുത്തുന്നത് ഈ പ്രളയത്തിലും നാം കണ്ടു. പ്രളയത്തെ വിനോദോപാധിയായി കാണുന്ന പ്രവണതയ്ക്ക് മാറ്റം വരണം. കാട്ടാന വെള്ളത്തില്‍ വീണത് കാണാന്‍ ജനം ഇരച്ചെത്തിയത് ആ മനോഗതിയുടെ ഭാഗമാണ്. പ്രളയ ടൂറിസം വേണ്ടാ എന്ന് ബന്ധപ്പെട്ടവര്‍ക്ക് പ്രഖ്യാപിക്കേണ്ടിയും വന്നു.

ഏറ്റവും പ്രധാനം പ്രളയദുരന്തങ്ങളില്‍നിന്ന് കേരളം ഒരു പാഠവും പഠിച്ചിട്ടില്ല എന്നതാണ്. തുടര്‍ച്ചയായ പ്രളയങ്ങളും ഉരുള്‍പൊട്ടലുമൊക്കെയുണ്ടായിട്ടും നമ്മുടെ കാലാവസ്ഥാ വിശകലനം പൂര്‍ണ്ണതയിലെത്തിയിട്ടില്ല. പരിമിതികള്‍ക്കു നടുവില്‍ നിന്നുകൊണ്ട് നല്‍കുന്ന മുന്നറിയിപ്പ് പോലും ഗൗരവത്തിലെടുത്ത്  നടപടി എടുക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല. ദുരന്തം ഉണ്ടായതിനുശേഷമുള്ള ആശ്വാസ പ്രവര്‍ത്തനമല്ല, ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുളള ആസൂത്രണമാണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കാത്തതും അതാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.