×
login
റേഷന്‍ മുടക്കി അന്നം മുട്ടിക്കുമ്പോള്‍

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി.

കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് അതിസമ്പന്നരുടെ മിന്നല്‍യാത്രകള്‍ക്കുവേണ്ടിയുള്ള സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല എന്നതിന്റെ നേര്‍ചിത്രമാണ് റേഷന്‍ വിതരണ പ്രതിസന്ധിയില്‍ തെളിയുന്നത്. സെര്‍വറിന്റെ ശേഷി ഉയര്‍ത്താത്തതിനാല്‍ ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം പ്രതിസന്ധിയിലായത്. ഇ-പോസ് സംവിധാനം വഴി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കാലത്തെ അപേക്ഷിച്ച്, കാര്‍ഡ് ഉടമകളുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷം കവിഞ്ഞു. നിലവിലുള്ള സെര്‍വറിന്റെ ശേഷി ഉപയോഗിച്ച് ഇത്രയുമധികം പേര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍പ് പലതവണ തകരാര്‍ നേരിട്ടപ്പോള്‍ സെര്‍വറിന്റെ ശേഷി ഉയര്‍ത്തണമെന്ന് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. ഇതാണ് 14 ജില്ലകളിലേയും റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. ഏഴ് ജില്ലകളില്‍ ഉച്ചവരെയും മറ്റു ജില്ലകളില്‍ ഉച്ചയ്ക്കുശേഷവും എന്ന താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷവും ഇതേ പ്രശ്‌നം നേരിട്ടു. അന്ന് വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടി സ്വീകരിച്ചെങ്കിലും അധികം വൈകാതെ പഴയ നിലയിലായി. സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതാണ് ഇതിനു കാരണം. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന് വലിയ പണച്ചെലവൊന്നും വരില്ല. ഇതുതന്നെയാണ് സര്‍ക്കാരിന്റെ അനാസ്ഥയ്ക്കു കാരണവും. സില്‍വര്‍ ലൈന്‍ പോലെ സഹസ്രകോടികള്‍ മുടക്കേണ്ടിവരുന്ന  വമ്പന്‍ പദ്ധതികളില്‍ മാത്രമേ സര്‍ക്കാരിന് താല്‍പ്പര്യമുള്ളൂ. ഇവയില്‍ നിന്നേ കമ്മീഷനും കോഴയുമൊക്കെ ലഭിക്കുകയുള്ളൂ. പൊതുതാല്‍പ്പര്യം മാനിക്കാതെയും കടക്കെണിയിലേക്ക് നയിക്കുന്ന വിദേശ ഫണ്ടുകള്‍ തരപ്പെടുത്തിയും വന്‍ പദ്ധതികള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഓരോ ദിവസവും ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നവരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ട് തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ലെന്ന മനോഭാവം ഉദ്യോഗസ്ഥരില്‍ പിടിമുറുക്കിയിരിക്കുന്നു. സര്‍ക്കാര്‍ ഇവര്‍ക്കൊപ്പമാണ്, ജനങ്ങള്‍ക്കൊപ്പമല്ല. രണ്ട് ദിവസത്തിനകം സെര്‍വറിന്റെ തകരാര്‍ പരിഹരിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ ഉറപ്പു നല്‍കിയിട്ടും റേഷന്‍ സാധനങ്ങളുടെ വിതരണം അഞ്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തിയത് ഒരുതരം ജനദ്രോഹം തന്നെയാണെന്ന് പറയാതെ വയ്യ.

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്, തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കൊട്ടിഘോഷിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് ചുരുക്കി. അതേസമയം കൊവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ ആരംഭിച്ച പിഎം ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ കാലാവധി നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ നീട്ടുകയായിരുന്നു. വിതരണത്തില്‍ തടസ്സം വരുമ്പോള്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാവുന്നു. പ്രബുദ്ധ കേരളത്തില്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം അവരുണ്ട്. ഇടത്തരക്കാരില്‍പ്പെടുന്നവര്‍ക്കും റേഷന്‍ സാധനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. സാധനങ്ങള്‍ നിശ്ചിതകാലയളവില്‍ ശരിയായി വിതരണം ചെയ്തില്ലെങ്കില്‍ അത് പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമൊക്കെ ഇടവരുത്തും. സാധനങ്ങളില്ലെന്നു പറഞ്ഞ് കാര്‍ഡുടമകളെ മടക്കി അയയ്ക്കുന്നതും പതിവാണ്. ഇ-പോസ് സംവിധാനം വലിയൊരളവോളം സുതാര്യത ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാറിലാവുകയും ദിവസങ്ങളോളം സാധനവിതരണം മുടങ്ങുകയോ പരിമിതപ്പെടുകയോ ചെയ്യുന്നതും ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കും. പൊള്ളയായ അവകാശവാദങ്ങളുന്നയിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനു പകരം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇടപെടാന്‍ സര്‍ക്കാരിനു കഴിയണം. അധികാരത്തുടര്‍ച്ച ജനദ്രോഹത്തിനുള്ള ലൈസന്‍സായി കരുതരുത്.

 

  comment

  LATEST NEWS


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.