×
login
ആശങ്കകള്‍ ശരിവയ്ക്കുന്ന വിശദ പദ്ധതി രേഖ

പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടും, നിയമസഭാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഡിപിആര്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നതിന്റെ ഉത്തരം മൂവായിരത്തിലേറെ പേജുകള്‍ വരുന്ന അതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നതിലേറെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്.

കോടതിയില്‍ ഉത്തരം പറയേണ്ടി വരികയും, നിയമസഭയില്‍ അവകാശലംഘന പ്രമേയം നേരിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ സില്‍വര്‍ ലൈനിന്റെ വിശദ പദ്ധതി രേഖ അഥവാ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. പ്രതിരോധരഹസ്യങ്ങളുണ്ടെന്നും മറ്റും പറഞ്ഞ് വെളിപ്പെടുത്താതിരിക്കുകയും, വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്ത കാര്യങ്ങളാണ് നിയമസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പല കോണുകളില്‍നിന്നും പ്രതിഷേധമുയര്‍ന്നിട്ടും, നിയമസഭാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഡിപിആര്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല എന്നതിന്റെ ഉത്തരം മൂവായിരത്തിലേറെ പേജുകള്‍ വരുന്ന അതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ടി വരുന്നതിലേറെയും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശവും മുപ്പത് മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണം. ഈ പരിധിക്കുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വേണം. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നതിനു പുറത്തുള്ള ഭൂമിക്കുപോലും നിയന്ത്രണങ്ങള്‍ വരുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. ഈ ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നത് പത്ത് മീറ്ററിനുള്ളില്‍ മാത്രമാണെന്ന കെ-റെയില്‍ അധികൃതരുടെ വിശദീകരണം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ഡിപിആര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ പദ്ധതി വിനാശകരമായിരിക്കും. ഈ ഘട്ടത്തില്‍ സര്‍ക്കാരിന് ഇത് ഉപേക്ഷിക്കാവുന്നതേയുള്ളൂ.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍നിന്ന് വ്യത്യസ്തമായി വന്‍ പാരിസ്ഥിതിക ആഘാതം നേരിടേണ്ടിവരുമെന്ന് ഡിപിആര്‍ വ്യക്തമായ സൂചന നല്‍കുന്നു. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ വിഭജിക്കുകയാണ് പദ്ധതി ചെയ്യുന്നതെന്ന ആശങ്ക ശരിവയ്ക്കുകയുമാണ്. ആകെയുള്ള 529 കിലോമീറ്റര്‍ പാതയുടെ 62 ശതമാനവും ഉയര്‍ന്ന തിട്ടയിലൂടെയാണ്.  293 കിലോമീറ്റര്‍ ഇരുവശവും മതിലായി കെട്ടിയുയര്‍ത്തുന്ന എംബാങ്ക്‌മെന്റാണ്. പിന്നെ മേല്‍പ്പാലങ്ങളും തുരങ്കങ്ങളും. എന്നിട്ടും കേരളത്തെ രണ്ടായി മുറിക്കില്ലെന്ന് ഡിപിആറില്‍ അവകാശപ്പെടുന്നത് ആര് വിശ്വസിക്കാനാണ്? പാതക്കിരുവശവും വന്‍മതിലല്ല, കമ്പിവേലിയാണ് വേണ്ടതെന്ന് ഡിപിആറില്‍ പറയുന്നുണ്ടെങ്കിലും മതിലാണ് ഭംഗിയെന്നും പരസ്യവരുമാനം ലഭിക്കുമെന്ന് തിരുത്തുകയും ചെയ്യുന്നു. നാല്‍പത്തിനാല് നദികള്‍ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്നതിനാല്‍ ഈ വന്‍മതില്‍ ജലനിര്‍ഗമനമാര്‍ഗങ്ങള്‍ തടഞ്ഞ് കേരളത്തെ വെള്ളത്തില്‍ മുക്കുമെന്ന് ഒരു കൊച്ചുകുട്ടിയ്ക്കുപോലും അറിയാവുന്നതാണ്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള മതില്‍ റോഡുകളും ഇടവഴികളും ഇല്ലാതാക്കി സാധാരണ വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും വലിയതോതില്‍ തടസ്സപ്പെടുത്തും. അതിനാല്‍ സമ്പന്നരായ കുറച്ചുപേരുടെ മരണപ്പാച്ചിലിനു വേണ്ടി സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കാനുള്ള പദ്ധതിയാണിത്.

ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതിയുടെ നിര്‍മാണത്തിനു വേണ്ടി പതിനായിരത്തിലേറെ കെട്ടിടങ്ങളാണ് പൊളിക്കേണ്ടി വരിക. നിരവധി ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും. പ്രതിഷേധം ശക്തിപ്പെടാതിരിക്കാന്‍ ഈ വിവരങ്ങളൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. അതിനാലാണ്  സൈനികരഹസ്യമാണ് എന്നെല്ലാം പറഞ്ഞ് ഡിപിആര്‍ പുറത്തുവിടാതിരുന്നത്. ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതികളൊന്നും ലഭിച്ചിട്ടില്ലാത്ത പദ്ധതി 2025-26 ല്‍ പൂര്‍ത്തിയാകുമെന്ന് ഡിപിആര്‍ പറയുന്നതുതന്നെ വലിയൊരു കള്ളമാണ്. പദ്ധതി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദം ഡിപിആര്‍ പൊളിക്കുന്നുണ്ട്. നിര്‍മാണഘട്ടത്തില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുണ്ടെന്ന് രേഖയില്‍ സമ്മതിക്കുന്നു. അതേസമയം പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍  ഇതുണ്ടാവില്ലത്രേ. ഇങ്ങനെ ചിന്തിക്കുന്നത്  മണ്ടത്തരമാണെന്ന് അടുത്തടുത്തുണ്ടായ രണ്ട് പ്രളയങ്ങളുടെ ദുരിതം അനുഭവിച്ച മലയാളികള്‍ക്ക് മനസ്സിലാവും. ഇത്തരമൊരു റെയില്‍പ്പാതയും വന്‍മതിലുമൊന്നും ഇല്ലാതിരുന്നിട്ടും കേരളത്തെ പ്രളയം വിഴുങ്ങുകയായിരുന്നു. അപ്പോള്‍ സംസ്ഥാനത്തെ വെട്ടിമുറിക്കുന്ന പദ്ധതി വന്നാല്‍ എല്ലാ തടസ്സങ്ങളും നീക്കി ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാകുമെന്ന് കരുതാനാവുമോ? വിവരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിയാല്‍ അത് വന്‍ വിവാദങ്ങള്‍ക്കിടയാക്കും. ഇത് ഒഴിവാക്കാനാണ് ഡിപിആര്‍ പുറത്തുവിടാതിരുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്കുവേണ്ടി രാജ്യം വിടുന്ന ഘട്ടത്തില്‍ ഡിപിആര്‍ പുറത്തുവിട്ടതും ആരുടെ അസൗകര്യം ഒഴിവാക്കാനാണെന്ന് വ്യക്തമാണല്ലോ.

  comment

  LATEST NEWS


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്


  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.