×
login
ഗവര്‍ണറുടേത് ഉചിതമായ നടപടി

സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.  രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ ചട്ടങ്ങളും യുജിസി മാനദണ്ഡങ്ങളും മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാക്കിക്കൊണ്ടുള്ള നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും, സ്വജനപക്ഷപാതത്തെ എതിര്‍ക്കുകയും ചെയ്യുന്ന എല്ലാവരും അനുകൂലിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കിയ ഗവര്‍ണര്‍ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപിക ആകുകയും പിന്നീട് ഡപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രിയാ വര്‍ഗീസിന് മാനദണ്ഡമനുസരിച്ചുള്ള ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വരുത്തിത്തീര്‍ത്തായിരുന്നു നിയമനം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പരിഗണിച്ച ആറുപേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്ന പ്രിയയെ അഭിമുഖത്തില്‍ മുന്നിലെത്തിച്ചതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍നിന്ന് വെളിപ്പെടുകയുണ്ടായി. ക്രമക്കേടു നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം കണ്ണൂര്‍ വിസി വിശദീകരണം നല്‍കിയിരുന്നു. ഇത് തള്ളി റാങ്കു പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യാതെ നിയമനവുമായി മുന്നോട്ടുപോകാന്‍ തിടുക്കം കാണിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ അത്  തടഞ്ഞത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നൊക്കെ വിസി പറയുന്നുണ്ടെങ്കിലും ചാന്‍സലറെന്ന നിലയ്ക്ക് സ്വന്തം അധികാര പരിധിയില്‍പ്പെടുന്ന കാര്യത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിസിയായ ഗോപിനാഥ് രവീന്ദ്രന് സേവനകാലാവധി നീട്ടിക്കൊടുത്തത് വലിയ വിവാദമായതാണ്. സര്‍ക്കാരിന്റെ ഈ നടപടിയെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍ വലിയ കഴിവുള്ളയാളാണെന്നായിരുന്നു പുനര്‍നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രശംസിച്ച ഈ കഴിവാണ് പ്രിയാ വര്‍ഗീസിനെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റുന്നതിലൂടെ വിസി പ്രകടിപ്പിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും, പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇടതുമുന്നണി ഭരണത്തില്‍ പാര്‍ട്ടിക്കാരാണെന്ന ഒറ്റക്കാരണത്താല്‍ നിയമം മറികടന്ന് നിയമനം ലഭിക്കുന്ന ആദ്യത്തെയാളല്ല പ്രിയാ വര്‍ഗീസ്. മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയിലും, വ്യവസായ-നിയമ മന്ത്രി പി.രാജീവിന്റെ ഭാര്യയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും, സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയിലും നിയമനങ്ങള്‍ നല്‍കിയത് നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചും മറികടന്നുമാണെന്ന്  വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ഭാര്യാ നിയമനങ്ങളെ സിപിഎമ്മും സര്‍ക്കാരും സര്‍വകലാശാല അധികൃതരും ശക്തമായി ന്യായീകരിക്കുകയും ചെയ്തു. സംസ്ഥാനം  ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളായ തങ്ങളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ഇത്തരം സ്ഥാപനങ്ങളെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതാക്കള്‍ക്ക്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പ്രിയാ വര്‍ഗീസിന്റെ അനധികൃത നിയമനം ഇതിന് ഉത്തമോദാഹരണമാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ നടമാടുന്നത് ഇടതുപക്ഷ ഫാസിസമാണ്. എസ്എഫ്‌ഐയുടെ അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് അധാര്‍മിക വൃത്തികളും മാത്രമാണ് പലപ്പോഴും ചര്‍ച്ചയാവാറുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം, ചിലപ്പോള്‍ ഇവരെക്കാള്‍ മുന്നില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട അധ്യാപകരാണ്. ക്ലാസ്സില്‍ കയറാത്തവര്‍ക്ക് ഹാജര്‍ നല്‍കുന്നതും, പരീക്ഷപോലും എഴുതാത്തവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കുന്നതുമൊക്കെ ഇക്കൂട്ടരാണ്. പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങാത്ത അധ്യാപകരുടെ കസേര കത്തിക്കാനും, ജീവിച്ചിരിക്കെ കുഴിമാടം തീര്‍ക്കാനുമൊക്കെ എസ്എഫ്‌ഐക്ക് ചൂട്ടുപിടിക്കുന്നത് ഇടതുപക്ഷക്കാരായ അധ്യാപകരാണ്.  സിന്‍ഡിക്കേറ്റുകള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ വിസിമാര്‍ പാര്‍ട്ടിയുടെ പാദസേവകരായി മാറുന്നു. പാര്‍ട്ടിക്കാര്‍ക്ക് ജോലി കൊടുക്കാനും, പാര്‍ട്ടിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുമുള്ളതാണ് സര്‍വകലാശാലകള്‍ എന്ന സ്ഥിതി വന്നിട്ട് കാലമേറെയായി. സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അധഃപതനത്തില്‍നിന്ന് സര്‍വകലാശാലകളെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

  comment

  LATEST NEWS


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


  നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


  കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.