×
login
അഴിമതി‍കളൊതുക്കാന്‍ അഗ്നിബാധകള്‍

അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു

രു അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ ജീവനെടുത്ത തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്രാ പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണിലുണ്ടായ അഗ്നിബാധ അഴിമതിയുടെ തെളിവു നശിപ്പിക്കലിന്റെ ഭാഗമായി സൃഷ്ടിച്ചതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് കൊല്ലത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണിലും തീപിടുത്തമുണ്ടായി. രണ്ടിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ഈ സ്ഥാപനങ്ങള്‍ക്ക് യാതൊരു സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. രണ്ടിടത്തും തീടിപിടുത്തമുണ്ടായതിന് ഏതാണ്ട് ഒരേപോലുള്ള കാരണങ്ങളാണ് പറയുന്നതും. കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മാസ്‌കുകളും മറ്റും വാങ്ങിയതില്‍ ആയിരംകോടിയിലേറെ രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന കേസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഇതു സംബന്ധിച്ച പരാതിയില്‍ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒന്നിനു പുറകെ ഒന്നായി രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചത്. ലോകായുക്ത അന്വേഷണത്തിനെത്തുമെന്ന വിവരം നേരത്തെ ലഭിച്ചതിനാലാവാം രണ്ട് ഗോഡൗണുകള്‍ക്കും തീപിടിച്ചതെന്നു വേണം കരുതാന്‍. അഴിമതിക്ക് തെളിവായി പരിശോധനയില്‍ കണ്ടെത്താനിടയുള്ള വസ്തുക്കളാണ് കത്തിച്ചാമ്പലായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചു എന്ന കാരണം രണ്ടിടത്തും പറയുന്നത് ഇതുസംബന്ധിച്ച ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു.

അധികാരത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുക വമ്പന്‍ അഴിമതികളുടെ പേരിലായിരിക്കും. കൊവിഡ് കാലത്ത് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്പ്രിങ്കഌ കേസ്, അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, നയതന്ത്ര ചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണ കള്ളക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പണം കൈമാറ്റം, സഹകരണ ബാങ്കുകളിലെ പണം തിരിമറികള്‍, കൊവിഡ് കാലത്ത് വൈദ്യസാമഗ്രികള്‍ വാങ്ങിയതിലെ തട്ടിപ്പ്, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ നിയമവിരുദ്ധ കരാര്‍, ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിലെ ക്രമക്കേടുകള്‍ എന്നിങ്ങനെ അഴിമതിയുടെ ഒരു നീണ്ടനിര തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് നടന്നിട്ടുള്ളത്. സര്‍ക്കാരിന്റെ സ്വഭാവവും പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും വച്ചുനോക്കുമ്പോള്‍ പുറത്തുവന്നിട്ടുള്ള അഴിമതികളെക്കാളധികം പുറത്തുവരാനുണ്ടാവും. ഇതൊക്കെ മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയൊന്നും പിണറായി വിജയനില്ല. അഴിമതിരഹിതനെന്ന പ്രതിച്ഛായ തനിക്ക് ആവശ്യമില്ലെന്ന മനോഭാവമാണ് പിണറായിയെ നയിക്കുന്നത്. അഴിമതികളെക്കുറിച്ചുള്ള എന്തു വിവരങ്ങള്‍ പുറത്തുവന്നാലും അതൊക്കെ നേരിടാനുള്ള തൊലിക്കട്ടി തനിക്കുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

സഹസ്രകോടികളുടെ അഴിമതി നടത്താന്‍ മാത്രമല്ല, അതിന്റെ തെളിവുകള്‍ നശിപ്പിക്കാനും അസാമാന്യ പാടവമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികളും പ്രദര്‍ശിപ്പിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെപ്പോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇതിന് ലഭിക്കുന്നു. സ്വര്‍ണ കടത്തുമായും, ഷാര്‍ജ സുല്‍ത്താനെ ക്ലിഫ് ഹൗസില്‍ സല്‍ക്കരിച്ചതുമായും ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ന്നപ്പോഴായിരുന്നുവല്ലോ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ അഗ്നിബാധയില്‍ കത്തിയമര്‍ന്നതും, സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചുപോയതും! ബ്രഹ്മപുരം മാലിന്യ സംസ്‌കരണശാലയിലെ അഗ്നിബാധയും അഴിമതി മറയ്ക്കാനാണെന്ന വിമര്‍ശനമുയര്‍ന്നു. കരാര്‍പ്രകാരം മാലിന്യം സംസ്‌കരിച്ചിട്ടുണ്ടോ എന്ന പരിശോധന വരും മുന്‍പാണ് അത് അസാധ്യമാക്കുംവിധം ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടായത്. ഇതേ മാതൃകയിലാണ് കൊല്ലത്തും തിരുവനന്തപുരത്തും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചതും. രണ്ടിടത്തും രാത്രിയും പുലര്‍ച്ചയുമൊക്കെയായി തീ പടര്‍ന്നത് യാദൃച്ഛികമാവാനിടയില്ല. ചില ഉദ്യോഗസ്ഥരുടെ അദൃശ്യ സാന്നിദ്ധ്യം ഇവിടങ്ങളില്‍ ഉണ്ടായിരുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ തീപിടുത്തം ആസൂത്രിതമാണെന്ന വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ്. അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്. ഇതൊക്കെ ചെയ്യുന്നതിലും ചെയ്യിക്കുന്നതിലും കയ്യറപ്പുതീര്‍ന്നയാളാണ്  താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംശയം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.