×
login
ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗുരുതരം, കേസെടുക്കണം

ഗവര്‍ണറുടെ ഓഫീസിനെയും ആര്‍എസ്എസിനെയും അടിസ്ഥാനരഹിതമായി ബന്ധപ്പെടുത്തി അനാവശ്യ വിവാദം സൃഷ്ടിക്കുന്നതിലൂടെ രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട. ഗവര്‍ണറെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാമെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം ഇനി വിലപ്പോവില്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയിരിക്കുന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തല്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് സമ്മേളനത്തിനിടെ തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും, ഇതിനു പിന്നിലെ ഗൂഢാലോചനയില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് പങ്കുണ്ടെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. ഇതു ചെയ്ത വൈസ് ചാന്‍സലര്‍ ഒരു ക്രിമിനല്‍ ആണെന്നും, ഉന്നതമായ ഒരു അക്കാദമിക് പദവിയുടെ അന്തസ്സിനു നിരക്കാത്തവിധം പാര്‍ട്ടി അംഗത്തെപ്പോലെയാണ് പെരുമാറുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നു. ഗവര്‍ണറുടെ എതിര്‍പ്പ് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടി ചാന്‍സലറായ ഗവര്‍ണര്‍ തന്റെ അധികാരമുപയോഗിച്ച് മരവിപ്പിച്ചിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വിസി സ്ഥാനത്തുനിന്ന് നീക്കാന്‍ നടപടിയെടുക്കുമെന്നു പറഞ്ഞ ഗവര്‍ണര്‍, ഇടതുമുന്നണി ഭരണത്തില്‍ സര്‍വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഒരുങ്ങുകയാണ്. നിയമം മറികടന്നും ചട്ടങ്ങള്‍ വളച്ചൊടിച്ചും സിപിഎം നേതാക്കളുടെ ബന്ധുക്കളെ സര്‍വകലാശാലകളില്‍ വ്യാപകമായി നിയമിച്ചുവെന്ന പരാതികള്‍ നിലനില്‍ക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സ് സമ്മേളനത്തിനിടെ ഉദ്ഘാടകനായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പൗരത്വനിയമഭേദഗതിയോടുള്ള എതിര്‍പ്പിന്റെ മറവിലായിരുന്നു ഇത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധം ആസൂത്രിതമായിരുന്നു എന്നു വ്യക്തമാണ്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, ഗവര്‍ണര്‍ക്കെതിരെ രോഷാകുലനായി പാഞ്ഞടുത്തു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗവര്‍ണറുടെ എഡിസിയുടെ വസ്ത്രം കീറി. വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രന്റെ ക്ഷണമനുസരിച്ചാണ് ഗവര്‍ണര്‍ സമ്മേളനത്തിനെത്തിയത്. എന്നാല്‍ പ്രതിഷേധം ഒഴിവാക്കാനോ ഗവര്‍ണര്‍ക്കെതിരായ ആക്രമണം തടയാനോ വൈസ് ചാന്‍സലറുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവുമുണ്ടായില്ല. ഇത്ര ഗുരുതരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടും പോലീസില്‍ പരാതി നല്‍കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, ഇതിനെക്കുറിച്ച് രാജ്ഭവന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ബോധപൂര്‍വമായ ഇത്തരം വീഴ്ചകളും രാഷ്ട്രീയ പക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ഗോപിനാഥ് രവീന്ദ്രനെ  'ക്രിമിനല്‍' എന്നു ഗവര്‍ണര്‍ വിളിച്ചത്. ഇങ്ങനെ വിളിച്ചത് എന്തുകൊണ്ടാണ് സിപിഎമ്മിനു മാത്രം മനസ്സിലാകാത്തത് സ്വാഭാവികം. പാര്‍ട്ടിയുടെ ഒത്താശയോടുകൂടി ചെയ്ത കാര്യങ്ങളായിരുന്നല്ലോ എല്ലാം.  ഇതു മറച്ചുപിടിക്കാന്‍ അവര്‍ ഗവര്‍ണര്‍ക്കെതിരെ കപടമായ ആത്മരോഷം പ്രകടിപ്പിക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ നടന്നത് ഒരു പ്രതിഷേധം മാത്രമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങളും ഇതിനപ്പുറം പോയില്ല. എന്നാല്‍ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍നിന്ന് വ്യക്തമാവുന്നത്. ഉദ്ഘാടകന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാവണം പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ഇടതുപക്ഷ സഹയാത്രികനായ ഇര്‍ഫാന്‍ ഹബീബ് ഇസ്ലാമിക മതമൗലികവാദികളുടെ 'ഹിറ്റ് മാന്‍' കൂടിയാണ്. രാമജന്മഭൂമി പ്രശ്‌നത്തിലടക്കം ഇസ്ലാമിക മതമൗലികവാദികളുടെ നിലപാടുകള്‍ക്കൊപ്പമായിരുന്നു ഹബീബ്. മതവിഭാഗീയത സൃഷ്ടിക്കുന്ന ഈ നിലപാടുകള്‍ രൂപപ്പെടുത്തിയതിലും ഈ ചരിത്രകാരന് പങ്കുണ്ട്. ഹബീബിന്റെ സഹയാത്രികരായ ചരിത്രകാരന്മാര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇസ്ലാമിക മതമൗലികവാദികളുടെ കടുത്ത ശത്രുവായ  ആരിഫ് മുഹമ്മദ് ഖാനെ ദല്‍ഹിയിലെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ വരെ ശ്രമം നടന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രമണത്തിനു വിധേയനായത്. ഇതിന്റെ ഗൂഢാലോചന നടന്നത് ദല്‍ഹിയിലാണെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. അതു ചെയ്യാതെ ഗവര്‍ണറുടെ ഓഫീസിനെയും ആര്‍എസ്എസിനെയും അടിസ്ഥാനരഹിതമായി ബന്ധപ്പെടുത്തി അനാവശ്യ വിവാദം സൃഷ്ടിക്കുന്നതിലൂടെ രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട. ഗവര്‍ണറെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാമെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം ഇനി വിലപ്പോവില്ല.

  comment

  LATEST NEWS


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ


  ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും


  പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം


  ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.