×
login
ഇന്ത്യന്‍ ബാഡ്മിന്റണ് ഉണര്‍വിന്റെ കിരീടം

കളിക്കളത്തിലെ ആധികാരികമായ പോരാട്ടങ്ങളും വിജയവും ലോക ബാഡ്മിന്റണിലെ വന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യ ഉയരുന്നതിന്റെ സൂചനകളാണു നല്‍കിയത്. ഫൈനലില്‍, 14 തവണത്തെ ജേതാക്കളും കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ ഏകപക്ഷീയമായ മത്സരത്തില്‍ തകര്‍ത്തായിരുന്നു പടയോട്ടം.

രാജ്യത്തെ കായികരംഗത്തിന് മറ്റൊരു സമ്മാനം കൂടി. തോമസ് കപ്പ് അന്താരാഷ്ട്ര കിരീടം നേടിയ പുരുഷ ബാഡ്മിന്റണ്‍ ടീമിന്റെ വകയാണ് ഇന്ത്യയുടെ ഈ പുതിയ നേട്ടം. കായിക രംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ തുടര്‍ച്ചയാണിത്. ഉണര്‍വിന്റെ പാതയിലേക്ക് നാം നീങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ഓരോ വിജയവും അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്. കായിക രംഗത്തോട് രാജ്യത്തിന്റെ ഭരണതലത്തില്‍ വന്ന ക്രിയാത്മകമായ സമീപനം കളിക്കളങ്ങളിലും കളിക്കാരിലും പ്രതിഫലിച്ചു തുടങ്ങി എന്നു വേണം കരുതാന്‍. ഈ ആവേശത്തെ ശരിയായ ദിശയില്‍ നയിച്ചുകൊണ്ടു പോകാന്‍ കായികസംഘാടകരും സംഘടനകളും മുന്നോട്ടു വരേണ്ട സമയമെത്തി. ലോക ബാഡ്മിന്റണില്‍ ഏറെ വിലപിടിച്ചതാണ് പുരുഷന്മാര്‍ക്കുള്ള തോമസ് കപ്പും വനിതകള്‍ക്കായുള്ള യൂബര്‍ കപ്പും. ലോക ചാമ്പ്യന്‍ഷിപ്പ് വേറെയുണ്ടെങ്കിലും അതിനേക്കാള്‍ ശ്രദ്ധേയമാണ് ഈ ചാമ്പ്യന്‍ഷിപ്പുകള്‍. ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിനു ഗ്ലാമര്‍ കൂടുമെങ്കിലും അത് ഓപ്പണ്‍ ടൂര്‍ണമെന്റാണ്. സിംഗിള്‍സ് മല്‍സരങ്ങളാണ് അവിടെ നടക്കുന്നതും. രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ടീമായി കളത്തിലിറങ്ങി ജയിച്ചു കയറുന്നതിന്റെ ആവേശവും സംതൃപ്തിയും അതിനു കിട്ടില്ല. 73 വര്‍ഷം പഴക്കമുള്ള തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ഈ ടീം കഴുത്തിലണിയുന്നത്. ടീമിലെ മലയാളി സാന്നിധ്യം കേരളത്തിനും ഏറെ അഭിമാനത്തിന് വക നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയും സിംഗിള്‍സ് താരവുമായ എച്ച്.എസ്. പ്രണോയ്, ഡബിള്‍സ് താരമായ എറണാകുളം സ്വദേശി എം.ആര്‍. അര്‍ജുന്‍, പരിശീലകനായ യു. വിമല്‍കുമാര്‍ എന്നിവരാണ് സംഘത്തിലെ മലയാളികള്‍.

കളിക്കളത്തിലെ ആധികാരികമായ പോരാട്ടങ്ങളും വിജയവും ലോക ബാഡ്മിന്റണിലെ വന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യ ഉയരുന്നതിന്റെ സൂചനകളാണു നല്‍കിയത്. ഫൈനലില്‍, 14 തവണത്തെ ജേതാക്കളും കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരുമായ ഇന്തോനേഷ്യയെ ഏകപക്ഷീയമായ മത്സരത്തില്‍ തകര്‍ത്തായിരുന്നു പടയോട്ടം. ആദ്യ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം സിംഗിള്‍സില്‍ ലക്ഷ്യ സെന്നും ജയിച്ചതോടെ ബാക്കി മത്സരങ്ങള്‍ കളിക്കാതെ തന്നെ ഇന്ത്യ കിരീടം ചൂടി. അതിനാല്‍ത്തന്നെ ഫൈനലില്‍ പ്രണോയിക്കു കളിക്കാനിറങ്ങേണ്ടി വന്നില്ല. എങ്കിലൂം ക്വാര്‍ട്ടറിലും സെമിയിലും നിര്‍ണായകമായ അവസാന സിംഗിള്‍സില്‍ ജയിച്ച് പ്രണോയ്യാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് എത്തിച്ചത്. ലോക ബാഡ്മിന്റണിലെ കരുത്തരായ ഇന്തോനേഷ്യയെ അട്ടിമറിച്ച ഈ വിജയം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്ന പ്രതീക്ഷയും ആത്മധൈര്യവും ഏറെ വലുതാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ച ഏഷ്യന്‍ ഗെയിംസ് എന്നിവയിലെല്ലാം ഇന്ത്യക്ക് ഇനി സ്വര്‍ണമെഡല്‍ തന്നെ സ്വപ്‌നം കാണാം. ഇന്തോനേഷ്യയ്‌ക്കൊപ്പം ചൈനയും ഡെന്‍മാര്‍ക്കും അടക്കി വാണുപോന്ന രംഗത്തേക്കാണ് ശക്തമായ കാല്‍വയ്‌പ്പോടെ ഇന്ത്യ കടന്നു ചെന്നിരിക്കുന്നത്.


ഇന്ത്യന്‍ ബാഡ്മിന്റണില്‍ സൂപ്പര്‍താരമായിരുന്ന പ്രകാശ് പദുകോണിന്റെയും പുല്ലേല ഗോപിചന്ദിന്റെയുമൊക്കെ കാലത്ത് സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് കിഡംബി ശ്രീകാന്തും കൂട്ടരും എത്തിപ്പിടിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്. അതു പൊന്നായി. പദുകോണും ഗോപിചന്ദും ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും തോമസ് കപ്പ് അകന്നുനിന്നു. പദുകോണ്‍, ഗോപിചന്ദ് കാലഘട്ടത്തിനുശേഷം വനിതകളാണ് ബാഡ്മിന്റണനില്‍ ഇന്ത്യയ്ക്കു അന്താരാഷ്ട്ര മേല്‍വിലാസമുണ്ടാക്കിയത്. സൈന നെഹ്വാള്‍, പി.വി. സിന്ധു എന്നിവരില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഇന്ത്യയുടെ ബാഡ്മിന്റണ്‍ ലോകം. സൈന 2012ലെ ഒളിംപിക്സിലും 2010, 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും 2014, 2018 ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി. സിന്ധുവാകട്ടെ 2019ലെ ലോക ചാമ്പ്യനായും 2016, 2020 ഒളിംപിക്സുകളില്‍ മെഡല്‍ നേടിയും ചരിത്രം സൃഷ്ടിച്ചു. എന്നാല്‍ അവര്‍ക്കൊന്നും വനിതകളുടെ സൂപ്പര്‍ കളിക്കളമായ യൂബര്‍ കപ്പില്‍ പൊന്നണിയാനായില്ല. രണ്ട് തവണ ഇന്ത്യന്‍ വനിതകള്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ചരിത്രവും വിസ്മരിക്കുന്നില്ല. 2014, 2016 വര്‍ഷങ്ങളിലായിരുന്നു സൈനയും സിന്ധുവും ഉള്‍പ്പെട്ട ടീം യൂബര്‍ കപ്പില്‍ വെങ്കലം നേടിയത്.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവയില്‍ ചരിത്രം തിരുത്തിയ പ്രകടനത്തിന്റെ തുടര്‍ച്ച കൂടിയാണിതെന്ന് പറയാതെ വയ്യ. അന്ന് ടോക്കിയോയില്‍ പൊന്നിലേക്ക് ജാവലിന്‍ എറിഞ്ഞു ചരിത്രം കുറിച്ച നീരജ് ചോപ്ര, ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ സായികോം മീരാഭായ് ചാനു, ഗുസ്തിയിലെ വെള്ളി ജേതാവ് രവികുമാര്‍ ദഹിയ, ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മെഡല്‍ നേടിയ പി.വി. സിന്ധു,  ബോക്സിങ്ങില്‍ വെങ്കലം നേിയ ലൗവ്ലിന ബോറോഗെയ്ന്‍, ഗുസ്തിയിലെ വെങ്കല ജേതാവ് ബജ്‌രംഗ് പൂനിയ, കൂടാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീം എന്നിവര്‍ നടത്തിയ പ്രകടനം രാജ്യത്തിന്റെ കായികരംഗത്തെ കുതിപ്പിന് നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. നാല് പതിറ്റാണ്ടിനുശേഷമായിരുന്നു ടോക്കിയോയില്‍ ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടിയത്. അതിന്റെ അമരക്കാരനായി, ഗോള്‍വലയ്ക്ക് മുന്നില്‍ നിന്നത് പി.ആര്‍ ശ്രീജേഷ് എന്ന ഒരു മലയാളിയും.

മറ്റൊരു സന്തോഷകരമായ ദിവസം കൂടി കേരള കായികരംഗത്ത് കഴിഞ്ഞ ദിവസമുണ്ടായി. ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി കിരീടം ചൂടി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഐ ലീഗില്‍ ഗോകുലത്തിന്റെ കുതിപ്പ് സ്വപ്‌നസമാനമായി. തുടര്‍ച്ചയായ രണ്ടാം തവണയായിരുന്നു ഗോകുലത്തിന്റെ കിരീട ധാരണം. സന്തോഷ് ട്രോഫി കിരീടനേട്ടത്തിനൊപ്പം കേരളത്തിലെ കായിക പ്രേമികളെ ആനന്ദത്തിലാറാടിച്ചതായിരുന്നു ഈ നേട്ടങ്ങള്‍. ദേശീയ ലീഗ്, ഐ ലീഗ് ആയി രൂപം മാറിയതിനുശേഷം ഇതാദ്യമായാണ് ഒരു ടീം തുടരെ രണ്ടു സീസണുകളില്‍ ജേതാക്കളാവുന്നത്. ആ ഭാഗ്യമാണ് ഗോകുലം സ്വന്തമാക്കിയത്. ഈ ആവേശം നിലനിര്‍ത്തി ഇന്ത്യന്‍ കായികരംഗത്തിന് കരുത്ത് പകര്‍ന്ന് കേരള കായികരംഗവും ഉണര്‍വിന്റെ പാതയില്‍ മുന്നേറി പുതിയ ഉയരങ്ങള്‍ സ്വന്തമാക്കട്ടെ എന്ന് ആശിക്കാം

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.