×
login
പ്രതിരോധ വാക്‌സിന്‍ നൂറ് കോടിയിലേക്കെത്തുമ്പോള്‍

പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്ക് മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണ ശൃംഖല സുതാര്യമാക്കുന്നതിന് സഹായകമായി. വാക്സിന്‍ സൗജന്യമായി നല്‍കി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കി.

കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യം ഒരു നാഴികക്കല്ലുകൂടി പിന്നിടാനൊരുങ്ങുന്നു. കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി  നല്‍കിയ വാക്സിന്റെ എണ്ണം 100 കോടിയ്ക്ക് അടുത്തെത്തി. പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ  കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടിയാണിത്. ഏവര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പു  നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്ക് മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണ ശൃംഖല സുതാര്യമാക്കുന്നതിന് സഹായകമായി. വാക്സിന്‍ സൗജന്യമായി നല്‍കി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കി. രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും(98.15%)പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.34%) തുടര്‍ച്ചയായി രണ്ട്  ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം എന്നതുമൊക്കെ കുത്തിവയ്പ് വിജയം കണ്ടതിന്റെ സൂചികകളാണ്.  

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാനുള്ള രാഷ്ട്രീയ നീക്കം തുടക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായി. രാജ്യത്ത് വാക്സിന്‍ ക്ഷാമം എന്ന് പ്രചരിപ്പിക്കുകയും വിദേശ രാജ്യങ്ങള്‍ക്കു മരുന്ന് നല്‍കിയതിനെ വിമര്‍ശിക്കുകയും ചെയ്തത് അതിന്റെ ഭാഗമായിരുന്നു. ഇന്ത്യയില്‍ വാക്സിന്‍ കിട്ടാതെ ജനം വലയുമ്പോള്‍ എന്തിന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു എന്ന ചോദ്യമാണ്, സോഷ്യലിസത്തിന്റേയും സര്‍വ്വരാജ്യ തൊഴിലാളികളുടേയും പേരില്‍ ഊറ്റം കൊള്ളുന്നവര്‍ പ്രചരിപ്പിച്ചത്. പാവപ്പെട്ടവര്‍ സൗജന്യമായും പാങ്ങുള്ളവര്‍ പണം കൊടുത്തും വാക്സിന്‍ സ്വീകരിക്കട്ടെ എന്നു കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍  ആളുണ്ടായിരുന്നു. എല്ലാവര്‍ക്കും സൗജന്യം വേണം എന്നതായിരുന്നു ആവശ്യം. കേരളത്തിലാണെങ്കില്‍ കൃത്രിമ വാക്സിന്‍ ക്ഷാമം സൃഷ്ടിച്ച് കേന്ദ്രവിരുദ്ധ മനസ്സ് ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ശ്രമവും നടന്നു.  നല്‍കിയ മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യാതെ വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുമ്പോള്‍, ഏതെങ്കിലും കേന്ദ്രത്തില്‍ മരുന്ന് ക്ഷാമം ഉണ്ടായാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരുകളാണെന്നത് മറച്ചുവെച്ച് മാധ്യമങ്ങളും കേന്ദ്രവിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചൂട്ടൂപിടിച്ചു. ഭാരത സര്‍ക്കാരിന്റെ മികവുകണ്ട് അസൂയ തോന്നിയ ചില വിദേശരാജ്യങ്ങളും ഇടങ്കോലുമായി വന്നു.

ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കില്ലെന്നും രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നുമുള്ള ബ്രിട്ടന്റെ തീരുമാനമായിരുന്നു അതില്‍ പ്രധാനം. ബ്രിട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്‍പത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യ നിര്‍മിച്ചു നല്‍കിയിരുന്നു. അത് ഉപയോഗിച്ചശേഷം പുതിയ വിലക്കുമായി ആ രാജ്യം വന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സ്ഥാപിക്കാന്‍ ഭാരതത്തിനായി.  മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അലങ്കോലപ്പെടുത്തുകയും രാജ്യാന്തര തലത്തില്‍ അനാവശ്യ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ബ്രിട്ടന്റെ നടപടിയെ ശക്തമായി ഇന്ത്യ ചെറുത്തതോടെ അവര്‍ പിന്തിരിയുന്നതും ലോകം കണ്ടു. എല്ലാത്തരം വൈതരണികളേയും തരണം ചെയ്താണ് രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനം മുന്നോട്ടുപോയത്.

പകര്‍ച്ചവ്യാധി ഗവേഷണ നിരീക്ഷണങ്ങളുടെ ശാക്തീകരണം, വാക്സിന്‍ വികസനം, സൂക്ഷ്മജീവികളിലൂടെ പകരുന്ന രോഗങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍, ആരോഗ്യ നയങ്ങള്‍ തുടങ്ങി നിലവിലെ  ആശങ്കകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. മരുന്ന്  സംയുക്തങ്ങള്‍, ചികിത്സാരീതികള്‍, വാക്സിന്‍ വികസനം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കഴിഞ്ഞു.

നൂറോളം രാജ്യങ്ങള്‍ക്കായി ഇന്ത്യ 6.6 കോടി വാക്സിന്‍ ഡോസുകള്‍ സംഭാവന ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് രാജ്യത്തിന് വലിയ കീര്‍ത്തി ഉണ്ടാക്കി.  കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രിലിലാണ് വാക്സിന്‍ കയറ്റുമതി നിര്‍ത്തിയത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്സിന്‍ കയറ്റുമതി നിര്‍ത്തിയത് ആഗോള തലത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ലക്ഷ്യത്തിലെത്താന്‍ തടസ്സമാവുമെന്നായിരുന്നു ആ രാജ്യങ്ങളുടെ വിലയിരുത്തല്‍.  അടുത്ത മാസം രാജ്യത്ത് 30 കോടി കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്നും ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്നവ കയറ്റുമതി ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്.  രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍  മുന്‍ഗണന നല്‍കുക എന്നും മന്ത്രി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളാണ് ഇന്ത്യ. ലോകത്തിന്റെ മരുന്നു ഫാക്ടറിയായി രാജ്യത്തിനു മാറാന്‍ കഴിയുമെന്ന പാഠവും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.