×
login
ഭാരതത്തിന് വലുത് ദേശീയ താല്‍പ്പര്യം; നെഹ്‌റൂവിയന്‍ മണ്ടത്തരങ്ങള്‍ നരേന്ദ്ര മോദിയില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല

ഉക്രൈനില്‍ കുടുങ്ങിയിരിക്കുന്ന ഭാരത പൗരന്മാരെ തിരിച്ചെത്തിക്കുന്നതിലാണ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. യുദ്ധം കനത്തതോടെ രക്ഷാദൗത്യം ഏറെ ശ്രമകരമായി മാറിയിട്ടുണ്ടെങ്കിലും ഭാരത പൗരന്മാരെ ഉക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് കൊണ്ടുവന്ന് രാജ്യത്ത് തിരിച്ചെത്തിക്കാനാണ് ശ്രമം. ഇതിന് തുടക്കം കുറിച്ചു കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ആയുധ-സൈനിക ശക്തികളിലൊന്നായ റഷ്യ അയല്‍രാജ്യമായ ഉക്രൈനെതിരെ പട നയിച്ചപ്പോള്‍ ആ രാജ്യം ആദ്യമായി സഹായാഭ്യര്‍ത്ഥന നടത്തിയത് ഭാരതത്തോടാണ്. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണെന്നും, യുദ്ധം അവസാനിപ്പിക്കാന്‍ മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കുമെന്നുമായിരുന്നു ഭാരതത്തിലെ ഉക്രൈന്‍ അംബാസഡര്‍ പറഞ്ഞത്. കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി.  യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ചു. റഷ്യയും നാറ്റോ രാജ്യങ്ങളും തമ്മിലെ അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഭാരതത്തിന്റെ ദീര്‍ഘകാല നിലപാട് മോദി ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ റഷ്യയുടെ നടപടിയെ ഭാരതം ശക്തമായി അപലപിക്കാത്തത് ചില കോണുകളെ തൃപ്തിപ്പെടുത്തിയില്ല. ഉക്രൈനില്‍ കുടുങ്ങിയിരിക്കുന്ന ഭാരത പൗരന്മാരെ തിരിച്ചെത്തിക്കുന്നതിലാണ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. യുദ്ധം കനത്തതോടെ രക്ഷാദൗത്യം ഏറെ ശ്രമകരമായി മാറിയിട്ടുണ്ടെങ്കിലും ഭാരത പൗരന്മാരെ ഉക്രൈന്റെ അയല്‍രാജ്യങ്ങളിലേക്ക് കൊണ്ടുവന്ന് രാജ്യത്ത് തിരിച്ചെത്തിക്കാനാണ് ശ്രമം. ഇതിന് തുടക്കം കുറിച്ചു കഴിഞ്ഞു. 

ഉക്രൈനെതിരെ റഷ്യ നടത്തുന്ന ഏറെക്കുറെ ഏകപക്ഷീയമെന്നു പറയാവുന്ന യുദ്ധം രൂക്ഷമായതോടെ പ്രതീക്ഷിച്ചതില്‍നിന്നു വ്യത്യസ്തമായ പ്രതികരണമാണ് അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. യുദ്ധത്തില്‍ നാറ്റോ സഖ്യം സൈനികമായി ഇടപെടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയത് പല രാജ്യങ്ങളും പ്രതീക്ഷിച്ചതല്ല. ഉക്രൈന്‍ യൂറോപ്യന്‍ യൂണിയനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തില്‍  നാറ്റോ സൈന്യം ശക്തമായി ഇടപെടുമെന്ന ധാരണ തെറ്റിപ്പോയിരിക്കുന്നു. യൂറോപ്യന്‍ യൂണിയനും നാറ്റോയും എന്തിന് അമേരിക്ക പോലും ആഗ്രഹിക്കുന്നത് ഭാരതം പ്രശ്‌നത്തിലിടപെടണമെന്നും, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നുമാണ്. ഐക്യരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഭാരതം ശക്തമായ ഭാഷയില്‍ സംസാരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ ഉപദേശകനും ആവശ്യപ്പെട്ടിരുന്നു. സമീപകാലത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിലും ആ രാജ്യം ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുകയുണ്ടായി. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ നിലനിന്ന ശീതയുദ്ധകാലത്തേതില്‍ നിന്ന് വ്യത്യസ്തമായ ശാക്തിക ചേരികള്‍ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാരതത്തിന്റെ പ്രാധാന്യം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നതിന് തെളിവാണിത്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് അംഗീകരിക്കാത്തതാണ് ഭാരതത്തിന്റെ എക്കാലത്തേയും നിലപാടെന്ന് വാചകമടിക്കുന്നവര്‍ ചൈന നമ്മുടെ രാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കുമ്പോള്‍ മൗനം പാലിക്കുന്നവരാണ്.  

യുദ്ധം തുടങ്ങിയതിനു ശേഷം പുടിനുമായി നേരിട്ടു സംസാരിച്ച ആദ്യ നേതാവ് നരേന്ദ്ര മോദിയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇപ്പോഴത്തേതുപോലെ ഒരു നിഷ്പക്ഷ നിലപാട് മാത്രമേ ഭാരതത്തിന് സ്വീകരിക്കാനാവൂ. ഈ നിഷ്പക്ഷത റഷ്യന്‍ അനുകൂല നിലപാടായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെങ്കിലും ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ അതാണ് ആവശ്യം. റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധമാണ് ഭാരതത്തിനുള്ളത്. ധാര്‍മികതയുടെ പേരില്‍ ഇത് നഷ്ടപ്പെടുത്താനാവില്ല. ഭാരതവുമായുള്ള സൗഹൃദം തങ്ങള്‍ക്ക് വിലപ്പെട്ടതാണെന്ന് ഉക്രൈയ്‌നെതിരെ പട നയിച്ച ദിവസം പോലും റഷ്യ വ്യക്തമാക്കുകയുണ്ടായി. റഷ്യയുടെ പരാജയത്തില്‍നിന്ന് ഭാരതത്തിന് ഒന്നുംതന്നെ നേടാനില്ലെന്നതാണ് വാസ്തവം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചൈനയും നാറ്റോയുമായിരിക്കും നേട്ടമുണ്ടാക്കുക. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടുത്ത കാലത്തൊന്നും നാം കണ്ടിട്ടില്ല. പാകിസ്ഥാനും ചൈനയും തമ്മിലുള്ള പൈശാചിക സഖ്യത്തിനെതിരെ ഒരു ഘട്ടത്തിലും ഭാരതത്തെ സഹായിക്കാന്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും തയ്യാറായിട്ടില്ല. ലോകത്തിനു തന്നെ ഭീഷണിയായ ഇസ്ലാമിക ഭീകരവാദത്തെ പോറ്റിവളര്‍ത്തുന്ന പാകിസ്ഥാന്‍ കശ്മീരില്‍ ഏകപക്ഷീയമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അത് കാണാന്‍ കൂട്ടാക്കാതെ ജനാധിപത്യ സംരക്ഷണത്തെക്കുറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കുകയും, ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് നാറ്റോ രാജ്യങ്ങള്‍ ചെയ്തിട്ടുള്ളത്. അഫ്ഗാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക എത്രമാത്രം ഭാരതത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുവെന്ന് പകല്‍പോലെ വ്യക്തമാണല്ലോ. യുദ്ധത്തെ അനുകൂലിക്കാനാവില്ലെങ്കിലും റഷ്യ-ഉക്രൈയ്ന്‍ സംഘര്‍ഷത്തിന് പല മാനങ്ങളുമുണ്ട്. നാറ്റോ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉക്രൈനെ കരുവാക്കുകയാണെന്ന സത്യം കാണാതെ പോകരുത്. നിഷ്പക്ഷതയെക്കുറിച്ചും നിരായുധീകരണത്തെക്കുറിച്ചുമുള്ള നെഹ്‌റൂവിയന്‍ മണ്ടത്തരങ്ങള്‍ നരേന്ദ്ര മോദിയില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.