×
login
ആളെക്കൊല്ലുന്നത് അഴിമതിക്കുഴികള്‍

റോഡുകളുടെ ശോചനീയാവസ്ഥയുടെ കാരണം അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഇതിനു പിന്നില്‍ അഴിമതിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് നിര്‍ത്തലാക്കുന്നതിനു പകരം രാഷ്ട്രീയമായ വിമര്‍ശനമുന്നയിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് മന്ത്രി റിയാസ്. ദേശീയപാതയിലെ കുഴികളടയ്‌ക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും, അത് തങ്ങളുടെ ചുമതലയല്ലെന്നും മന്ത്രി പറയുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമാണ്.

കാലാവസ്ഥ താളംതെറ്റിയതോടെ കേരളത്തിലെ മഴക്കാലം എന്നായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ കൃത്യമായും പ്രവചിക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. നല്ല ഒരു മഴ പെയ്താല്‍ സംസ്ഥാനത്തെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാവും. ഓരോവര്‍ഷം ചെല്ലുന്തോറും മഴക്കാലത്തെ റോഡുകളുടെ ശോചനീയാവസ്ഥ വര്‍ധിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മഴക്കാലത്തിനു മുന്‍പും റോഡുകളുടെ അവസ്ഥ വളരെയൊന്നും മെച്ചമല്ല എന്നതാണ് സത്യം. മഴ പെയ്ത് റോഡിലെ കുഴികളില്‍ വെള്ളംനിറഞ്ഞ് വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നതോടെ അവയൊക്കെ വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുകയും ചര്‍ച്ചയാവുകയും, പലതരം പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യാറുണ്ടെന്നു മാത്രം. അടുത്തിടെ ആലുവയ്ക്കടുത്ത് അത്താണിയില്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ ഒരാളുടെ ദാരുണമരണവും, മറ്റനവധി വാഹനാപകടങ്ങളും സംസ്ഥാനത്തെ റോഡുനിര്‍മാണത്തിലെ അപാകതയിലേക്കും അശാസ്ത്രീയതയിലേക്കും വ്യാപകമായ അഴിമതിയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കോടതികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും ഇതിനോടൊക്കെയുള്ള അധികൃതരുടെ പ്രതികരണം ജനവിരുദ്ധത എന്നുതന്നെ പറയാവുന്ന വിധം അലസമാണ്. റോഡുകളുടെ ശോചനീയാവസ്ഥ മഴക്കാലത്ത് പതിവാണെന്നും, മഴ മാറുന്നതോടെ അത് നേരെയായിക്കൊള്ളുമെന്ന ധാരണയാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. ഈ മനോഭാവത്തിന് മാറ്റം വരാതെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടാകുമെന്ന് കരുതാനാവില്ല.

കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിക്കുന്ന റോഡുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകരുകയാണ്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി ഇടപെടുകയും, ശക്തമായ വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തത്. മന്ത്രിയുടെ ഈ നടപടി വളരെ വിചിത്രമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ടത് ജനങ്ങളല്ല. ഈ ഉത്തരവാദിത്വം സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. അതിനാണ് അവര്‍ക്ക് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ശമ്പളം കൊടുക്കുന്നത്. കുറ്റമറ്റ രീതിയില്‍ നിലവാരമുള്ള റോഡുകള്‍ നിര്‍മിക്കാന്‍ ബാധ്യസ്ഥരായ ഇവര്‍ക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്നു മന്ത്രി പരിശോധിക്കേണ്ടതാണ്. രാഷ്ട്രീയ നേതാക്കളുടെയും കരാറുകാരുടെയും അവിഹിതമായ താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കലല്ല എഞ്ചിനീയര്‍മാരുടെ പണി. പക്ഷേ അവര്‍ കാലങ്ങളായി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുന്നണി ഭരണം മാറി മാറി വരുമ്പോഴും രാഷ്ട്രീയ-ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധബന്ധം കൂടുതല്‍ ശക്തമായി തുടരുകയാണ്. ഇവര്‍ അഴിമതികള്‍ക്കുള്ള പുതിയ വഴികള്‍ തേടുകയും ചെയ്യുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ ഇതിന്റെ പങ്കുപറ്റുന്നവരാകയാല്‍ കരാറുകാരും ഉദ്യോഗസ്ഥരും സുരക്ഷിതരായി കഴിയും. പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആരും ശിക്ഷിക്കപ്പെട്ട ചരിത്രമില്ല. വിവാദങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുമ്പോള്‍ ജനങ്ങള്‍ ഇതൊക്കെ  മറന്നുകൊള്ളും എന്ന വിശ്വാസമാണ് ഭരിക്കുന്നവരുടെ ബലം. ഉറപ്പുള്ള റോഡുകള്‍ നിര്‍മിക്കുകയെന്നതല്ല സര്‍ക്കാരിന്റെ മുന്‍ഗണന, കരാറുകാര്‍ക്ക് അഴിമതി നടത്താന്‍ അവസരമൊരുക്കലാണെന്ന് പറയേണ്ടിവരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയുടെ കാരണം അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഇതിനു പിന്നില്‍ അഴിമതിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് നിര്‍ത്തലാക്കുന്നതിനു പകരം രാഷ്ട്രീയമായ വിമര്‍ശനമുന്നയിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് മന്ത്രി റിയാസ്. ദേശീയപാതയിലെ കുഴികളടയ്‌ക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും, അത് തങ്ങളുടെ ചുമതലയല്ലെന്നും മന്ത്രി പറയുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമാണ്. ദേശീയപാത അതോറിറ്റിയുടെ കുറ്റംകൊണ്ടല്ലല്ലോ സംസ്ഥാനപാതയില്‍ കുഴികളുണ്ടാവുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ എന്തുകൊണ്ടാണ് മണ്‍സൂണിന്റെ വരവിനു മുന്‍പേ അറ്റകുറ്റ പണികള്‍ നടത്തി കുഴികള്‍ അടയ്ക്കാതിരുന്നത്? ദേശീയപാതയുടെ പണികള്‍ പൊതുമരാമത്ത് വകുപ്പ് ചെയ്യാറില്ലെന്ന മന്ത്രി പറയുന്നതും തെറ്റാണ്. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കുന്നതിനെക്കുറിച്ച് ഏതുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ കേരളത്തില്‍ വന്ന് വ്യക്തമാക്കിയിട്ടും മന്ത്രി റിയാസ് പ്രതികരിക്കാത്തത് കാപട്യമാണ്. ശതകോടികള്‍ ചെലവഴിച്ച് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനര്‍നിര്‍മാണത്തിലെ അപാകതയ്ക്ക് ആരെയാണ് കുറ്റം പറയുക? സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റംപറഞ്ഞ് രക്ഷപ്പെടാന്‍ മന്ത്രി റിയാസിനാവില്ല. കാരണം കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഭരിക്കുന്നത് പിണറായി സര്‍ക്കാരാണ്. മന്ത്രി റിയാസ് ഇക്കാര്യം കാണാതെ പോവരുത്.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.