×
login
കുവൈറ്റിന്റെ നടപടി കുത്തിത്തിരുപ്പുകാര്‍ക്ക് പാഠം

മതത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ഒരു ഇസ്ലാമിക രാജ്യം അനുവദിക്കാത്തപ്പോഴാണ് മതേതരരാജ്യമായ ഭാരതത്തില്‍ അത് തങ്ങളുടെ അവകാശമാണെന്ന മട്ടില്‍ ചിലര്‍ അഴിഞ്ഞാടുന്നത്. വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഭാരതം ഉചിതമായ നടപടികളെടുത്തിട്ടുണ്ടെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബംഗ്ലാദേശ് വാര്‍ത്താവിതരണ മന്ത്രിയും വ്യക്തമാക്കിയിരിക്കുകയാണ്‌

പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത് നാടുകടത്തുമെന്ന കുവൈറ്റിന്റെ പ്രഖ്യാപനം ഭാരതത്തില്‍ അഴിഞ്ഞാടുന്ന ഇസ്ലാമിക മതമൗലികവാദികള്‍ക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന നടപടികളെ ശരിവയ്ക്കുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സഹറാന്‍പൂരിലും ദല്‍ഹിയിലും ഝാര്‍ഖണ്ഡിലെ റാഞ്ചിയിലും പശ്ചിമബംഗാളിലെ ചില ജില്ലകളിലും നിയമം കയ്യിലെടുത്ത് അക്രമങ്ങള്‍ നടത്തുന്ന മതതീവ്രവാദികള്‍ക്കെതിരെ ജനരോഷം ശക്തമാണ്. അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. റാഞ്ചിയിലെ പോലീസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിക്കാനിടയായതിനെ പെരുപ്പിച്ചു കാണിക്കുന്നവര്‍ അവിടെ അക്രമകാരികള്‍ അഴിഞ്ഞാടിയതിനെക്കുറിച്ച് മൗനം പാലിക്കുന്നു. ബംഗാളില്‍ ഭാരത പൗരന്മാരല്ലാത്ത ബംഗ്ലാദേശികളും റോഹിങ്ക്യകളുമായി ചേര്‍ന്ന് മതമൗലികവാദികള്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെ ശരിവയ്ക്കുന്ന രീതിയിലാണ് സംസ്ഥാന ഭരണകൂടം പെരുമാറുന്നത്. തനിക്കെതിരെയല്ല, പ്രധാനമന്ത്രി മോദിക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നു പറഞ്ഞ് മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ മുസ്ലിം വോട്ടു ബാങ്കിനെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തോടുള്ള മമതയുടെ മൃദുസമീപനം.  

ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവിന് മുഹമ്മദ് നബിയെക്കുറിച്ച് സാന്ദര്‍ഭികമായി നടത്തേണ്ടി വന്ന പ്രതികരണം തല്‍പ്പരകക്ഷികള്‍ വലിയ മതനിന്ദയായി അവതരിപ്പിച്ചതില്‍ പ്രകോപിതരായി ചില ഇസ്ലാമിക രാജ്യങ്ങള്‍ ഭാരതത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ചില രാജ്യങ്ങള്‍, പ്രശ്‌നത്തില്‍ ഭാരതം മാപ്പു പറയണമെന്നും മറ്റും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ പാകിസ്ഥാന്റെയും ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെയും മറ്റും ഇത്തരം പ്രതികരണങ്ങളെ തള്ളിക്കളഞ്ഞ നരേന്ദ്രമോദി സര്‍ക്കാര്‍, മതേതരത്വത്തെക്കുറിച്ചും മതന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചും തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഭാരതവുമായുള്ള ബന്ധം തകരാറിലായാല്‍ നഷ്ടം തങ്ങള്‍ക്കാണെന്നു മനസ്സിലാക്കിയ ചില ഇസ്ലാമിക രാജ്യങ്ങള്‍ വളരെ വേഗം നിലപാടുകള്‍ മയപ്പെടുത്തിയത് 'ഭാരതം ഒറ്റപ്പെട്ടതില്‍' സന്തോഷിച്ചവര്‍ കണ്ടില്ലെന്നു നടിച്ചു. റഷ്യയുമായി കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാന്‍ മോദി സര്‍ക്കാര്‍ ധാരണയായതില്‍ അറബ് രാജ്യങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. മതത്തിന്റെ പേരില്‍ ഭാരതത്തെ പിണക്കിയാല്‍ അത് വലിയ നഷ്ടത്തില്‍ കലാശിക്കുമെന്ന് തിരിച്ചറിയാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് അധികസമയം വേണ്ടിവന്നില്ല.

ഇസ്ലാമിക രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് ഭാരതത്തില്‍ നിന്ന് അവിടങ്ങളില്‍ പോയി ജോലി ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദികളാണ്. സ്വന്തം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് കുപ്രചാരണവും കുത്തിത്തിരിപ്പും നടത്തിയ ഇത്തരക്കാരെയാണ് കുവൈറ്റ് നാടുകടത്താന്‍ പോകുന്നത്. ഇക്കൂട്ടരെ അറസ്റ്റു ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയുമാണ്. മതത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ഒരു ഇസ്ലാമിക രാജ്യം അനുവദിക്കാത്തപ്പോഴാണ് മതേതരരാജ്യമായ ഭാരതത്തില്‍ അത് തങ്ങളുടെ അവകാശമാണെന്ന മട്ടില്‍ ചിലര്‍ അഴിഞ്ഞാടുന്നത്. വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഭാരതം ഉചിതമായ നടപടികളെടുത്തിട്ടുണ്ടെന്നും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബംഗ്ലാദേശ് വാര്‍ത്താവിതരണ മന്ത്രിയും വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ പ്രതിഷേധം പ്രകടിപ്പിച്ച ഇസ്ലാമിക രാജ്യങ്ങള്‍ക്കൊപ്പം ബംഗ്ലാദേശ് ചേര്‍ന്നിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അവിടം സന്ദര്‍ശിക്കുന്ന ഭാരത മാധ്യമ പ്രതിനിധിസംഘം ചോദിച്ചപ്പോഴാണ്, പ്രശ്‌നം ആളിക്കത്തിക്കലല്ല തന്റെ പണിയെന്ന് ബംഗ്ലാദേശ് മന്ത്രി മുഖത്തടിച്ച് മറുപടി നല്‍കുകയും ഭാരതത്തിനെ നന്ദിയറിയിക്കുകയും ചെയ്തത്. ഭാരതം കരുത്താര്‍ജിക്കുന്നത് അസഹിഷ്ണുതയോടെ കാണുന്നവര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്ന് ചുരുക്കം.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.