×
login
ദുര്‍ഭരണത്തിന് മൂക്കുകയര്‍

നിയമസഭ പാസാക്കിയെടുക്കുന്ന നിയമത്തിനും ഗവര്‍ണറുടെ അംഗീകാരം ആവശ്യമാണ്. ഈ നിയമങ്ങള്‍ രാഷ്ട്രപതിയുടെ പരിശോധനയ്ക്കു വിടുകയും ചെയ്യാം. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് പിണറായി സര്‍ക്കാരിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ ജനാധിപത്യ വിശ്വാസികള്‍ ആരിഫ് മുഹമ്മദ് ഖാനോട് നന്ദിയുള്ളവരായിരിക്കും

ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകളില്‍ തിടുക്കത്തില്‍ ഒപ്പിടാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തതോടെ ഇടതുമുന്നണി സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പിടില്ലെന്നു പറഞ്ഞിട്ടില്ലെന്നും, അതിന് ഏറെ സമയമുണ്ടെന്നും, ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരിക്കുന്നത് സാധാരണ സംഭവമാണെന്നുമൊക്കെ സര്‍ക്കാരിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് ഓര്‍ഡിനന്‍സുകളില്‍ കണ്ണുംപൂട്ടി ഒപ്പുവയ്ക്കാനാവില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കില്‍ എന്തിനാണ് നിയമസഭയെന്നു ചോദിച്ച ഗവര്‍ണര്‍, ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ പഠിക്കാന്‍ സമയം വേണമെന്നും, വിശദീകരണം ആവശ്യമുണ്ടെന്നും, തിടുക്കം കൂട്ടിയിട്ടു കാര്യമില്ലെന്നുമൊക്കെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മുന്‍കാലാനുഭവങ്ങളെ മുന്‍നിര്‍ത്തി, ഗവര്‍ണറെ അനുനയിപ്പിക്കാനും വഴങ്ങുമെന്നുമൊക്കെയുള്ള ധാരണ സര്‍ക്കാരിനുണ്ടായിരുന്നു. ഇവിടെയാണ് കണക്കുകൂട്ടലുകള്‍ തെറ്റിയത്. ചാന്‍സലര്‍ എന്ന പദവി ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റി സര്‍വകലാശാലകളില്‍ ഇടപെടാനുള്ള അധികാരം ഇല്ലാതാക്കുന്ന ഒരു നിയമഭേദഗതിക്ക് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും സ്ഥിതിഗതികളെ സങ്കീര്‍ണമാക്കുമെന്നതിനാല്‍ അതുമായി മുന്നോട്ടുപോയില്ല. ഇപ്പോഴിതാ സര്‍വകലാശാലകളിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുകയാണ്.

ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് റദ്ദായ ഓര്‍ഡിനന്‍സുകളിലൊന്ന് അഴിമതി തെളിഞ്ഞെന്നു കണ്ടാല്‍ മന്ത്രിയെ അയോഗ്യനാക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തു കളയുന്നതാണ്. ഈ അധികാരം ഇപ്പോള്‍ ലോകായുക്തയ്ക്ക് തിരികെ ലഭിച്ചിരിക്കുന്നു. ബന്ധു നിയമനക്കേസില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മന്ത്രി കെ.ടി. ജലീലിന് സ്ഥാനത്ത് തുടരാനാവില്ലെന്ന് ലോകായുക്ത വിധി വന്നതിനെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരില്‍നിന്ന് രാജിവയ്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി മുന്‍ എംഎല്‍എമാരുടെ ബന്ധുക്കള്‍ക്ക് നല്‍കിയെന്ന കേസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയില്‍ വന്നപ്പോഴാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിറക്കിയത്. മന്ത്രിമാരെ അയോഗ്യരാക്കാന്‍  അധികാരമുള്ള ലോകായുക്തയുടെ വകുപ്പ് തന്റെ തലയ്ക്കുമേല്‍ ഡമോക്ലസിന്റെ വാളുപോലെ തൂങ്ങിയാടുകയാണെന്ന് മുഖ്യമന്ത്രി ഭയന്നു. ലോകായുക്തയില്‍നിന്ന് എതിരായ വിധി വന്നാല്‍ രാജിവയ്ക്കാതെ നിവൃത്തിയില്ല. രാജിവയ്ക്കാതിരുന്നാല്‍ ജലീലിന്റെ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെടും. ഈ സാഹചര്യത്തിലാണ് ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരിതാശ്വാസനിധി വകമാറ്റിയെന്ന ലോകായുക്തയിലെ കേസ് വിചാരണ പൂര്‍ത്തിയായിരിക്കുകയാണ്. വിധി പറയാനിരിക്കെയാണ് അധികാരം എടുത്തുകളഞ്ഞത്. മുഖ്യമന്ത്രിയെ അയോഗ്യനാക്കാന്‍ കഴിയുന്ന ഒരു അധികാരം ലോകായുക്തയ്ക്ക് തിരിച്ചുകിട്ടിയതില്‍ സര്‍ക്കാരിന് കുറച്ചൊന്നുമല്ല ആശങ്കയുള്ളത്. ലോകായുക്ത സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ്. മുഖ്യമന്ത്രിയും കൂട്ടരും ഭയക്കുന്ന വല്ലതും സംഭവിച്ചുപോയാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ.


ഭരണഘടനയും നിയമങ്ങളും ജനാധിപത്യമൂല്യങ്ങളും ചവിട്ടിമെതിച്ച് ഏകാധിപതിയായി വാഴുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന കുറ്റങ്ങള്‍ ചെയ്തതായി ആരോപണമുയര്‍ന്നിട്ടും അധികാര ദുരുപയോഗത്തിലൂടെ ഭരണത്തില്‍ തുടരുകയാണ്. തന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും നിയമം എതിരാണെങ്കില്‍ അങ്ങനെയൊരു നിയമം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ പ്രകടമായത്. പിണറായിയുടെ മുന്‍ഗാമിയായ ഇ.കെ. നായനാരുടെ സര്‍ക്കാരാണ് ലോകായുക്തയ്ക്ക് സവിശേഷാധികാരം നല്‍കുന്ന നിയമനിര്‍മാണം നടത്തിയത്. അന്ന് ആ നിയമം ലോകോത്തരമെന്ന് വാഴ്ത്തിയ സിപിഎം, പിണറായി അത് റദ്ദാക്കിയപ്പോള്‍ നിശ്ശബ്ദത പാലിക്കുകയാണ്. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐ പറയുന്നത് തങ്ങളുടെ പിന്തുണയില്ലാതെയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ്. ബില്ല് നിയമസഭയില്‍ വരുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും സിപിഐയുടെ നേതൃത്വം പറയുകയുണ്ടായി. റദ്ദായ ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്ലുകള്‍ കൊണ്ടുവന്ന് നിയമമാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ബില്ലും ഇതിലുള്‍പ്പെടും. സിപിഐ വാക്കുപാലിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിയമസഭ പാസാക്കിയെടുക്കുന്ന നിയമത്തിനും ഗവര്‍ണറുടെ അംഗീകാരം ആവശ്യമാണ്. ഈ നിയമങ്ങള്‍ രാഷ്ട്രപതിയുടെ പരിശോധനയ്ക്കു വിടുകയും ചെയ്യാം. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പല്ലെന്ന് പിണറായി സര്‍ക്കാരിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ ജനാധിപത്യ വിശ്വാസികള്‍ ആരിഫ് മുഹമ്മദ് ഖാനോട് നന്ദിയുള്ളവരായിരിക്കും.

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.