×
login
പാല്‍ വിലവര്‍ധന പകല്‍ക്കൊള്ള

കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല

പാലിന്റെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള മില്‍മയുടെ തീരുമാനം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് ആറ് രൂപ വര്‍ധിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനു മുന്‍പത്തെ വില വര്‍ധന നാല് വര്‍ഷം മുന്‍പായിരുന്നു എന്നത് ഇപ്പോഴത്തെ വില വര്‍ധനയ്ക്കുള്ള നീതീകരണമാവില്ല. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാണ് ഇപ്പോഴത്തെ വില വര്‍ധനയെന്ന മില്‍മയുടെ വാദം നിലനില്‍ക്കാന്‍ പ്രയാസമാണ്. കാലിത്തീറ്റയ്ക്കും മറ്റും വില വര്‍ധിച്ചു എന്നത് വാസ്തവം തന്നെയാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് അര്‍ഹമായ വില ലഭിക്കേണ്ടതും ആവശ്യമാണ്. പക്ഷേ ഇതാണോ മില്‍മയുടെ ലക്ഷ്യം? പുതിയ വില വര്‍ധനവിന്റെ തൊണ്ണൂറു ശതമാനത്തോളം കര്‍ഷകന് ലഭിക്കുമെന്ന് പറയുന്നത് ഒരുതരം തെറ്റിദ്ധരിപ്പിക്കലാണ്. മില്‍മ പറയുന്ന ഉയര്‍ന്ന വില ഒരു കര്‍ഷകനും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഗുണമേന്മ പരിശോധിച്ച് പലനിരക്കുകളിലാണ് കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നത്. മില്‍മ പറയുന്ന ഉയര്‍ന്ന വില ആര്‍ക്കും ലഭിക്കുന്നില്ല. ലിറ്ററിന് മുപ്പത്തിയഞ്ച് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. വിലവര്‍ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ക്ഷീരകര്‍ഷകരുടെ സ്ഥിരം പരാതിയാണ്. 2019 ല്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോഴും ഈ പരാതി ഉയരുകയുണ്ടായി. ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ പാല്‍ വില തോന്നുന്നതുപോലെ വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ മറയാക്കുകയാണ് സര്‍ക്കാരും മില്‍മയും. ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലേതുപോലെ ഇതിനുമുണ്ട് ഒരു വിദഗ്ദ്ധ സമിതി.

ബഹുഭൂരിപക്ഷമാളുകളും ധരിച്ചിരിക്കുന്നതുപോലെ മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്നവയല്ല. നല്ലൊരു ശതമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇത് ശുദ്ധമായ പാലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വളരെ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന ഈ പാല്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍നിന്നു ശേഖരിക്കുന്നവയാണെന്ന വ്യാജേന വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ്. പാല്‍ ശേഖരിക്കുന്നതിനു പുറമെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പാലുല്‍പ്പാദനം വര്‍ധിപ്പിക്കാത്തതിനു പിന്നിലെ ദുഷ്ടലാക്കും ഇതാണ്. കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പശു പല നിറമാണെങ്കിലും പാല്‍ ഒരു നിറമാണെന്നു പറയുന്നതുപോലെ, പാര്‍ട്ടിയും രാഷ്ട്രീയവുമൊക്കെ പലതാണെങ്കിലും മന്ത്രിമാരുടെ മനോഭാവം ഒന്നാണ്. അത് മാറാത്തിടത്തോളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന പ്രശ്‌നമില്ല.

അരിയുള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും അമിതവില നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണ് പാലിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നേരിട്ട് ജനങ്ങളുടെ ജീവിത ഭാരം കൂട്ടും. പാലിന്റെ വില വര്‍ധന അതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. മോര്, തൈര് ഉള്‍പ്പെടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. അത് മില്‍മ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. പാലിന്റെ വില വര്‍ധിക്കുന്നതോടെ ചായയ്ക്കും വില കൂടും. മിനിമം പന്ത്രണ്ട് രൂപയെങ്കിലുമാവും എന്നാണ് കരുതപ്പെടുന്നത്. പലയിടങ്ങളിലും ഇതിലും കൂടുതലാണ് ഇപ്പോള്‍തന്നെ ചായയ്ക്ക് ഈടാക്കുന്നത്. അവര്‍ വീണ്ടും വില വര്‍ധിപ്പിക്കും. ജനങ്ങളെ മറ്റൊരുവിധത്തിലും കൊള്ളയടിക്കാന്‍ സര്‍ക്കാരും മില്‍മയും വഴിയൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പാല്‍ എന്ന പേരില്‍ പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുതരം രാസപാനീയമാണ് ചില സ്വകാര്യ കമ്പനികള്‍ വിറ്റഴിക്കുന്നത്. പേരിന് കുറച്ചു പശുക്കളെ വളര്‍ത്തി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൃത്രിമ പാല്‍ ഇറക്കുമതി ചെയ്ത് കോടികള്‍ കൊയ്യുന്നവര്‍ ഓരോ ജില്ലയിലുമുണ്ട്. ചിലര്‍ പശുവിനെ വളര്‍ത്തുകപോലും ചെയ്യുന്നില്ല. പൗഡര്‍ കലക്കി വിപണനം നടത്തുകയാണ്. ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. പാലിന് വില വര്‍ധിപ്പിച്ച മില്‍മയുടെ ഇപ്പോഴത്തെ തീരുമാനത്തിന്റെ ചുവടുപിടിച്ച് കൃത്രിമ പാലുല്‍പ്പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടും. ഇത്തരം ജനവിരുദ്ധ നടപടികള്‍ക്കെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

  comment

  LATEST NEWS


  ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.