×
login
നിയമസഭയിലും കടക്ക് പുറത്ത്

സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലാവുകയും സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകള്‍ ദുരൂഹമായ സാഹചര്യത്തില്‍ കത്തിനശിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറി തന്നെ രംഗത്തിറങ്ങി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുകയുണ്ടായല്ലോ. നിയമസഭയിലെ മാധ്യമവിലക്കും ഇതിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ്‌

നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും സഭാനടപടികള്‍ ഭാഗികമായി സംപ്രേഷണം ചെയ്തതും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍ക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. കാലങ്ങളായി തുടരുന്ന രീതിക്കു പകരം മീഡിയ റൂമിലും പ്രസ് ഗാലറിയിലും മാത്രമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമാണ്. സഭാനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കുറ്റവാളികളെപ്പോലെ പിന്തുടര്‍ന്ന വാച്ച് ആന്റ് വാര്‍ഡ്, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലേക്ക് പോകുന്നതും വിലക്കി. മാധ്യമപ്രവര്‍ത്തകര്‍ കാന്റീനില്‍ പോകുന്നതു പോലും നിയന്ത്രിച്ചു. സ്വര്‍ണക്കടത്തുകേസിലടക്കം സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സഭയില്‍നിന്ന് ഉയരുന്ന പ്രതിഷേധം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാനാണ് സൂക്ഷ്മ പരിശോധനയുടെ പേരില്‍ ഇങ്ങനെയൊരു വിലക്ക് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി സ്പീക്കര്‍ രംഗത്തുവന്നെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള സ്ഥാപിത താല്‍പ്പര്യം പകല്‍പോലെ വ്യക്തമാവുകയുണ്ടായി.  പ്രതിപക്ഷത്തിന്റെ പ്രതിഷേധം ബോധപൂര്‍വം തമസ്‌കരിച്ചിട്ട് ഭരണപക്ഷത്തെ ദൃശ്യങ്ങള്‍ മാത്രം കാണിച്ചതിനെക്കുറിച്ച് സ്പീക്കര്‍ നല്‍കിയ വിശദീകരണം പരിഹാസ്യമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാര്‍ലമെന്റിലെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കുറച്ചത് മാധ്യമസ്വാതന്ത്ര്യം ഹനിക്കലായി കുറ്റപ്പെടുത്തിയ നിയമസഭാ സ്പീക്കറുടെ ഇപ്പോഴത്തെ നടപടി ഇരട്ടത്താപ്പാണ്.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാവാനുള്ള ഒരവസരവും സിപിഎം നേതാക്കള്‍ പാഴാക്കാറില്ല. എന്നാല്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഇവര്‍ മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുകയും ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരു പ്രതിനായകന്റെ റോളാണ് മുഖ്യമന്ത്രി പിണറായി വിജയന്  എക്കാലത്തുമുള്ളത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സിപിഎമ്മിലെ വിഭാഗീയതയുടെ പേരില്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഒരു കുരിശുയുദ്ധം തന്നെ പ്രഖ്യാപിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു പിണറായിയുടെ സ്ഥിരം ആക്ഷേപം. പിണറായിക്കെതിരെ ലാവ്‌ലിന്‍ അഴിമതിക്കേസ് വന്നതിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സ്ഥിതിപോലുമുണ്ടായി. മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഔദ്യോഗികമായി ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരെ 'കടക്ക് പുറത്ത്' എന്നാക്രോശിച്ച് ഇറക്കിവിട്ടത് ഇതിന്റെ തുടര്‍ച്ചയാണ്. ഇങ്ങനെയൊക്കെ പറയാനും പെരുമാറാനുമുള്ള അവകാശം തനിക്കുണ്ടെന്ന് പിണറായി കരുതുന്നതുപോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ആരോപണങ്ങള്‍ ഉയരുമ്പോഴും, ശരിയായ മറുപടി പറയാനാവാതെ രാഷ്ട്രീയമായി ഒറ്റപ്പെടുമ്പോഴും മാധ്യമങ്ങളെ കടന്നാക്രമിച്ച് അരിശം തീര്‍ക്കുന്ന ഒരു രീതിയാണ് പിണറായി വര്‍ഷങ്ങളായി കൊണ്ടുനടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണാധിപനായിട്ടും, ജനാധിപത്യവിരുദ്ധവും താന്‍ വഹിക്കുന്ന പദവിക്ക് ചേരാത്തതുമായ ഈ ശൈലി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് ഖേദകരമാണ്.  

അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യത്തിലെ നാലാം തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ നിറവേറ്റുന്നത്. തക്കതായ കാരണം കൂടാതെ മാധ്യമപ്രവര്‍ത്തകരുടെ കൃത്യനിര്‍വഹണത്തെ നിയന്ത്രിക്കുന്നതും തടസ്സപ്പെടുത്തുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. ജനവിരുദ്ധരായ ഭരണാധികാരികളാണ് ഇങ്ങനെ ചെയ്യാറുള്ളത്. പ്രതിപക്ഷ പ്രതിഷേധം ജനങ്ങള്‍ കാണാതിരിക്കാനും അറിയാതിരിക്കാനും നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഇതിനുദാഹരണമാണ്. ഞങ്ങള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് കരുതുന്ന ഭരണാധികാരികള്‍ മാധ്യമസ്വാതന്ത്ര്യത്തിന് തുരങ്കം വയ്ക്കുകയും, ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ് ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പോലീസ് ആക്ടില്‍ ഭേദഗതിവരുത്തി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഓര്‍ഡിനന്‍സുകൊണ്ടുവരികയുണ്ടായി. കടുത്ത പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയുകയായിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലാവുകയും സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകള്‍ ദുരൂഹമായ സാഹചര്യത്തില്‍ കത്തി നശിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറി തന്നെ രംഗത്തിറങ്ങി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുകയുണ്ടായല്ലോ. നിയമസഭയിലെ മാധ്യമവിലക്കും ഇതിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ്. മടിയില്‍ കനമുള്ളതിനാല്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് വഴിയില്‍ പലതും ഭയക്കാനുണ്ടെന്നു തന്നെയാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.  

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.