×
login
കോടികള്‍ വിതയ്ക്കുന്ന വിധ്വംസക പദ്ധതികള്‍

മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും കൈവെട്ടു പോലുള്ള ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും പണം ഒരു വലിയ ഘടകമാണ്. മതാധിപത്യം ലക്ഷ്യം വച്ച് ഇക്കൂട്ടര്‍ നടത്തുന്ന അരുംകൊലകളെയും മറ്റ് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നവരെ രംഗത്തിറക്കുന്നതിനും വലിയ തോതില്‍ പണമൊഴുക്കുന്നതായാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ അപകടമരണങ്ങളായി ചിത്രീകരിക്കാന്‍ പോലും മാധ്യമങ്ങളില്‍ ആളുകളുണ്ടാവുന്നത് ഇതിനാലാണ്‌

സ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിക്കുന്ന നടുക്കുന്ന വിവരങ്ങളാണ് അടുത്തിടെ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാക്കാന്‍ ഈ സംഘടന കോടിക്കണക്കിനു രൂപ ഒഴുക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നു. ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി കഴിഞ്ഞിരുന്ന മലയാളിയായ സിദ്ദിഖ് കാപ്പന്‍ പ്രതിയായ കേസിലെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ കലാപം കുത്തിപ്പൊക്കാന്‍ അങ്ങോട്ടുപോകുന്നതിനിടെ കാപ്പനും കൂട്ടാളികളും പിടിയിലാവുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടു പ്രമുഖ നേതാക്കള്‍ പിടിയിലാവുകയുണ്ടായി. ഇവരിലൊരാളുടെ അബുദാബിയിലെ ഹോട്ടല്‍ വഴി 22 കോടി രൂപ എത്തിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ മൂന്നാറില്‍ ഈ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് രൂപംനല്‍കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഗള്‍ഫില്‍നിന്നും ശേഖരിക്കുന്ന പണമെത്തിക്കാന്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നൊരു സംഘടനയ്ക്കും രൂപംനല്‍കിയിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരില്‍നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുത്തിട്ടുള്ള സിദ്ദിഖ് കാപ്പനെ ജയില്‍മോചിതനാക്കാന്‍ കേരളത്തില്‍നിന്ന് വലിയ മുറവിളി ഉയരുകയുണ്ടായി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ മുന്‍നിര്‍ത്തി സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ച കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരുടെ സംഘടന തെരുവിലിറങ്ങുകയും കേസില്‍ കക്ഷിചേരുകയും ചെയ്തു. ദശലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ് കാപ്പനുവേണ്ടി കോടതിയില്‍ ഹാജരായത്. ഈ പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലൂടെ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണമൊഴുക്കിയതായി കണ്ടെത്തിയിരുന്നു. മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും കൈവെട്ടു പോലുള്ള ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും പണം ഒരു വലിയ ഘടകമാണ്. മതാധിപത്യം ലക്ഷ്യം വച്ച്  ഇക്കൂട്ടര്‍ നടത്തുന്ന അരുംകൊലകളെയും മറ്റ് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നവരെ രംഗത്തിറക്കുന്നതിനും വലിയ തോതില്‍ പണമൊഴുക്കുന്നതായാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ അപകടമരണങ്ങളായി ചിത്രീകരിക്കാന്‍ പോലും മാധ്യമങ്ങളില്‍ ആളുകളുണ്ടാവുന്നത് ഇതിനാലാണ്.  

എല്ലാ അര്‍ത്ഥത്തിലും ഭീകരസംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നവരെയും ഭീകരസംഘടനകളായി മുദ്രകുത്തുന്ന രീതി കേരളത്തിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നീളുന്ന അന്വേഷണങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഇവരുമായി ഒത്തുതീര്‍പ്പിലെത്തുന്നു. സാംസ്‌കാരിക രംഗത്തുനിന്ന് പണംകൊടുത്തും മറ്റുതരത്തിലും വിലയ്‌ക്കെടുക്കപ്പെടുന്നവര്‍ പലപ്പോഴും ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കളായി രംഗത്തിറങ്ങുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഭീകരസംഘടനകള്‍ തന്നെയാണെന്ന് അടുത്തിടെ ഹൈക്കോടതി നടത്തിയ അഭിപ്രായപ്രകടനം ഇക്കൂട്ടര്‍ക്ക് വലിയ തിരിച്ചടിയാണ്. ഈ സംഘടനകള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയെടുത്ത സംഭവം, പൗരത്വനിയമ ഭേദഗതിക്കെതിരെ നടത്തിയ അക്രമാസക്തമായ പ്രക്ഷോഭം, ദല്‍ഹിയിലെ വര്‍ഗീയകലാപം, ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ നടത്തിയ ശ്രമം, ഹിജാബിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രീതി, മതത്തിന്റെ പേരില്‍ മനുഷ്യനെ അരുംകൊല ചെയ്യല്‍ തുടങ്ങിയവയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ സംരക്ഷണം ഇതിന് തടസ്സമാവരുത്. നിയമവാഴ്ചയ്ക്കും ജനങ്ങളുടെ സൈ്വര ജീവിതത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളിയായ ഈ ഭീകര സംഘത്തെ നേരിടാന്‍ നിയമത്തിന്റെ ഉരുക്കുമുഷ്ടി തന്നെ ഉപയോഗിക്കണം.

  comment

  LATEST NEWS


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


  മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.