×
login
ഇടതുഭരണം മുന്നേറുന്നത് മതതീവ്രവാദികള്‍ക്കൊപ്പം

മതതീവ്രവാദികള്‍ക്ക് രഹസ്യ വിവരം ചോര്‍ത്തുന്ന പോലീസുകാര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുകയും തീവ്രവാദ സംഘടനയുടെ ആയുധ ശേഖരം സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് നടപടി നേരിട്ട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുകയും ചെയ്ത സര്‍ക്കാരാണ് മതതീവ്രവാദത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് തങ്ങള്‍ ഏതു പക്ഷത്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്‌

ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലോ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലോ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് മസ്ജിദ് കമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷാ നടപടിയെന്ന നിലയ്ക്ക് സ്ഥലം മാറ്റിയ ആഭ്യന്തര വകുപ്പിന്റെ നടപടി സര്‍ക്കാര്‍ സംവിധാനം മതതീവ്രവാദികള്‍ക്ക് സമ്പൂര്‍ണമായി കീഴടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്. മുഹമ്മദ് നബിയെ നിന്ദിച്ചെന്ന പേരില്‍ ചിലയാളുകള്‍ വെള്ളിയാഴ്ച ദിവസം തെരഞ്ഞെടുത്ത് പള്ളികളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും, അത് അക്രമങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരുതല്‍ നടപടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലടക്കം വിഷലിപ്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഈ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിപ്പ് നല്‍കിയത്. ഒരു വിധത്തിലും നിയമവിരുദ്ധമെന്നു പറയാനാവാത്ത ഈ നടപടിക്കെതിരെ മതതീവ്രവാദികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.  മതഭ്രാന്തുകൊണ്ട് അന്ധരായി കൊലപാതകങ്ങള്‍ നടത്തിയും, കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയും സാമൂഹ്യാന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുന്നവരെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പ്, സ്വന്തം അധികാര പരിധിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഒരു പോലീസ് ഉദ്യോസ്ഥനെ ബലിയാടാക്കിയത്.

സംസ്ഥാനത്തെ ചില പള്ളികള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക മതതീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കുപോലും ഇതില്‍ എതിര്‍പ്പുണ്ട്. ചിലയിടങ്ങളില്‍ അവര്‍ മതതീവ്രവാദികള്‍ക്കെതിരെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇത്തരമൊരു സാഹചര്യം ഇല്ലെന്നു പറഞ്ഞാണ് ഒരു പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരിക്കുന്നതില്‍ പോലീസ് സേനയില്‍ത്തന്നെ അമര്‍ഷം ഉയര്‍ന്നിരിക്കുന്നത്. മതതീവ്രവാദികള്‍ക്ക് രഹസ്യ വിവരം ചോര്‍ത്തുന്ന പോലീസുകാര്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുകയും തീവ്രവാദ സംഘടനയുടെ ആയുധ ശേഖരം സംബന്ധിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് നടപടി നേരിട്ട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുകയും ചെയ്ത സര്‍ക്കാരാണ് മതതീവ്രവാദത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് തങ്ങള്‍ ഏതു പക്ഷത്താണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പള്ളികളില്‍ മതതീവ്രവാദത്തിന്റെ സ്വാധീനമൊന്നും ഇല്ലെന്നു പറഞ്ഞ് മുസ്ലിംലീഗ് അടക്കമുള്ള ചില സംഘടനകളും രംഗത്തുവരികയുണ്ടായി. കണ്ണടച്ചിരുട്ടാക്കുന്ന അടവുനയമാണിത്. എട്ടുപേര്‍ കൊലചെയ്യപ്പെട്ട മാറാട് ഭീകരാക്രമണത്തിനുശേഷം തീവ്രവാദികള്‍ ഒത്തുചേര്‍ന്നത് സമീപത്തെ പള്ളിയിലാണ്. ഇവിടെയാണ് ആയുധങ്ങള്‍ ശേഖരിച്ചതും. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മുസ്ലിംലീഗിന്റെ ഒരു മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ ഈ പള്ളി കഴുകി വൃത്തിയാക്കിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളില്‍ ചില പള്ളികള്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

മതതീവ്രവാദികളുടെ സ്വന്തം മുഖ്യമന്ത്രിയെന്ന നിലയ്ക്കാണ് പിണറായി വിജയന്‍ പെരുമാറുന്നത്. മതതീവ്രവാദികളുടെ ഭാഷയില്‍ സംസാരിക്കാനും ഈ ഭരണാധികാരി മടിക്കുന്നില്ല. അവരുടെ ചെയ്തികളെ അപലപിക്കാന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തയ്യാറാവാത്തത് ജനങ്ങളില്‍ പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഈ സംശയത്തെ ബലപ്പെടുത്തുന്ന വിധത്തിലാണ് മതതീവ്രവാദം തടയാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന വിശദീകരണം തീര്‍ത്തും അനാവശ്യവും മതതീവ്രവാദികളെ സമ്പൂര്‍ണമായി വെള്ളപൂശുകയും ചെയ്യുന്നതാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച് സിപിഎമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടി ലഭിച്ചിരുന്നു. ഇതിനുശേഷവും മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന അക്രമാസക്തമായ സമരത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഇതിനു തെളിവാണ്. ഇതിനിടെ ഒത്തുകളിയുടെ ഭാഗമായി  സര്‍ക്കാരിനെതിരെ സമരം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് വെറും പുകമറ സൃഷ്ടിക്കലാണെന്ന് തെളിയിക്കുന്നതാണ് മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ കണ്ണൂരില്‍ പോലീസുദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി. സമാധാന കാംക്ഷികളായ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.