×
login
ഭീകരവാദത്തിനെതിരെ മതനേതൃത്വം

മതവിശ്വാസികള്‍ തള്ളിപ്പറയാതിരിക്കുന്നത് തങ്ങളുടെ ചെയ്തികള്‍ക്കുള്ള അനുമതിയായാണ് ഭീകരവാദികളും അവരുടെ സംഘടനകളും കാണുന്നത്. ഇവിടെയാണ് ദല്‍ഹിയില്‍ ചേര്‍ന്ന സൂഫി വര്യന്മാരുടെ സമ്മേളനം ഇസ്ലാമിക ഭീകരവാദത്തെ ശക്തമായി തള്ളിപ്പറയുകയും, അത്തരം സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്‌

സൂഫിവര്യന്മാരുടെ സംഘടനയായ ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച വ്യത്യസ്ത മതപുരോഹിതന്മാരുടെ സമ്മേളനം പലനിലയ്ക്കും ശ്രദ്ധേയമായി. മുഖ്യാതിഥിയായി പങ്കെടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സമ്മേളനത്തില്‍ ആദരിച്ചു എന്നതാണ് ഇതിലൊന്ന്. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും കലാപങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് തന്റെ പ്രസംഗത്തില്‍ ഡോവല്‍ നല്‍കിയത്. ചില ശക്തികള്‍ മതവൈരം വളര്‍ത്തി ഭാരതത്തിന്റെ പുരോഗതി തടയുകയാണെന്നും, ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് അവിടങ്ങളിലും പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണെന്നും ഡോവല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. നമുക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും, ഇതിനെതിരെ സംഘടിതമായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും പറഞ്ഞ ഡോവല്‍, നമ്മള്‍ ഒരു രാഷ്ട്രമാണെന്ന വികാരം എല്ലാ വിഭാഗങ്ങളിലും ഉണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടത് സമ്മേളനത്തിന്റെ പൊതുവികാരമായി മാറി. മതതീവ്രവാദികളെ അപലപിക്കുക മാത്രം ചെയ്താല്‍ പോരെന്നും, ഇവര്‍ക്കെതിരെ സമൂഹം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഡോവല്‍ ആവശ്യപ്പെടുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ഭീകരസംഘടനകള്‍ മതപരമായ വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിനെതിരായ മുന്നറിയിപ്പായിരുന്നു ഇത്. ജിഹാദി പദ്ധതിക്കനുസരിച്ച് ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഈ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.

പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ പ്രസംഗിച്ച ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ അധ്യക്ഷന്‍ ഹസ്രത്ത് സെയ്ദ് നസീറുദിന്‍ ചിസ്തി നടത്തിയത്. നിന്ദ്യമായ ഒരു സംഭവം നടക്കുമ്പോള്‍ അതിനെ അപലപിച്ചാല്‍ മാത്രം പോരാ, എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. മതതീവ്രവാദ സംഘടനകളെ നിരോധിക്കേണ്ട സമയമായിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടോ മറ്റേതെങ്കിലും സംഘടനയോ ആവട്ടെ തെളിവുണ്ടെങ്കില്‍ നിരോധിക്കുക തന്നെ വേണം. തല ഉടലില്‍നിന്ന് അറുത്തുമാറ്റുക എന്ന അര്‍ത്ഥത്തിലുള്ള 'സര്‍ താന്‍ സെ ജുഡ' പോലുള്ള മുദ്രാവാക്യങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. ഇത് താലിബാന്‍ ആശയമാണ്. ഇതിനെതിരെ പോരാടണം. ഇങ്ങനെ സമാധാനം കാംക്ഷിക്കുകയും അതേസമയം നിഷ്‌ക്രിയത പാടില്ലെന്നുമുള്ള അതിശക്തമായ അഭിപ്രായമാണ് നസിറുദ്ദീന്‍ ചിസ്തി പ്രകടിപ്പിച്ചത്.  മതനിന്ദയാരോപിച്ച് മറ്റുള്ളവരുടെ തലയറുക്കണമെന്ന മുദ്രാവാക്യം സമീപകാലത്ത് ചില മതപുരോഹിതന്മാരുടെ ഭാഗത്തുനിന്നുപോലും ഉയരുകയുണ്ടായി. ഉദയ്പ്പൂരിലെ കനയ്യലാലും ബെല്ലാരിയിലെ പ്രവീണും കൊലചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നു. മതതീവ്രവാദ സംഘടനകളെ സര്‍ക്കാര്‍ നിരോധിക്കണമെന്ന പ്രമേയം അംഗീകരിച്ചുകൊണ്ടാണ് സമ്മേളനം അവസാനിച്ചത്. വ്യക്തികള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും സംഘടനകള്‍ക്കിടയിലും ശത്രുത വളര്‍ത്തുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ആര്‍ക്കുനേരെയാണ് വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തമാണ്.

ഇസ്ലാമിക ഭീകരവാദം ഒരു യാഥാര്‍ത്ഥ്യമാണ്. ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ഭാരതത്തിലെ സവിശേഷമായ സാഹചര്യമല്ല ഇതിനു കാരണം. ലോകമെമ്പാടും അതുണ്ട്. ഭീകരവാദം യാഥാര്‍ത്ഥ്യമാണ്, പക്ഷേ അതിന് ഇസ്ലാമുമായി ബന്ധമില്ല എന്നു വാദിക്കുന്നത് ചരിത്രവസ്തുതകള്‍ക്കും വര്‍ത്തമാന സാഹചര്യങ്ങള്‍ക്കും നിരക്കുന്നതല്ല. മതഭീകരവാദത്തെ അനുകൂലിക്കുന്നവരോ എതിര്‍ക്കാന്‍ മടിക്കുന്നവരോ ആണ് ഇതിന്റെ വക്താക്കള്‍. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തേണ്ടത് ആ മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ്. പക്ഷേ മതിയായ തോതില്‍ ഇതുണ്ടാവുന്നില്ല. തൊടുപുഴയില്‍ ജോസഫ് മാഷുടെ കൈവെട്ടിയെടുത്തപ്പോള്‍ അതിനെതിരെ ദുര്‍ബലമായ പ്രതികരണമാണല്ലോ കേരളത്തിലെ മുസ്ലിം മതവിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാവാമെങ്കിലും ഈഅവസ്ഥ ഇസ്ലാമിക ഭീകരവാദികള്‍ മുതലെടുക്കുകയാണ്. മതവിശ്വാസികള്‍ തള്ളിപ്പറയാതിരിക്കുന്നത് തങ്ങളുടെ ചെയ്തികള്‍ക്കുള്ള അനുമതിയായാണ് ഭീകരവാദികളും അവരുടെ സംഘടനകളും കാണുന്നത്. ഇവിടെയാണ് ദല്‍ഹിയില്‍ ചേര്‍ന്ന സൂഫി വര്യന്മാരുടെ സമ്മേളനം ഇസ്ലാമിക  ഭീകരവാദത്തെ ശക്തമായി തള്ളിപ്പറയുകയും, അത്തരം സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇസ്ലാം ഭാരതീയ സംസ്‌കാരവുമായും ആത്മീയതയുമായും ഇടപഴകിയതിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണ് സൂഫി തത്വചിന്ത. സമാധാനത്തിന്റെ മാര്‍ഗം അവലംബിക്കുന്ന ഈ വിഭാഗത്തിന് മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ വിശ്വാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന് സാധിക്കും. ദല്‍ഹിയില്‍ നടന്നതുപോലുള്ള സൂഫി സമ്മേളനം രാജ്യത്തിന്റെ മറ്റിടങ്ങളിലും നടക്കേണ്ടതുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.