×
login
പ്രൊഫ. എം. വി. നാരായണന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ കൊച്ചി എഡിഷനില്‍ സബ് എഡിറ്ററായിരുന്നു.

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രൊഫ. (ഡോ.) എം. വി. നാരായണനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ച് ഉത്തരവായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്‌കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ നിയമനം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഫോറിന്‍ ലാംഗ്വേജസ്‌ വിഭാഗം ഡീനും അക്കാദമിക് കൗണ്‍സില്‍ അംഗവുമാണ്. കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവന്‍, ജപ്പാനിലെ മിയാസാക്കി ഇന്റര്‍നാഷണല്‍ കോളെജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലിറ്റററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം പ്രൊഫസ്സര്‍, യു. എ. ഇയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, യു. കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റര്‍, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് വിഭാഗം ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ കൊച്ചി എഡിഷനില്‍ സബ് എഡിറ്ററായിരുന്നു.കണ്ണൂര്‍, ഹൈദ്രാബാദ് സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, യു ജി സിയുടെ അഡ്ജന്‍ക്ട് പ്രൊഫസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ നേടി. യു. കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്. ഡി. നേടി.

ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വ്വകലാശാലയുടേത് ഉള്‍പ്പെടെ നിരവധി ദേശീയ /അന്തര്‍ദ്ദേശീയ ജേര്‍ണലുകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ്, കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എന്‍ഡോവ്‌മെന്റ് ലിറ്റററി അവാര്‍ഡ്, കേരള സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിരിക്കുന്ന കെ. പി. മേനോന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ /അന്തര്‍ദ്ദേശീയ തലത്തില്‍ ഇരുനൂറോളം പേപ്പറുകള്‍ അവതരിപ്പിച്ച ഡോ. നാരായണന്റെ കീഴില്‍ 11 പിഎച്ച്. ഡി., ആറു എം.ഫില്‍. പ്രബന്ധങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൃശൂര്‍ പുറനാട്ടുകര സ്വദേശിയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.