×
login
ഫാമിലി, ഫ്രണ്ട്സ്, ഫുട്ബോൾ; അർജന്റീനയുടെ ടീം ഒരു കുടുംബമാണ്, താമസം ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ, ഒപ്പം 'ഹോംലി മീൽസും’

കുടുംബംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി നടത്തുന്ന 'അസാഡോ', അർജന്റീനക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് . ബാർബെക്യൂ പോലെ വിറകുകരിയിൽ ഇറച്ചി ചുട്ടെടുക്കുന്ന രീതിയാണിത്. അവധി ദിവസങ്ങളിൽ അസാഡോയ്ക്ക് ചുറ്റും കൂടിയിരുന്ന് ഫുടബോൾ കളി കണ്ടും മറ്റും ആഘോഷിക്കുന്നത് സാധാരണമാണ്.

എം.ശശിശങ്കർ

അർജന്റീനയുടെ ടീം ദോഹയിലെത്തിയത് ഏകദേശം തൊള്ളായിരം കിലോ ബീഫുമായാണ്. ഉറുഗ്വേ ടീമും ഇതേ അളവിൽ ബീഫ് കൂടെ കൊണ്ടുവന്നിട്ടുണ്ട്. ഒരു മാസം ഇവിടെത്തന്നെ കാണും എന്ന് തീർച്ചയാക്കിയാണ് വരവ്.  എന്തുകൊണ്ടാണ് ബീഫ് സ്വന്തം രാജ്യത്തു നിന്ന് കൊണ്ട് വരുന്നത് ? ലോകത്തെ ഏറ്റവും മികച്ചപഞ്ചനക്ഷത്ര  ആഡംബര ഹോട്ടലുകൾ ഉള്ള ദോഹയിൽ ബീഫ് കഴിക്കാൻ എന്താണ് ബുദ്ധിമുട്ട്? 

ലോകത്തു ഏറ്റവും അധികം ബീഫ് ഉപയോഗിക്കുന്നതും കയറ്റി അയക്കുന്നതുമായ രാജ്യങ്ങളിൽ ഒന്നാണ്  അർജന്റീന. ലോകത്തെ ഏറ്റവും നിലവാരമുള്ള ബീഫ്  ഉൽപ്പാദകർ തെക്കേ അമേരിക്കൻ രാജ്യങ്ങളാണ്. അതിന്റെ കാരണം  പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന മൃഗങ്ങളുടെ മാംസമാണ് അവിടെ ഉപയോഗിക്കുന്നത് എന്നതാണ്.  മറ്റു രാജ്യങ്ങളിൽ കന്നുകാലികൾ പൊതുവെ ധാന്യങ്ങളും ഫാക്റ്ററി ഭക്ഷണവും കഴിച്ചു വളരുന്നവയാണ്.  


പക്ഷേ, ഇതുമാത്രമല്ല  കാരണം. അത് അർജന്റീനയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കുടുംബംഗങ്ങളും  സുഹൃത്തുക്കളും ഒത്തുകൂടി നടത്തുന്ന 'അസാഡോ', അർജന്റീനക്കാരുടെ  ജീവിതത്തിന്റെ ഭാഗമാണ് . ബാർബെക്യൂ പോലെ വിറകുകരിയിൽ ഇറച്ചി ചുട്ടെടുക്കുന്ന രീതിയാണിത്. അവധി ദിവസങ്ങളിൽ അസാഡോയ്ക്ക് ചുറ്റും കൂടിയിരുന്ന് ഫുടബോൾ കളി കണ്ടും മറ്റും ആഘോഷിക്കുന്നത് സാധാരണമാണ്.  ഈ പരിപാടി സ്റ്റാർ ഹോട്ടലിൽ അത്ര നന്നായി നടക്കില്ല. അതുകൊണ്ട് അർജന്റീന ടീം  താമസിക്കുന്നത് ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ്.  അസാഡോക്കുവേണ്ടി പ്രത്യേകമായി ഒരു  തുറന്ന സ്ഥലം ക്യാമ്പസ്സിൽ തയ്യാറാക്കിയിട്ടുണ്ട്. പാചകത്തിന് ഷെഫിനെയും കൊണ്ടുവന്നിട്ടുണ്ട്.

അമേരിക്കൻ ടീം താമസിക്കുന്നത്  മനുഷ്യനിർമ്മിത ദ്വീപായ  ദോഹയിലെ ഏറ്റവും ചിലവേറിയ ഇടമായ   പേൾ ഐലൻഡിലെ മാർസ മലാസ് കെമ്പിൻസ്കി ഹോട്ടലിലാണ്. സ്വന്തമായി ബട്ലറും ജാ ക്കൂസിയും ലിമോസിനുമൊക്കെയുള്ള സൂട്ട് മുറിയുടെ ഒരു ദിവസത്തെ വാടക ലക്ഷങ്ങൾ  വരും. ഇതുപോലെയുള്ള  ലക്ഷ്വറി ഉപേക്ഷിച്ചാണ് അർജെന്റിനയുടെ ടീം ഒരു ബജറ്റ് ഹോട്ടൽ നിലവാരമുള്ള ഖത്തർ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാറിയത്. ലോകകപ്പ് വിജയമാണ് ലക്ഷ്യമെന്നും ഹോട്ടലിലെ ആഡംബരമല്ലാ എന്നുമാണ് ടീമിന്റെ പ്രതികരണം. ടീം അംഗങ്ങൾക്ക് കുടുംബാന്തരീക്ഷം ഒരുക്കുകയാണത്രേ  ഉദ്ദേശം. ഒപ്പം 'ഹോംലി മീൽസും’  

അപ്പോൾ അതാണ് സീക്രട്ട്. അർജന്റീനയുടെ ടീം ഒരു കുടുംബമാണ്. ടീമാണ്. വ്യക്തികളുടെ കൂട്ടമല്ലാ. അതങ്ങനെ തന്നെ നില നിർത്താൻ ഏതറ്റംവരെ പോകാനും അവർ തയാറാണ്.

കുടുംബം,സുഹൃത്തുക്കൾ, ഫുടബോൾ അതാണ് ക്രമം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.