×
login
നീലക്കടലേറ്റം

പല നിറങ്ങളിലാണ് ഫ്രാന്‍സ് ഒരുമിക്കുന്നത്... പല മുഖച്ഛായയിലാണ് അവര്‍ കളിയിലും കലയിലും അരങ്ങ് വാഴുന്നത്. ഏത് നാടും അവര്‍ക്ക് സ്വന്തം നാടാവുന്നത് അങ്ങനെയാണ്... ഇക്കുറി രാജാക്കന്മാരുടെ പരിവേഷമുണ്ട് ഫ്രഞ്ച് പടയ്ക്ക്.

വിപ്ലവം... യുദ്ധം... കുടിയേറ്റം... ഫ്രാന്‍സ് കുതിച്ചതും കിതച്ചതും ഇങ്ങനെയൊക്കെയാണ്. എല്ലാക്കാലത്തും നിലപാടുകള്‍ കൊണ്ട് ലോകത്തിന്റെ തറവാട്ടുകോലായില്‍ കസേര വലിച്ചിട്ടിരുന്നിട്ടുണ്ട് പ്രൗഢമായ പാരീസിന്റെ പാരമ്പര്യം... പോരാട്ടം ശീലമാക്കിയവര്‍, വിയര്‍പ്പൊഴുക്കി ജീവിതം കൊയ്തവര്‍, അടിയറ്റു വീഴാതിരിക്കാന്‍ കരുതലോടെ കാത്തവര്‍... ഭീകരതയും സാമ്രാജ്യത്തവും ഇരുവശത്തും നിന്ന് കടന്നാക്രമിക്കുമ്പോഴും തോല്‍ക്കാതിരിക്കാന്‍ അവര്‍ പൊരുതിക്കൊണ്ടേയിരിക്കും. തല ഉയര്‍ത്തി നിന്ന് അവര്‍ വെല്ലുവിളിക്കും. മുന്‍നിരക്കാര്‍ പതറിയാല്‍ പിന്നില്‍ നില്‍ക്കുവോര്‍ ആര്‍ത്തുകയറും.  

പല നിറങ്ങളിലാണ് ഫ്രാന്‍സ് ഒരുമിക്കുന്നത്... പല മുഖച്ഛായയിലാണ് അവര്‍ കളിയിലും കലയിലും അരങ്ങ് വാഴുന്നത്. ഏത് നാടും അവര്‍ക്ക് സ്വന്തം നാടാവുന്നത് അങ്ങനെയാണ്... ഇക്കുറി രാജാക്കന്മാരുടെ പരിവേഷമുണ്ട് ഫ്രഞ്ച് പടയ്ക്ക്. പോള്‍ പോഗ്ബയും എന്‍ഗോള കാന്റെയുമില്ലെങ്കിലും ആ വരവ് രാജകീയമാണ്. മുന്നേറ്റ നിരയില്‍ എംബാപ്പെയുണ്ട്... മൈതാനം നിറഞ്ഞൊഴുകാന്‍ ശേഷിയുള്ളവന്‍... മലയിറങ്ങിയൊഴുകുന്ന അരുവിയായി... പന്ത് കൊടുത്തും വാങ്ങിയും നിറഞ്ഞൊഴുകുന്ന പുഴയായി.. നീലാകാശനിറമാര്‍ന്ന ഗ്യാലറികളിലെ ആവേശത്തിമിര്‍പ്പില്‍ എതിര്‍ഗോള്‍മുഖത്തേക്ക് കടലിരമ്പമായി ആക്രമിച്ചുകയറാന്‍ കരുത്തുള്ളവന്‍...  

പോയകാലം റഷ്യയുടെ മണ്ണിലാണ് എംബാപ്പെയുടെ പിറവി ലോകം അടയാളപ്പെടുത്തിയത്. ദിദിയര്‍ ദെഷാംപിന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ചയും തീര്‍ച്ചയും പകര്‍ന്ന പുത്തന്‍ ആയുധമായി എംബാപ്പെ മിന്നല്‍പ്പിണര്‍ പോലെ എതിര്‍ ഗോള്‍ മുഖങ്ങളില്‍ വിനാശം വിതച്ചു. കലാശപ്പോരില്‍ ക്രൊയേഷ്യന്‍ കണ്ണുനീര്‍ മഴയായ് പെയ്ത രാവിലും എംബാപ്പെ അവതാരപ്പിറവിയായി തല ഉയര്‍ത്തി മൈതാനത്തിന് വലംവച്ചു.  

അതിനും ഇരുപത് കൊല്ലം മുമ്പാണ് സിദാന്‍ പിറന്നത്. പാരീസില്‍, സ്വന്തം മണ്ണില്‍ ബ്രസീലിയന്‍ മോഹങ്ങള്‍ക്ക് ചരമഗീതം കുറിച്ച് സിദാന്റെ മാന്ത്രിക സ്പര്‍ശമുള്ള മുന്നേറ്റങ്ങള്‍... വംശീയതയുടെയും കുടിയേറ്റത്തിന്റെയും ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് അധിക്ഷേപിച്ചവര്‍ക്കു മുന്നിലൂടെ സിദാനും കൂട്ടരും അന്ന് സ്വര്‍ണക്കപ്പുമായി വലംവച്ചു.  


ആ സമ്മോഹനചിത്രങ്ങളില്‍ ഇന്നും മായാതെ നില്‍ക്കുന്ന കളിമുഹൂര്‍ത്തങ്ങളിലൊന്നില്‍ ലിലിയന്‍ തുറാമെന്ന കരുത്തനുണ്ട്... സിദാന്റെ ഫ്രാന്‍സിനെ ലോക കീരിടത്തിലേക്ക് നയിക്കാന്‍ വഴിതുറന്നത് തുറാമിന്റെ ഇരട്ടഗോളായിരുന്നു. അന്നേവരെ കളിച്ച 111 അന്താരാഷ്ട്ര മത്സരങ്ങളില്‍ തുറാം അടിക്കുന്ന ആദ്യ ഗോള്‍.  

അക്കാലം കരുത്തനായ ഗോളി ഫാബിയാന്‍ ബാര്‍ത്തേസിന് തുണനില്‍ക്കുക മാത്രമായിരുന്നു തുറാമിന്റെ പണി. വലിയ പെരുമയ്‌ക്കൊന്നും അവസരമില്ലാത്ത ജോലി. തനിക്ക് തന്റെ ജോലിയെന്ന് അടങ്ങിയൊതുങ്ങി കഴിയുമ്പോഴാണ് സെമിയില്‍ ഡേവ് സുകേറിന്റെ നേതൃത്വത്തില്‍ ക്രൊയേഷ്യയുടെ ചെക്ക് കുപ്പായക്കാര്‍ ഫ്രഞ്ച് പടയ്ക്ക് കുറുകെ നിന്നത്. അവര്‍ പേരുകേട്ട ഫ്രാന്‍സ് നിരയെ വരിഞ്ഞുമുറുക്കി.  

സിദാനും പെറ്റിറ്റും ഹെന്‍ട്രിയും യോര്‍ക്കേഫും ദുഗാരിയും ലിസാറാസുവുമൊക്കെ ചങ്ങലപ്പൂട്ട് വീണതുപോലെ നിശ്ചലരായി. കളി കൈവിടുമെന്ന് കണ്ടപ്പോഴാണ് തുറാം പന്ത് തട്ടിക്കയറിയത്. കൊമ്പന്മാര്‍ തോറ്റിടത്ത് അവന്‍ കൊടുങ്കാറ്റായി. വലതുവിങ്ങിലൂടെ പാഞ്ഞുകയറി ഗോള്‍ പോസ്റ്റിന് 25 വാര അകലെനിന്ന് തൊടുത്ത പന്തിന് വല തുളയ്ക്കാനുള്ള കരുത്തുണ്ടായിരുന്നു. ഗ്യാലറിയില്‍ ആരവങ്ങള്‍ നിലയ്ക്കുകയും ആവേശം അമ്പരപ്പിന് വഴിമാറുകയും ചെയ്ത ആ രാത്രി മൈതാനത്തിന് നടുവില്‍ അന്തംവിട്ട് മൂക്കിന്‍തുമ്പത്ത് വിരല്‍വച്ചിരിക്കുന്ന തുറാമിന്റെ ചിത്രം അമ്പട ഞാനേ എന്ന അടിക്കുറിപ്പോടെ അടുത്ത നാള്‍ ലോകം ഏറ്റെടുത്തു.  

ഫ്രാന്‍സ് അങ്ങനെയാണ്... എംബാപ്പെയും ഗ്രീസ്മന്നും കളംവാഴാന്‍ കുതിക്കുമ്പോഴും പ്രതീക്ഷകളെയും വിസ്മയിപ്പിച്ച് ചില അത്ഭുതങ്ങള്‍ പൊട്ടിമുളയ്ക്കും. തോല്‍ക്കാതിരിക്കാനുള്ള പോരാട്ടം അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.