×
login
ബ്രസീലും കൂട്ടാളികളും

അഞ്ച് തവണ ലോകചാമ്പ്യന്മാരായി. രണ്ടുതവണ റണ്ണേഴ്സപ്പുമായി. ആ ബ്രസീല്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഗ്രൂപ്പ് ജി. കൂടെയുള്ളത് യൂറോപ്യന്‍ കരുത്തന്മാരായ സെര്‍ബിയയും സ്വിറ്റസര്‍ലന്‍ഡും ആഫ്രിക്കന്‍ വന്യതയുടെ രൂപമായ കാമറൂണും.

കഴിഞ്ഞ എല്ലാ ലോകകപ്പുകളിലും കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ബ്രസീല്‍. ആരാധകരുടെ ആ വിശ്വാസം അവര്‍ ഏറെക്കുറെ ശരിയാക്കിയിട്ടുമുണ്ട്. അഞ്ച് തവണ ലോകചാമ്പ്യന്മാരായി. രണ്ടുതവണ റണ്ണേഴ്സപ്പുമായി. ആ ബ്രസീല്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഗ്രൂപ്പ് ജി. കൂടെയുള്ളത് യൂറോപ്യന്‍ കരുത്തന്മാരായ സെര്‍ബിയയും സ്വിറ്റസര്‍ലന്‍ഡും ആഫ്രിക്കന്‍ വന്യതയുടെ രൂപമായ കാമറൂണും.

ബ്രസീല്‍

ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും പന്തുതട്ടിയ ഏക രാജ്യമാണ് ബ്രസീല്‍. 1958, 62, 70, 94, 2002 ലോകകപ്പുകളില്‍ കിരീടം നേടി. 1950, 1998 ചമ്പ്യന്‍ഷിപ്പുകളില്‍ റണ്ണേഴ്സപ്പുമായി. എന്നാല്‍ 2002നുശേഷം ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്തതിന്റെ നിരാശ മാറ്റാനാണ് സാംബ താളം ചവിട്ടി ബ്രസീല്‍ ഖത്തറിലെത്തുന്നത്.  

സൂപ്പര്‍താരങ്ങളുടെ പടയാണ് ടീമില്‍. അതില്‍ പ്രമുഖന്‍ പിഎസ്ജിയുടെ നെയ്മര്‍. റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ആഴ്സണലിലും ചെല്‍സിയിലും യുവന്റസിലുമെല്ലാം കളിക്കുന്ന താരനിരയെയാണ് കോച്ച് ടിറ്റെ ഇത്തവണ ലോകകപ്പിനായി ഒരുക്കിയിരിക്കുന്നത്. നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യുസ്, ആന്റണി, റിച്ചാര്‍ലിസണ്‍, കാസിമിറോ, ഫ്രെഡ്, ഡാനി ആല്‍വസ്, അലിസണ്‍ ബെക്കര്‍ തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍.

സ്വിറ്റ്സര്‍ലന്‍ഡ്

പന്ത്രണ്ടാം തവണയാണ് സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പിനെത്തുന്നത്. 1934, 38 ലോകകപ്പുകളില്‍ ക്വാര്‍ട്ടറില്‍ കടന്നത് മികച്ച പ്രകടനം. യൂറോ കപ്പിലും ഇതുവരെ സെമിയില്‍ കടക്കനായിട്ടില്ല. മികച്ച താരങ്ങളാണ് അവര്‍ക്കുള്ളത്. എന്നാല്‍ പേരിനൊത്ത പ്രകടനം നടത്തുന്നതില്‍ പലപ്പോഴും വിജയിക്കുന്നില്ല.  


ഇത്തവണ യോഗ്യതാ റൗണ്ടില്‍ അഞ്ച് വിജയവും മൂന്ന് സമനിലയും നേടിയാണ് അവര്‍ ഖത്തര്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. ഷെര്‍ദാന്‍ ഷാഖിരി, ഗ്രാനിറ്റ് ഷാഖ, റൂബന്‍ വര്‍ഗാസ്, ഹാരിസ് സെഫറോവിച്ച്, യാന്‍ സൊമ്മര്‍, റികാര്‍ഡോ റോഡ്രിഗസ് തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. ഇത്തവണ യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് കോച്ച് മുരാട് യാകിന്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

കാമറൂണ്‍

ആഫ്രിക്കന്‍ കരുത്തുമായി എത്തുന്ന കാമറൂണിന് ഇത് എട്ടാം ലോകകപ്പ്. 1990-ല്‍ ക്വാര്‍ട്ടറില്‍ കളിച്ചത് മികച്ച പ്രകടനം. മറ്റെല്ലാ തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചു അവരുടെ പോരാട്ടം. യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടില്‍ അള്‍ജീരിയയെ കീഴടക്കിയാണ് കാമറൂണ്‍ ഖത്തര്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.  

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ നാല് തവണ ചാമ്പ്യന്മാരായതാണ് ഫുട്ബോള്‍ ലോകത്ത് അവരുടെ ഏറ്റവും മികച്ച പ്രകടനം. 2003ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ റണ്ണേഴ്സപ്പുമായി. റിഗോബര്‍ട്ട് സങ്ങാണ് ടീം കോച്ച്. വിവിധ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി കളിക്കുന്നവരാണ് ടീമിലെ താരങ്ങള്‍. കാള്‍ ടോകോ എകാംബി, വിന്‍സന്റ് അബൂബക്കര്‍, എറിക് മാക്സിം മോടിങ്, ജോര്‍ജസ് മാന്‍ഡെക്, ആന്‍ഡ്രെ ഫ്രാങ്ക് സാംബോ പ്രധാനികള്‍.

സെര്‍ബിയ

പതിമൂന്നാം തവണയാണ് സെര്‍ബിയ ലോകകപ്പിനെത്തുന്നത്. 1930-ലെ ആദ്യ ലോകകപ്പിലും 1962ലെ ചാമ്പ്യന്‍ഷിപ്പിലും നാലാം സ്ഥാനം നേടിയതാണ് മികച്ച പ്രകടനം. അന്ന് യൂഗോസ്ലാവ്യയായാണ് മത്സരിച്ചത്. യൂഗോസ്ലാവ്യയായിരുന്നപ്പോള്‍ രണ്ട് യൂറോ കപ്പില്‍ റണ്ണേഴ്സപ്പുമായി. ഇറ്റലിയിലും സ്പയിനിലും ജര്‍മനിയിലും മികച്ച ക്ലബ്ബുകള്‍ക്കായി താരങ്ങള്‍ നിരവധിയുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ അവര്‍ക്ക് കഴിയാറില്ല.  

യോഗ്യതാ റൗണ്ടില്‍ എട്ടില്‍ ആറ് വിജയവും രണ്ട് സമനിലയും നേടി തോല്‍ക്കാതെയാണ് ഖത്തര്‍ ടിക്കറ്റ് എടുത്തത്. ഇത്തവണ അവര്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. അലക്സാണ്ടര്‍ മിേട്രാവിച്ച്, ലൂക്ക ജോവിച്ച്, ഡുസാന്‍ ടാഡിച്ച്, നെമന്‍ജ മാക്സിമോവിച്ച്, സ്റ്റെഫാന്‍ മിട്രോവിച്ച്, മാര്‍കോ ഡിമിട്രോവിച്ച് തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍. ഡ്രാഗന്‍ സ്റ്റോകോവിച്ച് പരിശീലകന്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.