×
login
മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം; രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും അത്ഭുതമാണ് ഈ കളിമുറ്റം

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു... ഡിസംബര്‍ 18 വരെ ഇതു തുടരും.

ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാനാണ് ദോഹയിലെ തിരക്കേറിയ നഗരപ്രാന്തമായ ലുസൈല്‍ ബൊലെവാര്‍ഡിലേക്ക് യാത്ര തിരിച്ചത്. പ്രാദേശിക സമയം രാത്രി ഏകദേശം ഒന്‍പതു മണിയോടെ അവിടെയെത്തി. ലുസൈല്‍ ഐഎകോണിക് സ്റ്റേഡിയത്തിലെ അവസാന മിനുക്കുപണികളുടെ അന്നത്തെ ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലായിരുന്നു  ജോലിക്കാര്‍. ഏറെ ദൂരെ നിന്നേ പ്രകാശപൂരിതമായ ലുസൈല്‍ സ്റ്റേഡിയം കാണാം. ഒരു മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ അനുഭവം.

ഈ ലോകകപ്പിന് ഖത്തര്‍ ഒരുക്കിയ വലിയ സ്റ്റേഡിയമാണിത്. 80,000മാണ് കപ്പാസിറ്റി. രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ഈ കളിമുറ്റം. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനര്‍ റാന്തല്‍ വിളക്കും മധുരസ്മരണകളുയര്‍ത്തുന്ന അതിന്റെ നേര്‍ത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്.  


ലുസൈല്‍ ബൊലേവാര്‍ഡ് ദൂരത്തേക്ക് നീണ്ടുകിടക്കുന്ന രാജവീഥിയാണ്. ഖത്തറികളും ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആരാധകരും ഈ രാജവീഥിയെ ഉത്സവപ്പറമ്പാക്കി മാറ്റുകയാണ് അക്ഷരാര്‍ത്ഥത്തില്‍. വീഥിയിലുടനീളം ലോകകപ്പ് ഗാനം മുഴങ്ങുന്നു. വെള്ള നിറത്തില്‍ നീളമുള്ള പരമ്പരാഗത അറബ് വേഷമണിഞ്ഞ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമൊക്കെ ആവേശത്തോടെ തെരുവിലൂടെ നടക്കുന്നു. ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ല ഈബിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ തിരക്ക് ഏറെയാണ്. പാട്ടും നൃത്തവുമായി വീഥിയിലുടനീളം നിരവധി അര്‍ജന്റീന, ടുണീഷ്യന്‍ ആരാധകര്‍. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആരാധകരും ഇക്കൂട്ടത്തിലുണ്ട്. പത്തിലേറെ പേരുള്ള ആ സംഘമെത്തിയത് സൈക്കിളില്‍. ഖത്തറിലെത്തിയശേഷം സൈക്കിളും വാങ്ങി സ്റ്റേഡിയങ്ങള്‍ തോറും കറങ്ങുകയാണ് അവര്‍. ലോകകപ്പ് കാണാനുള്ള ടിക്കറ്റൊന്നും കിട്ടിയിട്ടില്ലെങ്കിലും അവരുടെ ആഘോഷത്തിന് കുറവില്ല.  

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു... ഡിസംബര്‍ 18 വരെ ഇതു തുടരും.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.