×
login
പാന്‍ അറേബ്യന്‍ കപ്പ്

ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു, ഇറാനുമായി അടുക്കുന്നു, എന്നൊക്കെ ആരോപിച്ചാണ് 2017 ജൂണില്‍ സൗദി, യൂ.എ.ഇ, ബഹറിന്‍,ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവരികയും നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തത്.

പാന്‍ അറബ് സംസ്‌കാരത്തിന്റെ പ്രതിഫലനമായിരുന്നു ലോകകപ്പു ഉദ്ഘാടന ചടങ്ങ് എന്നാണു അറബ് മാധ്യമങ്ങളുടെ പ്രതികരണം. മൂന്നാം ദിവസം അര്‍ജന്റീനക്ക് മേല്‍ സൗദി നേടിയ വിജയത്തോടെ അറബ് ലോകം മുഴുവന്‍ ആഘോഷത്തിലാണ്. ലോകകപ്പിന്റെ വിജയം ഖത്തറിനോടൊപ്പം അറബ് ലോകത്തിന്റേതും ഇസ്‌ലാമിക ലോകത്തിന്റെതുമൊക്കെയായി ചിത്രീകരിക്കുന്നുണ്ട്.

ഇസ്രയേലുമായി ചില അറബ് രാജ്യങ്ങളുടെ അടുപ്പം അറബ് രാജ്യങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.  നവംബര്‍ ആദ്യ വാരത്തില്‍ നടന്ന അറബ് ഉച്ചകോടിയില്‍ ഇത് പ്രകടമായിരുന്നു. മൊറോക്കോ പോലുള്ള രാജ്യങ്ങള്‍ പങ്കെടുത്തില്ല. സൗദി അറേബ്യ , യൂ.എ.ഇ.തുടങ്ങിയ രാജ്യങ്ങള്‍  രാഷ്ട്ര തലവനു പകരം മറ്റുള്ളവരെയാണ് അയച്ചത്. ആതിഥേയരായ അള്‍ജീരിയയുടെ ഇസ്രായേല്‍ വിരുദ്ധതയായിരുന്നു ഒരു കാരണം. പക്ഷെ,പാശ്ചാത്യ മാധ്യമങ്ങളുടെ നിരന്തര ഖത്തര്‍ വിമര്‍ശനം അറബ് രാജ്യങ്ങളെതാല്‍ക്കാലിക വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുകയാണ് ചെയ്തത്.  അത് ഖത്തറിന് അറബ് ലോകത്തു കൂടുതല്‍ പിന്തുണ നേടിക്കൊടുത്തു. 'ഞാന്‍ അറബിയാണ് ഞാന്‍ ഖത്തറിനെ പിന്തുണക്കുന്നു' എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ തുടങ്ങിയത് ഇതിനെ പ്രതിരോധിക്കാനാണ്. അതിനു സാധാരണ അറബ് വംശജരുടെ ഇടയില്‍ ഫലമുണ്ടായി.  അറബ് ഉച്ചകോടിയില്‍ ലോകകപ്പിന്റെ നടത്തിപ്പില്‍ അറബ് രാജ്യങ്ങള്‍   ഖത്തറിനൊപ്പം  നില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു. ഏതാനും നാള്‍  മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. . .

ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു, ഇറാനുമായി അടുക്കുന്നു, എന്നൊക്കെ  ആരോപിച്ചാണ് 2017 ജൂണില്‍ സൗദി, യൂ.എ.ഇ, ബഹറിന്‍,ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവരികയും നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുകയും  ചെയ്തത്. രണ്ടു കൂട്ടര്‍ക്കും ധാരാളം നഷ്ടങ്ങള്‍ വരുത്തിവെച്ചു എന്നല്ലാതെ കാര്യമായ പ്രയോജനമൊന്നും ഉപരോധം കൊണ്ടുണ്ടായില്ല. 2021 ജനുവരിയില്‍ ഉപരോധം പിന്‍വലിച്ചു സൗദി ഖത്തര്‍ അതിര്‍ത്തി തുറന്നു. സൗദിയുമായുള്ള ബന്ധത്തില്‍ പിന്നീട് പുരോഗതി ഉണ്ടായി. ലോകകപ്പ് ഉദ്ഘാടനത്തില്‍ സൗദി ഭരണാധികാരി പങ്കെടുത്തു. സൗദിയുടെ കളിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തത് സൗദി ഷാള്‍ അണിഞ്ഞാണ്. ഇതൊക്കെയാണെങ്കിലും യൂ.എ.ഇ, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം പഴയ നിലയിലായിട്ടില്ല. എമിറേറ്റ്‌സ് ഇപ്പോഴും ദോഹയിലേക്ക് സര്‍വീസ് നടത്തുന്നില്ല. ബഹറിനില്‍ നിന്ന്  ഖത്തറിലേക്ക് ഒരു വിമാന സര്‍വീസും ഇല്ല.  

ഇസ്രായേലി വിമാനങ്ങള്‍ക്കു ലോക കപ്പു പ്രമാണിച്ചു ദോഹയില്‍ ഇറങ്ങാന് അനുമതി നല്‍കിയിട്ടുണ്ട്. ഇത് താല്‍ക്കാലികമാണെന്നാണ് ഖത്തര്‍ പറയുന്നത്. കാരണം പാലസ്തീനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ഖത്തര്‍. അവരെ ഏറ്റവും സഹായിക്കുന്ന രാജ്യം. പാലസ്തീന്‍ നേതാക്കള്‍ പലരും ഇവിടെയാണ് താമസിക്കുന്നത്. ഇസ്രായേലി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പല അറബ് ഫാന്‍സും  വിസമ്മതിച്ച കാര്യം റോയിട്ടേഴ്‌സ് റിപ്പോര്‍ട് ചെയ്തിരുന്നു. പുറമേക്ക് ഇങ്ങനെയൊക്കെയാണെങ്കിലും പാലസ്തീന്‍കാര്‍ക്കു ഖത്തറില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കാണുന്ന   പാലസ്തീന്‍കാര്‍ മിക്കവരും പഴയ താമസക്കാരാണ്.  


ലോകകപ്പില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന രാജ്യമാണ് യു.എ.ഇ, എങ്കിലും ഭരണകൂടത്തിലെ ഉന്നതരില്‍ ചിലര്‍ നവംബര്‍ ആദ്യവാരത്തില്‍ നടത്തിയ ട്വീറ്റുകള്‍ ഖത്തറിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  

സക്കീര്‍ നായിക് ദോഹയില്‍ എത്തിയതില്‍ ഇന്ത്യ നടത്തിയ പ്രതിഷേധത്തിന് മറുപടിയായി ഖത്തര്‍ പറഞ്ഞത് സാക്കിര്‍ നായിക്കിനെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് വരുന്നതെന്നതു ഒരു മൂന്നാം രാജ്യം നടത്തുന്ന പ്രചാരണമാണെന്നുമാണ്. ആരെയാണ് ഉദ്ദേശിച്ചത് എന്നറിയില്ല. ഏതായാലും ഖത്തറിനെതിരെ നില്‍ക്കുന്നവരും അറബ് ഐക്യത്തിന് വിഘാതമാകുന്നവരും  ലോകകപ്പ് അവസാനിച്ചാല്‍ വീണ്ടും തലപൊക്കുമോ എന്ന് കണ്ടറിയണം.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.