×
login
റയല്‍, നെപ്പോളി ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരുന്ന നെപ്പോളിക്കും മുന്നേറ്റം. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ രണ്ടാം പാദത്തില്‍ 3-0ന് കീഴടക്കി ആകെ 5-0 ജയത്തോടെ ഇറ്റാലിയന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

മാഡ്രിഡ്: ഒരു കോലാഹലത്തിനുമായില്ല ചെമ്പടയ്ക്ക്. ആദ്യപാദത്തിലെ വന്‍ തോല്‍വിക്ക് പേരിനെങ്കിലുമൊരു തിരിച്ചടിക്കുമായില്ല. രണ്ടാം പാദത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി, ആകെ 6-2 ജയത്തോടെ റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ ലീഗിലെ കുതിപ്പ് ചാമ്പ്യന്‍സ് ലീഗിലും തുടരുന്ന നെപ്പോളിക്കും മുന്നേറ്റം. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ രണ്ടാം പാദത്തില്‍ 3-0ന് കീഴടക്കി ആകെ 5-0 ജയത്തോടെ ഇറ്റാലിയന്‍ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

സാന്റിയാഗൊ ബെര്‍ണാബുവില്‍ 78-ാം മിനിറ്റില്‍ കരിം ബെന്‍സെമയുടെ ഗോളിലാണ് റയല്‍ ജയിച്ചു കയറിയത്. വിനീഷ്യസ് ജൂനിയര്‍ ബെന്‍സെമയുടെ വഴിയിലേക്ക് നല്കിയ പന്ത് വലയിലാക്കാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടി വന്നില്ല. ഇതിനപ്പുറം ഗോളെന്നുറച്ച ഒന്നിലധികം അവസരങ്ങള്‍ ലിവര്‍പൂള്‍ ഗോളി അലിസണ്‍ ബെക്കര്‍ നിഷ്ഫലമാക്കിയത് ചെമ്പടയ്ക്ക് ആശ്വാസമായി.  

വലിയ ആവേശത്തോടെയല്ല ലിവര്‍പൂള്‍ റയലിനെതിരെ പന്ത് തട്ടിയത്. ആദ്യപാദത്തിലെ വന്‍ തോല്‍വിയുടെ കടം വീട്ടാനാകുമോയെന്ന സംശയം ലിവര്‍പൂളിന്റെ നീക്കങ്ങളില്‍ നിഴലിച്ചു. റയല്‍ ഗോള്‍മുഖത്തെത്തിയ മുന്നേറ്റങ്ങള്‍ക്ക് അപകടം സൃഷ്ടിക്കാനുമായില്ല. എദര്‍ മിലിറ്റാവൊയും അന്റോണിയൊ റുഡിഗറും ചേര്‍ന്ന് അതെല്ലാം വിഫലമാക്കി. അവര്‍ക്കു പിഴച്ചപ്പോഴാകട്ടെ വലയ്ക്കു മുന്നില്‍ തിബൗട്ട് കുര്‍ട്ടിയസും. 14 തവണ ചാമ്പ്യന്മാരായ റയല്‍ പതിനെട്ടാം തവണ അവസാന എട്ടിലിടം നേടി. യൂറോപ്യന്‍ കപ്പ് കൂടി ഉള്‍പ്പെടുത്തിയാല്‍ മുപ്പത്തിയേഴാം തവണ. കഴിഞ്ഞ വര്‍ഷം ഫൈനലിലുള്‍പ്പെടെ തുടരെ മൂന്നാം സീസണിലും റയലിനു മുന്നില്‍ ലിവര്‍പൂളിന് വഴിയടഞ്ഞു.


ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലാണ് നെപ്പോളിക്ക് മുന്നില്‍ തുറന്നത്. നൈജീരിയന്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിംഹെന്നിന്റെ ഇരട്ട ഗോളും പിറ്റെര്‍ സെയ്‌ലെന്‍സ്‌ക്കിയുടെ ഗോളും ഇറ്റാലിയന്‍ ടീമിന് സ്വന്തം മൈതാനത്തെ രണ്ടാംപാദത്തില്‍ അനായാസ ജയമൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും 53-ാം മിനിറ്റിലും ഒസിംഹെന്‍ സ്‌കോര്‍ ചെയ്തു. 64-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സെയ്ന്‍ലെന്‍സ്‌ക്കിയുടെ ഗോള്‍.

ക്വാര്‍ട്ടര്‍ ലൈനപ്പായി

ചില വന്‍ ടീമുകള്‍ മടങ്ങിയെങ്കിലും ഇത്തവണയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരുടെ പോരാട്ടം. ഏറെ നാളിനു ശേഷം ഇറ്റലിയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍, നെപ്പോളി, എസി മിലാന്‍, ഇന്റര്‍ മിലാന്‍. ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി. സ്‌പെയ്‌നില്‍ നിന്ന് നിലവിലെ ജേതാക്കള്‍ റയല്‍ മാഡ്രിഡ്, ജര്‍മ്മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക്, പോര്‍ച്ചുഗലില്‍ നിന്ന് ബെനഫിക്ക ടീമുകളും അവസാന എട്ടില്‍. ക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ഇന്ന്.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.