×
login
കുരുത്തംകെട്ടവന്റെ പടയൊരുക്കം; ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും, സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്.

അത്തര്‍ മണക്കുന്ന ഖത്തറിന്റെ രാവുകളിലേക്ക് ചിരിയൊളിപ്പിച്ച കണ്ണീരുമായി ലൂയി സുവാരസുമുണ്ട്. ലയണല്‍ മെസി വാഴുന്ന ബാഴ്‌സയുടെ അമരത്തും അണിയത്തും പലപ്പോഴും മെസിയേക്കാള്‍ പൊക്കത്തില്‍ ഉയരുന്നവന്‍. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പുസ്തകങ്ങളില്‍ സുവാരസിന് വിളിപ്പേര് കുരുത്തംകെട്ടവനെന്നാണ്. കൈ കൊണ്ട് പന്ത് തടഞ്ഞും കൈക്കരുത്ത് കാട്ടുന്നവന്റെ കൈയ്ക്ക് കടിച്ചും കളി ജയിക്കാന്‍ തനിക്ക് തോന്നുന്നതെന്തും ചെയ്യാന്‍ മടികാട്ടാത്തവന്‍. സ്വയം തോറ്റും ടീമിനെ, നാടിനെ ജയിപ്പിക്കാന്‍ കച്ചകെട്ടുന്നവന്‍... സുവാരസ് അങ്ങനെയാണ്.  

ചരിത്രത്തിലാദ്യമായി സെമിഫൈനല്‍ പ്രവേശനത്തിന് കച്ചകെട്ടിയിറങ്ങിയ ഘാനയുടെ കനവുകള്‍ തോരാത്ത കണ്ണീരിലാഴ്ത്തിയത് സുവാരസിന്റെ കെട്ടകളിയായിരുന്നു. ഘാനയുടെ സുവര്‍ണമോഹങ്ങള്‍ക്കു മേല്‍ പതിച്ച കറുത്ത പാട്. പന്ത്രണ്ടാണ്ട് മുമ്പായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. സെമിയിലേക്കുള്ള കുതിപ്പിനൊരുങ്ങി ഘാനയും ഉറുഗ്വെയും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെയാകെ പിന്തുണയോടെയാണ് അസമോവ ഗ്യാനി ന്റെ നേതൃത്വത്തില്‍ ഘാന കളംനിറഞ്ഞത്. അവരുടെ ഓരോ മുന്നേറ്റത്തിനും കാതടപ്പിക്കുന്ന വുവുസേലകളുടെ അലമുറകള്‍ക്കും മീതെ തപ്പുമേളങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ ജനത ആവേശം പകര്‍ന്നു.  


ഘാനയ്ക്കും ആവേശത്തിനും കുറുകെ ഉറുഗ്വെയുടെ എക്കാലത്തെയും ഇതിഹാസമായി വാഴ്ത്തപ്പെട്ട ഡീഗോ ഫോര്‍ലാന്റെ കുളമ്പടി മാത്രം... ഫോര്‍ലാന് പിന്നില്‍ ഹൃദയം കൊരുത്ത് സുവാരസും എഡിന്‍സണ്‍ കവാനിയും... ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ മിഡ് ഫീല്‍ഡര്‍ സുള്ളി മുന്തേരിയുടെ ഗോളിലൂടെ ഘാന മുന്നിലെത്തിയപ്പോള്‍ ആഫ്രിക്കയാകെ അവര്‍ക്കായി ആര്‍ത്തുവിളിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍, കളിയുടെ 54-ാം മിനിറ്റില്‍ ഫോര്‍ലാന്‍ ഗോള്‍ മടക്കി. പൂര്‍ണസമയവും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ഗോളെന്നുറപ്പിച്ച ഘാനയുടെ മുന്നേറ്റത്തിനു മുന്നില്‍ സുവാരസ് വിലങ്ങുതടിയായി. കളിയുടെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി ഗോള്‍ലൈനില്‍ നിന്ന് സുവാരസ് ഗോളെന്നുറച്ച ആ ഷോട്ട് കൈ കൊണ്ട് ഇടിച്ചുതെറിപ്പിച്ചു.  

ചുവപ്പ് കാര്‍ഡ് ഉറപ്പെന്നറിഞ്ഞിട്ടും സുവാരസ് അത് ചെയ്തു. നെറികേട് എന്ന് കമന്ററി ബോക്‌സിലും കളിയെഴുത്തുമേശകളിലും അവന് പേര് വീണു. വലയ്ക്കു മുന്നില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ഗോള്‍കീപ്പര്‍ നെസ്റ്റര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര മൈക്കളില്‍ സുവരാസിന് അത്രമേല്‍ വിശ്വാസമായിരുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുസ്‌ലേര മാജിക്കിന് മുന്നില്‍ ഘാന കൊമ്പുകുത്തുമ്പോള്‍ സൈഡ് ബെഞ്ചില്‍ സുവാരസ് ചിരിക്കുന്നുണ്ടായിരുന്നു.

സോക്കര്‍ സിറ്റിയില്‍ ആഫ്രിക്കന്‍ കൊമ്പന്മാരുടെ കണ്ണീര് വീണ ആ മണ്ണിലാണ് സുവാരസിന് കുരുത്തംകെട്ടവന്‍ എന്ന പേര് വീണത്. ആ കുരുത്തക്കേടിലൂടെയാണ് അയാള്‍ സൂപ്പര്‍താരമായി ഉയര്‍ന്നത്. അതികായന്മാരുടെ നിഴലിലൂടെയാണ് പലപ്പോഴും തിരിച്ചറിയപ്പെട്ടതെങ്കിലും, എല്ലാ ഗോള്‍ചിത്രങ്ങള്‍ക്കുമപ്പുറം ആ പേരിനൊരു ചന്തമുണ്ട്. ചിരിയുടെയും കണ്ണീരിന്റെയും നനവുണ്ട്. അസമോവ ഗ്യാന്‍ ഉതിര്‍ത്ത കണ്ണുനീരിനും ഡീഗോ ഫോര്‍ലാന്റെ വിജയസ്മിതത്തിനും പിന്നില്‍ നാടിനായി സ്വയം നഷ്ടപ്പെട്ടവന്റെ വികൃതിയുണ്ട്. ഖത്തറിന്റെ ആരവങ്ങളില്‍ സുവാരസും ജ്വലിക്കും. മുന്നേറിയും പിന്നോട്ടിറങ്ങിയും സ്വയം മറക്കുന്നവന്റെ പോരാട്ടങ്ങളില്‍ ലോകം മതിമറക്കും.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.