×
login
മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സംവരണാനുകൂല്യം നല്‍കരുത്; മതപരിവര്‍ത്തനം ഹിന്ദുജനസംഖ്യ കുറയുന്നതിന് കാരണം: ആര്‍എസ്എസ്‍‍

ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു.

പ്രയാഗ്‌രാജ്(യുപി): മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സംവരണാനുകൂല്യം നല്‍കരുതെന്നാണ് ആര്‍എസ്എസിന്റെ  നലാപാടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.  

മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുജനസംഖ്യ കുറയുന്നതിന് കാരണമായിട്ടുണ്ടെന്നും അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ ഭാഗമായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍  സര്‍കാര്യവാഹ് പറഞ്ഞു. മതപരിവര്‍ത്തതനം നടത്തിയവരുടെ സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് രൂപം നല്‍കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് സംഭവിക്കുന്ന ജനസംഖ്യാവിസ്‌ഫോടനം ആശങ്കാജനകമാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് പൊതുബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.  


ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു. നമ്മുടെ രാജ്യവും വിഭജിക്കപ്പെട്ടത് ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടായി ജനസംഖ്യാനിയന്ത്രണത്തില്‍ പുലര്‍ത്തിയ ഊന്നല്‍ മൂലം ഓരോ കുടുംബത്തിന്റെയും ശരാശരി ജനസംഖ്യാവളര്‍ച്ച 3.4ല്‍ നിന്ന് 1.9 ആയി കുറഞ്ഞു. ഇതുമൂലം യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്ന കാലംവരുമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  

സ്വത്വാഭിമാനം മൂലം രാജ്യത്തെ വനവാസിസമൂഹം ഹിന്ദുത്വബോധം ആര്‍ജിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി ഗോത്രസമൂഹം സംഘത്തിന്റെ ആദര്‍ശത്തെ വരവേല്‍ക്കുകയാണ്. 'ഞങ്ങളും ഹിന്ദുക്കളാണ്' എന്ന് അഭിമാനത്തോടെ അവര്‍ പറയുന്നു. മേഘാലയയിലെയും ത്രിപുരയിലും ഗോത്രജനത സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതിനെ അവരുടെ വിശേഷ അവസരങ്ങളില്‍ പങ്കുകൊള്ളാന്‍ ക്ഷണിച്ചത് അതിന്റെ അടയാളമാണെന്ന്  സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.