×
login
മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ല.: ആര്‍എസ്എസ്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

തൊട്ടു കൂടായ്മ രാജ്യത്തു നിന്ന് പൂര്‍ണമായും ഇല്ലാതാക്കണം

പാനിപ്പത്ത്(ഹരിയാന): ദേശീയ ഐക്യത്തിന് വേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ലെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമല്‍ഖയിലെ സേവാസാധനാകേന്ദ്രത്തില്‍ അഖില ഭാരതീയ പ്രതിനിധിസഭാ ബൈഠക്കിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭാഷയുടെ പേരില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടായി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നവര്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ പ്രാദേശിക ഭാഷാ ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ല. നാഗാലാന്റില്‍ അടക്കം ഹിന്ദി ട്യൂഷന്‍ സെന്ററുകള്‍ വര്‍ദ്ധിക്കുകയാണെന്നും പല പല ഭാഷകള്‍ പഠിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ്. സുപ്രീംകോടതിയും ഗാന്ധിജിയും വരെ ഇതെപ്പറ്റി ആശങ്കപ്പെട്ടിട്ടുണ്ട്. ജാതി സെന്‍സസ് മുമ്പ് സര്‍ക്കാര്‍ നടത്തിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. ജാതി ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണെന്നും തൊട്ടുകൂടായ്മ രാജ്യത്തുനിന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കേണ്ടതുണ്ടെന്നും സര്‍കാര്യവാഹ് പറഞ്ഞു. 

2025 വിജയദശമി മുതല്‍ ഒരു വര്‍ഷം ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ നടക്കും. ശതാബ്ദി പരിപാടികള്‍ സംബന്ധിച്ച അന്തിമ രൂപം അടുത്ത വര്‍ഷത്തെ അഖിലഭാരതീയ പ്രതിനിധിസഭ തയ്യാറാക്കും. അതിന് മുന്നോടിയായി സംഘപ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ പൗരന്മാരുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവല്‍ക്കരണ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റണം. നമ്മുടെ ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്. കുടുംബ പ്രബോധനം, സാമൂഹ്യ സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ആചരണം, പൗരബോധം എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.

 സ്വവര്‍ഗ്ഗ വിവാഹം അനുവദനീയമല്ലെന്ന നിലപാടാണ് സംഘത്തിനുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി സര്‍കാര്യവാഹ് വ്യക്തമാക്കി. എതിര്‍ലിംഗത്തിലുള്ളവര്‍ തമ്മില്‍ വേണം വിവാഹിതരാവേണ്ടത്. ഒരേ ലിംഗത്തിലുള്ളവര്‍ ഒരുമിച്ചു താമസിക്കുന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ ഹിന്ദു ജീവിതദര്‍ശനമനുസരിച്ച് വിവാഹമെന്നത് സ്ത്രീയും പുരുഷനും കുടുംബത്തിനായും സമൂഹത്തിനായും ഒന്നുചേരുന്നതാണ്. 


വിദേശരാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലേക്കാള്‍ മികച്ച അധ്യാപകര്‍ ഇന്ത്യയിലെ സര്‍വ്വകലാശാലകളിലുണ്ട്. എന്നാല്‍ വിദേശ ബിരുദത്തിന് വേണ്ടിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നത്. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ പ്രതിനിധികളായി അവിടെ പ്രവര്‍ത്തിക്കണം. 

മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ല. ഈ ലോകത്തെ തന്നെ ഒന്നായി കണ്ടു പ്രവര്‍ത്തിക്കുന്ന സംഘം ആരുമായും കൂടിക്കാഴ്ചകള്‍ നടത്താന്‍ തയ്യാറാണ്. ഇത്തരം കൂടിക്കാഴ്ചകളില്‍ സ്വാഭാവികമായും പല കാര്യങ്ങളും ചര്‍ച്ചയാവുമെന്നും, കാശി, മഥുര പുണ്യകേന്ദ്രങ്ങള്‍ ഹിന്ദുസമൂഹത്തിന് തിരികെ ലഭിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമായി സര്‍കാര്യവാഹ് പറഞ്ഞു. 

ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, സഹപ്രചാര്‍ പ്രമുഖന്മാരായ നരേന്ദ്ര ഠാക്കൂര്‍, അലോക് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.