×
login
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം

ലോക്ക്ഡൗണ്‍ സമയത്ത്, സമ്പര്‍ക്കരഹിതപരിചരണത്തെ ഉള്‍ക്കൊള്ളാന്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനിലേക്കു നീങ്ങിയതിനാല്‍ ഡിജിറ്റല്‍ ആരോഗ്യപ്രതിവിധികള്‍ ആരോഗ്യപരിപാലനത്തിലെ വിടവു നികത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു

ഡോ. ആര്‍ എസ് ശര്‍മ

സിഇഒ, ദേശീയ ആരോഗ്യ അതോറിറ്റി  

 

ഡിജിറ്റല്‍ പരിവര്‍ത്തനം ഇന്നു നമ്മുടെ ജീവിതത്തിന്റെ സര്‍വമേഖലകളിലും വ്യാപിച്ചിരിക്കുന്നു. കൃഷി, ധനകാര്യം, വിദ്യാഭ്യാസം, ഏറ്റവും പ്രധാനമായി, ആരോഗ്യം എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇതിന്റെ സ്വാധീനം പ്രകടമാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നസമ്പദ്വ്യവസ്ഥ എന്ന നിലയില്‍, ആധാര്‍ എന്ന ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം, ആധാറുമായി ബന്ധപ്പെട്ടു നിര്‍മിച്ച പൊതു ഡിജിറ്റല്‍ സാമഗ്രികള്‍ (ഡിപിജി), ഏകീകൃത പണമിടപാടു സംവിധാനം (യുപിഐ) എന്നിവ പോലുള്ള ഡിപിജികള്‍ നിര്‍മിച്ച് ഇന്ത്യ ഡിജിറ്റല്‍ വൈദഗ്ധ്യം തെളിയിച്ചു. 1.3 ബില്യണ്‍ പേര്‍ രജിസ്റ്റര്‍ചെയ്ത ആധാര്‍, ഇന്ത്യയുടെ പൊതു സേവന വിതരണ കേന്ദ്രമായി മാറി. യുപിഐയാകട്ടെ, പണമിടപാടുരീതിയെ മാറ്റിമറിച്ചു. പ്രതിമാസം 12 ലക്ഷം കോടിയിലധികം മൂല്യമുള്ള 7 ബില്യണ്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി. സാങ്കേതികവിദ്യാധിഷ്ഠിതമായ നമ്മുടെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, 1.2 ബില്യണ്‍ വയര്‍ലെസ് കണക്ഷനുകളിലൂടെയും 800 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളിലൂടെയും രാജ്യത്തിന്റെ എല്ലാ കോണിലുമെത്തി. കോവിഡ് മഹാമാരിക്കാലത്തു നമ്മുടെ രാജ്യം വിവരവിനിമയസാങ്കേതികവിദ്യകള്‍ (ഐസിടി) പരമാവധി പ്രയോജനപ്പെടുത്തി.

ലോക്ക്ഡൗണ്‍ സമയത്ത്, സമ്പര്‍ക്കരഹിതപരിചരണത്തെ ഉള്‍ക്കൊള്ളാന്‍ സംവിധാനങ്ങള്‍ ഓണ്‍ലൈനിലേക്കു നീങ്ങിയതിനാല്‍ ഡിജിറ്റല്‍ ആരോഗ്യപ്രതിവിധികള്‍ ആരോഗ്യപരിപാലനത്തിലെ വിടവു നികത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. ഇത് ആഗോള പ്രതിസന്ധിക്കിടയില്‍ രോഗികളുടെ ആരോഗ്യപരിരക്ഷയ്ക്കായുള്ള നീക്കങ്ങള്‍ സൗകര്യപ്രദമാക്കി. കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (കോവിന്‍), ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എന്നിവ പകര്‍ച്ചവ്യാധിസമയത്തു വികസിപ്പിച്ചെടുത്ത ഡിപിജികളുടെ ചില ഉദാഹരണങ്ങളാണ്. സമഗ്ര വാക്‌സിനേഷന്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണമായും ഡിജിറ്റല്‍ സമീപനം സ്വീകരിക്കാന്‍ കോവിന്‍ ഇന്ത്യയെ പ്രേരിപ്പിക്കുകയും 2.2 ബില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ പ്രാപ്തമാക്കുകയും ചെയ്തു. അതേസമയം, ആരോഗ്യ സേതു ആപ്ലിക്കേഷന്‍ പൗരന്‍മാരെ തങ്ങളുടെ പ്രദേശങ്ങളിലെ അപകടസാധ്യത വിലയിരുത്താന്‍ സഹായിക്കുന്നതിനു സജീവ കേസുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളെയും കുറിച്ചുള്ള തത്സമയവിവരം നല്‍കി. 220 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്ലിക്കേഷനാണ് ഇത്. ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമുകളെ ഉപയോക്താക്കള്‍ വലിയ തോതിലാണ് ഏറ്റെടുത്തത്. 85% ഡോക്ടര്‍മാരും പകര്‍ച്ചവ്യാധിസമയത്തു ടെലികണ്‍സള്‍ട്ടേഷനുകള്‍ ഉപയോഗിച്ചതിനാലാണിത്. പരിശോധനകള്‍, നിരീക്ഷണം, വിദൂരമേഖലകളിലെ ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെ ആരോഗ്യപരിപാലന സേവനങ്ങളിലേക്ക് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ മികച്ച സംയോജനത്തിന്റെ ആവശ്യകതയ്ക്ക് ഇതെല്ലാം അടിവരയിടുന്നു.

പകര്‍ച്ചവ്യാധിയുടെ സ്വാധീനമാണ് ആരോഗ്യസേവനങ്ങളില്‍ ഡിജിറ്റല്‍ നവീകരണത്തിന്റെയും സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുടെയും പ്രയോജനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതെങ്കിലും സ്വകാര്യസ്ഥാപനങ്ങള്‍, ആരോഗ്യ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖര്‍, പൊതുമേഖല എന്നിവ കുറച്ചുകാലമായി ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പാതയിലാണ്. ഈ മേഖലയില്‍ നിലവിലുള്ള ശ്രമങ്ങള്‍ ഒന്നിച്ചുകൊണ്ടുവരാനും ക്രിയാത്മകവും സമഗ്രവും പൗരകേന്ദ്രീകൃതവുമായ ആരോഗ്യപരിപാലനത്തിലേക്കു നീങ്ങാനും സമഗ്രമായ ഡിജിറ്റല്‍ ആരോഗ്യപരിപാലന ആവാസവ്യവസ്ഥ ആവശ്യമാണെന്നു വ്യക്തമായിരിക്കുകയാണ്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ആരോഗ്യം പ്രാപ്തമാക്കുന്നത് അനിവാര്യമായ ആശയമാണെന്ന് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഈ ആവശ്യം തിരിച്ചറിഞ്ഞ്, ആരോഗ്യപരിപാലനത്തിനായി രാജ്യവ്യാപകമായ ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തിനായി കേന്ദ്രഗവണ്‍മെന്റ് ചട്ടക്കൂടു വികസിപ്പിക്കുകയും ചെയ്തു. 2021 സെപ്റ്റംബര്‍ 27ന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു (എബിഡിഎം) തുടക്കംകുറിച്ചത്, രാജ്യത്ത് ആരോഗ്യപരിപാലനം നിര്‍ണായകഘട്ടത്തിലെത്തിക്കാന്‍ കാരണമായി.  ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍, ഡിജിറ്റല്‍ പാതകളിലൂടെ പ്രാപ്യമാകുന്നതും ചെലവുകുറഞ്ഞതും സമഗ്രവുമായ ആരോഗ്യപരിരക്ഷ നല്‍കുന്നതിനുള്ള കരുത്തുറ്റ ചട്ടക്കൂടു സ്ഥാപിക്കാന്‍ എബിഡിഎമ്മിനായി.

ഈ വര്‍ഷം ജി20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുയാണ്. ഈ അവസരത്തില്‍ ഡിജിറ്റല്‍ ആരോഗ്യത്തെക്കുറിച്ചുള്ള ജി20 ഗ്ലോബല്‍ ഇനിഷ്യേറ്റീവ് വ്യവസ്ഥാപിതമായ ചട്ടക്കൂടൊരുക്കാനുള്ള ശ്രമത്തിലാണ്. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ത്വരിതപ്പെടുത്തുന്നതിന്, ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ആഗോള ശ്രമങ്ങളും ആഗോള ഡിപിജികളായി ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വ്യാപ്തിയും ഒരുമിച്ചുകൊണ്ടുവരുന്നതിനുള്ള സമ്പര്‍ക്ക ആരോഗ്യസംവിധാനത്തിനായാണ് ഇത് ആഹ്വാനം ചെയ്യുന്നത്. ഈ സംരംഭത്തിനു രൂപരേഖയൊരുക്കുന്നതില്‍ എബിഡിഎം സഹായകമാകും. പരിചരണദാതാക്കള്‍ക്കും മരുന്നുകള്‍ക്കുമായുള്ള അംഗീകൃതരേഖകള്‍, ആരോഗ്യ ആവശ്യകതകള്‍ നിറവേറ്റുന്ന അംഗീകൃത മാനദണ്ഡങ്ങള്‍, സുരക്ഷയും ഉള്‍ച്ചേര്‍ക്കലും ഉറപ്പാക്കുന്ന കേന്ദ്രീകൃതസംഭരണസംവിധാനം എന്നിവ പോലുള്ള അടിസ്ഥാനസംവിധാനങ്ങള്‍ ഇതിലൂടെ ഉള്‍പ്പെടുത്താന്‍ കഴിയും. മറ്റു രാജ്യങ്ങള്‍ക്ക് അവരുടെ ജനസംഖ്യാമാനദണ്ഡങ്ങളനുസരിച്ച് ഇന്ത്യ സ്വീകരിച്ച ആരോഗ്യസംവിധാനമാതൃകകള്‍ ആവര്‍ത്തിക്കാനുമാകും.

ഡിജിറ്റല്‍ ആരോഗ്യ പരിപാലന ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാവരെയും കൂട്ടിയിണക്കുന്നതിന് എബിഡിഎം സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ പൗരനും വേണ്ടിയുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എബിഎച്ച്എ) നമ്പര്‍ ആരോഗ്യപരിപാലന ദാതാക്കളിലുടനീളം രോഗികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. എബിഎച്ച്എയും അതുമായി ബന്ധപ്പെട്ട വ്യക്തിഗത ആരോഗ്യ റെക്കോര്‍ഡ് (പിഎച്ച്ആര്‍) ആപ്ലിക്കേഷനും ഉപയോഗിച്ച്, ആരോഗ്യ പരിപാലന സേവനങ്ങള്‍ പ്രാപ്യമാക്കാന്‍, പൗരന്മാര്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കാനും സൂക്ഷിക്കാനും പങ്കിടാനും കഴിയും. ഇതു ദീര്‍ഘകാലത്തേക്കുള്ള ആരോഗ്യസംബന്ധമായ ഡാറ്റ സൃഷ്ടിക്കുന്നു. മികച്ച രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഡോക്ടര്‍മാരെ ഇതു സഹായിക്കുന്നു. 300 ദശലക്ഷത്തിലധികം എബിഎച്ച്എകളും 50 ദശലക്ഷം ആരോഗ്യരേഖകളും ബന്ധിപ്പിച്ച് ദൗത്യം അതിവേഗം വളരുകയാണ്.

ഹെല്‍ത്ത് ഫെസിലിറ്റി രജിസ്ട്രിയും (എച്ച്എഫ്ആര്‍) ഹെല്‍ത്ത് പ്രൊഫഷണല്‍ രജിസ്ട്രികളും (എച്ച്പിആര്‍) വ്യത്യസ്ത ചികിത്സാ സംവിധാനങ്ങളിലുടനീളമുള്ള വലുതും ചെറുതുമായ പൊതു, സ്വകാര്യ ആരോഗ്യസൗകര്യങ്ങള്‍ക്കും ആരോഗ്യ പ്രൊഫഷണലുകള്‍ക്കും പരിശോധിച്ചുറപ്പിച്ച ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമേകുന്നു. ഇത് കേന്ദ്ര ഡിജിറ്റല്‍ ആവാസവ്യവസ്ഥയുമായുള്ള ബന്ധിപ്പിക്കല്‍ പ്രാപ്തമാക്കുകയും ആരോഗ്യപരിപാലന ദാതാവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുള്ള ശരിയായ ഉറവിടമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.


എച്ച്എഫ്ആറും എച്ച്പിആറും മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ സാന്നിധ്യം കെട്ടിപ്പടുക്കാനും സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വാഗ്ദാനം ചെയ്യാനും ഇതു സഹായിക്കുന്നു. ആരോഗ്യപരിപാലന സേവനങ്ങള്‍ തേടുന്ന പൗരന്മാരില്‍ വിശ്വാസം വളര്‍ത്താനും ഇതിനാകും. ഇന്ത്യന്‍ വിപണിയില്‍ അംഗീകൃത മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ട്, എല്ലാ അംഗീകൃത മരുന്നുകളുടെയും കേന്ദ്രീകൃത ശേഖരം സൃഷ്ടിക്കുന്നതിനു രൂപകല്‍പ്പനചെയ്ത നിര്‍ണായക സംവിധാനമാണു ഡ്രഗ് രജിസ്ട്രി.

ബാങ്കിങ് മേഖലയിലെ ഏകീകൃത പണമിടപാടു സംവിധാനത്തിനു (യുപിഐ) സമാനമായി, എല്ലാ ആരോഗ്യസേവനദാതാക്കളെയും അന്തിമമായ ഉപയോക്തൃ ആപ്ലിക്കേഷനുകളെയും കൂട്ടിയിണക്കി ആരോഗ്യമേഖലയ്ക്കു കരുത്തുപകരുന്നതു ലക്ഷ്യമിട്ടുള്ള മറ്റൊരു ഡിപിജിയാണു യൂണിഫൈഡ് ഹെല്‍ത്ത് ഇന്റര്‍ഫേസ് (യുഎച്ച്ഐ). സേവനങ്ങള്‍ കണ്ടെത്തല്‍, അപ്പോയിന്റ്മെന്റ് ബുക്കിങ്, ടെലികണ്‍സള്‍ട്ടേഷനുകള്‍, ആംബുലന്‍സ് പ്രാപ്യമാകല്‍ എന്നിവയ്ക്കായി തടസരഹിതസേവനം ഇതു പ്രദാനംചെയ്യും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് പ്രോട്ടോക്കോളുകള്‍ അടിസ്ഥാനമാക്കിയുള്ള യുഎച്ച്ഐക്ക്, പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയാത്ത വ്യത്യസ്ത ഡിജിറ്റല്‍ പ്രതിവിധികളുടെ, നിലവിലെ വെല്ലുവിളിയെ നേരിടാനും കഴിയും.

യുഎച്ച്ഐക്ക് ആവശ്യമായ ഉത്തേജനം നല്‍കുന്നതിന്, ഏറ്റവും ജനപ്രിയമായ രണ്ട് ആപ്ലിക്കേഷനുകളായ ആരോഗ്യ സേതു, കോവിന്‍ എന്നിവ ഗവണ്മെന്റ് പുനര്‍നിര്‍മിക്കുകയാണ്. ആരോഗ്യ സേതു പൊതുവായ ആരോഗ്യ-ക്ഷേമ ആപ്ലിക്കേഷനായി രൂപാന്തരപ്പെടും. അതേസമയം, ജനങ്ങളിലേക്കു ഡിജിറ്റല്‍വല്‍ക്കരണം കൊണ്ടുവരുന്നതിന്, ചെറിയ ക്ലിനിക്കുകള്‍ക്കായി ലൈറ്റ് വെയ്റ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്എംഐഎസ്) ഉപയോഗിച്ച് കോവിന്‍ പ്ലഗ് ചെയ്യും. എബിഡിഎമ്മിന്റെ മറ്റൊരു സേവനം സ്‌കാന്‍ ആന്‍ഡ് ഷെയറാണ്. ഇത് ആശുപത്രി കൗണ്ടറുകളിലെ ക്യൂ നിയന്ത്രിക്കുന്നതിനു ക്യുആര്‍ കോഡ് അധിഷ്ഠിത ടോക്കണ്‍ സംവിധാനം ഉപയോഗിക്കുന്നു. വലിയ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് രജിസ്‌ട്രേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇത് എബിഎച്ച്എ, പിഎച്ച്ആര്‍ എന്നിവയുടെ അടിസ്ഥാനഘടകങ്ങള്‍ ഉപയോഗിക്കുന്നു. ഇതു രോഗികള്‍ സാധാരണയായി അഭിമുഖീകരിക്കുന്ന നീണ്ട വരികളും കാത്തിരിപ്പു സമയവും ഗണ്യമായി കുറയ്ക്കുന്നു. ഇതു രോഗികള്‍ക്കു സൗകര്യം വര്‍ധിപ്പിക്കുകയും ആശുപത്രികളുടെ എച്ച്എംഐഎസിലേക്ക് രോഗിയുടെ വിവരങ്ങള്‍ തടസമില്ലാതെ കൈമാറ്റം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വിവിധ ഡിജിറ്റല്‍ പ്രതിവിധികള്‍ നടപ്പാക്കുന്നതിലൂടെ, ഹെല്‍ത്ത് ക്ലെയിം എക്സ്ചേഞ്ച് (എച്ച്‌സിഎക്‌സ്) പ്ലാറ്റ്ഫോംവഴി, പണമടയ്ക്കുന്നവരും ദാതാക്കളും ഗുണഭോക്താക്കളും തമ്മിലുള്ള ഇന്‍ഷുറന്‍സ് ക്ലെയിം തീര്‍പ്പുകല്‍പ്പിക്കല്‍ പ്രക്രിയ ഡിജിറ്റല്‍വല്‍ക്കരിക്കുകയും സ്വയംപ്രേരിതമാക്കുകയും ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഇതു ക്ലെയിമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാവുന്നതും ഓഡിറ്റുചെയ്യാവുന്നതും പിന്തുടരാവുന്നതുമാക്കും. വിവിധ സ്ഥാപനങ്ങള്‍ക്കിടയില്‍ പരസ്പരപ്രവര്‍ത്തനക്ഷമമാക്കുകയും ക്ലെയിം നടപടിക്രമങ്ങള്‍ ചെലവുകുറഞ്ഞതും സുതാര്യവുമാക്കുകയും ചെയ്യും.

ഹീല്‍ ബൈ ഇന്ത്യ (എച്ച്ബിഐ) ഉപയോഗിച്ച് ആരോഗ്യപരിപാലന മേഖലയില്‍ ഡിജിറ്റല്‍ സംരംഭങ്ങള്‍ വ്യാപിപ്പിക്കാനും, ലോകമെമ്പാടുമുള്ള ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ആരോഗ്യപരിപാലന വിദഗ്ധരെ ലഭ്യമാക്കാനും ഗവണ്മെന്റ് പദ്ധതിയിടുന്നുണ്ട്. കൂടാതെ അവയവദാനം, കോശദാനം എന്നിവ സ്വയംപ്രേരിതമാക്കുന്നതിനുള്ള വേദിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആവശ്യമുള്ളവര്‍ക്കായി ഈ പ്രക്രിയ വേഗത്തിലാക്കുകയും സുതാര്യമാക്കുകയും ചെയ്യും.

എബിഡിഎം ആരോഗ്യമേഖലയിലെ വിലയേറിയ സ്വത്താണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങളിലുടനീളം അതു വ്യാപിപ്പിക്കുന്നതു ബഹുമുഖ സമീപനത്തിലൂടെ ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) ത്വരിതപ്പെടുത്തുന്നു. പൗരന്മാരുടെ പങ്കാളിത്തത്തിനായുള്ള ബഹുജന മാധ്യമ പ്രചാരണങ്ങള്‍, സാമ്പത്തിക പ്രോത്സാഹനങ്ങള്‍, ശേഷി വര്‍ധിപ്പിക്കല്‍, മാനവവിഭവശേഷിയെ പരിശീലിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, റഫറന്‍സ് സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കല്‍, ഡിജിറ്റല്‍ ആരോഗ്യ വ്യവസായത്തില്‍ സ്വകാര്യ-ആഗോള ഭീമന്‍മാരുമായുള്ള പങ്കാളിത്തം, പങ്കാളികള്‍ക്ക് സമഗ്ര പിന്തുണ നല്‍കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എബിഡിഎം നടപ്പാക്കുന്നതില്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമാണ്.

ആരോഗ്യത്തിനായുള്ള സുസ്ഥിര ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനും സാര്‍വത്രികമായ ആരോഗ്യപരിരക്ഷ കൈവരിക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യത്തിലേക്കു സംഭാവന നല്‍കുന്നതിനും ഇന്ത്യയെ പ്രാപ്തമാക്കാനും, തുടര്‍ച്ചയായ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമാണ് എബിഡിഎം ലക്ഷ്യമിടുന്നത്. ജി20ന്റെ 'വസുധൈവ കുടുംബകം' അഥവാ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയത്തെ ഈ ദൗത്യം ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ത്യയില്‍ ചെലവുകുറഞ്ഞതും ഏവര്‍ക്കും പ്രാപ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിപാലന ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എബിഡിഎം.

 

***

 

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.