×
login
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നവംബര്‍ ഒന്നു മുതല്‍ നില്‍പ് സമരം ആരംഭിക്കുന്നു

നവംബര്‍ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തു കൊണ്ട് പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ അറിയിച്ചു

തിരുവനന്തപുരം:ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നവംബര്‍ ഒന്നു മുതല്‍ നില്‍പ് സമരം ആരംഭിക്കുന്നു. തളരാത്ത കോവിഡ്  പോരാട്ടത്തിനിടയിലും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിര്‍വ്വഹണവും നടത്തുന്നത്. ദിവസേന പതിനായിരത്തിനടുത്ത് പുതിയ കോവിഡ് രോഗികള്‍ ഉള്ള  സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ അമിത ജോലിഭാരം പേറുന്ന ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ അവരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്.  ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എന്‍ട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കിയതും, റേഷ്യോ പ്രമോഷന്‍ എടുത്തു കളഞ്ഞതും മൂന്നാം ഹയര്‍ഗ്രേഡ് അനുവദിക്കാത്തതും ഇതില്‍ ചിലതു മാത്രം.

ഈ കാര്യങ്ങള്‍ പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു വിധ പരിഗണയും വിഷയത്തില്‍ ഉണ്ടായിട്ടില്ല. കോവിഡ് കാലത്തും ഈ കടുത്ത അവഗണനയും നീതി നിഷേധം സര്‍ക്കാര്‍ ഡോക്ടര്‍മാരോടുണ്ടായതിനെ തുടര്‍ന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പരസ്യ പ്രതിഷേധത്തിന് നിര്‍ബന്ധിതമായി.

രോഗീ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര മുറകളാണ് സംഘടന നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നിന്നുകൊണ്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.

ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഭാവിക്കുന്ന സര്‍ക്കാരിന് മുന്നില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംഘടന നിര്‍ബന്ധിതമാവുകയാണ്.

ഇതിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബര്‍ 1 മുതല്‍ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ്പ് സമരം ആരംഭിക്കുകയാണ്. . സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ  ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമാകും.

ഈ പ്രതിഷേധവും സര്‍ക്കാര്‍ അവഗണിക്കുകയാണെകില്‍ നവംബര്‍ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തു കൊണ്ട് പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ അറിയിച്ചു

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.