×
login
മികച്ച ആയുര്‍വേദ കേന്ദ്രമാകാനുള്ള കേരളത്തിന്റെ സാധ്യത;സെമിനാര്‍ മാര്‍ച്ച് 14 ന്

കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ വീക്ക് വണ്‍ ലാബ് സംരംഭത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ വിദഗ്ധര്‍ പങ്കെടുക്കും

തിരുവനന്തപുരം: ആയുര്‍വേദ മേഖലയെ ശാസ്ത്രീയമായി വികസിപ്പിച്ച് ആയുര്‍വേദത്തിന്റെ മികച്ച കേന്ദ്രമായി മാറാനുള്ള കേരളത്തിന്റെ വിപുലമായ സാധ്യതകളെക്കുറിച്ചുള്ള ഏകദിന സെമിനാര്‍ പാപ്പനംകോട്ടെ സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ മാര്‍ച്ച് 14 ന് നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ വീക്ക് വണ്‍ ലാബ് സംരംഭത്തിന്റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ എന്‍ഐഐഎസ്ടി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ആരോഗ്യപരിപാലന മേഖലയിലെ വികസനത്തിനായി ഇന്ത്യയുടെ സമ്പന്നമായ ആയുര്‍വേദ അറിവുകളുടെ ശാസ്ത്രീയമായ സാധൂകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള സെമിനാര്‍ 'ആയുര്‍സ്വാസ്ഥ്യ' എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ആയുഷ് മന്ത്രാലയത്തിലെ ആയുര്‍വേദ ഉപദേഷ്ടാവ് ഡോ.മനോജ് നേസരി മുഖ്യാതിഥി ആയിരിക്കും. ലക്‌നൗവിലെ സിഎസ്‌ഐആര്‍സിഡിആര്‍ഐ ഡയറക്ടര്‍ ഡോ.രാധാ രംഗരാജന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാര്‍ ആയുഷ് സ്‌പെഷ്യല്‍ സെക്രട്ടറി കേശവേന്ദ്രകുമാര്‍, ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ടികെഡിഎല്‍ മേധാവി ഡോ.വിശ്വജനനി സട്ടിഗേരി,  കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയര്‍ എന്നിവര്‍ പങ്കെടുക്കും.

വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളാല്‍ സമ്പന്നമായ കേരളം ആയുര്‍വേദത്തിന്റെ അറിയപ്പെടുന്ന കേന്ദ്രവും ഈ ചികിത്സാസമ്പ്രദായം പരിപൂര്‍ണതയോടെ നിര്‍വഹിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവുമാണ്. പരമ്പരാഗത വൈദ്യ?ാരുടെ വീടുകളില്‍ മാത്രം പ്രാപ്യമായിരുന്ന ചികിത്സാരീതിയില്‍ നിന്നും അതിവിശാലമായ വിപണിസാധ്യതയുള്ള മേഖല എന്ന നിലയിലേക്ക് ആയുര്‍വേദം പരിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.

ആയുര്‍വേദ മേഖലയില്‍ ഏകദേശം 8000 ഐഎസ്എം ഇന്‍ഡസ്ട്രീസ് ഉണ്ടെങ്കിലും ഗുണനിലവാര പരിശോധന, നിയന്ത്രണ സംവിധാനങ്ങള്‍ 1000ത്തില്‍ താഴെ മാത്രമേയുള്ളൂവെന്ന് സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.ആനന്ദരാമകൃഷ്ണന്‍ പറഞ്ഞു. ആയൂര്‍വേദ ഉത്പന്നങ്ങളുടെ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനവുള്ള സാഹചര്യത്തില്‍ ഗുണനിലവാര പരിശോധനയും ശാസ്ത്രീയ മൂല്യനിര്‍ണയവും ഉറപ്പാക്കേണ്ടതുണ്ട്. ആയുര്‍വേദ വ്യവസായത്തിലെ നിലവിലുള്ള സംസ്‌കരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതും ആവശ്യമാണ്. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ മിക്ക എംഎസ്എംഇകളും അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണിത്. അക്കാദമിക്, ഗവേഷണ സാധ്യതകള്‍ ഉപയോഗിച്ച് ആയുര്‍വേദ മേഖലയിലെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിന് എന്‍ഐഐഎസ്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.


ഔഷധ സസ്യങ്ങളുടെ ബയോപ്രോസ്‌പെക്ടിങ് മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് എന്‍ഐഐഎസ്ടി. ആയുഷ് മന്ത്രാലയത്തിന്റെയും സിഎസ്‌ഐആറിന്റെയും പിന്തുണയോടെ എന്‍ഐഐഎസ്ടിയില്‍ ആയുര്‍വേദ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആയുര്‍വേദത്തിലെ എംഎസ്എംഇ വ്യവസായങ്ങള്‍ക്ക് പരിശോധന, മൂല്യനിര്‍ണയം, ഇന്‍കുബേഷന്‍ തുടങ്ങിയ സൗകര്യങ്ങളും, അത്യാധുനിക സൗകര്യങ്ങളുള്ള ആയുര്‍വേദ വ്യവസായങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ശാസ്ത്രീയപിന്തുണയും സാധുതയും നല്‍കും. മള്‍ട്ടിഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ അണുബാധകള്‍ക്കും പുതുതായി രൂപപ്പെടുന്ന വൈറസുകള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധ ഔഷധങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങളും എന്‍ഐഐഎസ്ടി ശക്തിപ്പെടുത്തും.

ആരോഗ്യപൂര്‍ണമായ ഇന്ത്യക്കായി പരമ്പരാഗത അറിവുകളുടെ ശാസ്ത്രീയ സാധൂകരണം, ഗവേഷണഅക്കാദമിക സാധ്യതകള്‍ ഉപയോഗിച്ച് ആയുര്‍വേദ എംഎസ്എംഇകളെ ശക്തിപ്പെടുത്തുക എന്നീ പാനല്‍ ചര്‍ച്ചകളാണ് സെമിനാറിലുള്ളത്. ഡോ.എസ്.രാജശേഖരന്‍ (തിരുവനന്തപുരം പാലോട് ജെഎന്‍ടിബിജിആര്‍ഐ, എത്‌നോമെഡിസിന്‍ ആന്‍ഡ് എത്‌നോഫാര്‍മക്കോളജി മുന്‍ ഡയറക്ടര്‍, ഗ്രേഡ് സയന്റിസ്റ്റ്), പ്രൊഫ.എന്‍.പുണ്യമൂര്‍ത്തി (ഇവിഎം ഹെര്‍ബല്‍ റിസര്‍ച്ച് സെന്റര്‍), ഡോ.പി.രാം മനോഹര്‍ (അമൃതപുരി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ഡയറക്ടര്‍), ഡോ.വൈദ്യ എം. പ്രസാദ് (സുനേത്രി സെന്റര്‍ ഫോര്‍ ഓട്ടിസം റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍, തൃശൂര്‍) എന്നിവരാണ് ആദ്യ സെഷനിലെ പാനലിസ്റ്റുകള്‍. പ്രൊഫ. രാജ്‌മോഹന്‍ വി. (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്), ഡോ.സനില്‍കുമാര്‍ (കോഴിക്കോട് കേരള ആയുര്‍വേദിക് കോഓപ്പറേറ്റീവ് സൊസൈറ്റി), ഡോ. പി.ആര്‍. രമേഷ് (കോട്ടക്കല്‍ ആര്യവൈദ്യശാല ക്ലിനിക്കല്‍ റിസര്‍ച്ച് ചീഫ്), ഡോ. ഷീല കാറളം ബി. (വൈദ്യരത്‌നം ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ആര്‍ ആന്‍ഡ് ഡി മേധാവി) എന്നിവര്‍ രണ്ടാമത്തെ സെഷനില്‍ പങ്കെടുക്കും. ഡോ. കെ.വി.രാധാകൃഷ്ണന്‍ ഇരു സെഷനുകളിലെയും മോഡറേറ്ററാകും.

ഔഷധസസ്യകൃഷി, ആയുര്‍വേദ ഔഷധനിര്‍മ്മാണ മേഖല, ആയുര്‍വേദ ആശുപത്രി മേഖല, ആയുര്‍വേദ ഔഷധവ്യാപാരി മേഖല, ആയുഷ് മേഖലയിലെ സംരംഭകര്‍, ആയുര്‍വേദ മരുന്ന് വിപണന വിതരണ മേഖല എന്നിവയുമായി ബന്ധപ്പെട്ട ക്ഷണിതാക്കളും പങ്കാളികളുമാണ് സെമിനാറില്‍ പങ്കെടുക്കുക. കൂടാതെ സര്‍വകലാശാലകള്‍, കോളേജുകള്‍, ദേശീയ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നവരും ആയുര്‍വേദ ഗവേഷകര്‍, ആയുര്‍വേദ മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരും സംബന്ധിക്കും.

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.