×
login
കൊറോണ; ഡോ. ഹെഗ്‌ഡെ അന്നേ പറഞ്ഞു

കൊറോണ മഹാമാരിക്കു മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുമ്പോള്‍ പതിമൂന്നുവര്‍ഷം മുന്‍പ് ഇങ്ങനെയൊരു വിപത്തിനെക്കുറിച്ച് പ്രവചനം നടത്തിയയാളാണ് ഡോ. ബി.എം. ഹെഗ്‌ഡെ. ബഹുരാഷ്ട്ര കുത്തകകളായ ഔഷധനിര്‍മാണ കമ്പനികള്‍ക്കെതിരെ ധീരമായി ശബ്ദിക്കുന്ന ഈ പ്രൊഫസര്‍ ചികിത്സയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങളേയും തുറന്നുകാട്ടുന്നു

കൊറോണ വൈറസ് വിതച്ച മഹാമാരിയില്‍ ലോകം ഞെട്ടിനില്‍ക്കേ, പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ വിപത്തിനെകുറിച്ചു  ഒരു ഭാരതീയ  ഭിഷഗ്വരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രൊഫ. ബി. എം. ഹെഗ്ഡെയാണ് മാനവരാശി നേരിടുന്ന ആധുനിക വിപത്തായ കൊറോണ വൈറസിനെക്കുറിച്ച് ശാസ്ത്രീയമായി പ്രവചനം നടത്തിയത്. 1968ല്‍ ബ്രിട്ടനില്‍ മരണതാണ്ഡവമാടിയ ഇന്‍ഫഌവന്‍സ എന്ന മഹാമാരിയുടെ വിപത്തുകള്‍  നേരിട്ട് അനുഭവിക്കാനും പഠിക്കാനും കഴിഞ്ഞ പ്രൊഫ. ഹെഗ്‌ഡെ ആധുനിക വൈദ്യശാസ്ത്രത്തിനു മുന്നില്‍ എന്നും ഒരു അദ്ഭുത പുരുഷനാണ്.

''കഴിഞ്ഞ നാല് നൂറ്റാണ്ടുകളിലായി 12 മഹാമാരികളെ ലോകം നേരിട്ടു. 1918 ലെ സ്പാനിഷ് ഫഌ തട്ടിയെടുത്തത് എട്ടുകോടി ജീവിതങ്ങള്‍. പക്ഷേ ഇന്നും സാധാരണ ജലദോഷത്തിനു പോലും മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല നമ്മുടെ ഔഷധ നിര്‍മാണ ഭീമന്മാര്‍ക്ക്,'' പ്രൊഫ. ഹെഗ്ഡെ പറയുന്നു.  

ഒരു ചുക്കു കാപ്പി കുടിക്കാം

ഭാരതത്തില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പ്രൊഫ. ഹെഗ്‌ഡെ നാലു ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്നു നാല് എഫ്ആര്‍സിപി (ഫെല്ലോ ഓഫ് ദി റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ) ബിരുദങ്ങളും നേടിയിട്ടുണ്ട്. 1968 ലെ ബ്രിട്ടീഷ് ഇന്‍ഫഌവന്‍സ എന്ന മഹാമാരിയെക്കുറിച്ചു നേരിട്ട് പഠിച്ച അപൂര്‍വം ഭിഷഗ്വരന്മാരില്‍ ഒരാളാണ് ഹെഗ്ഡെ. ഇപ്പോള്‍ മരണ നൃത്തം തുടരുന്ന കൊറോണ വൈറസ് (കോവിഡ് ) എന്ന മഹാമാരിയെക്കുറിച്ചു 2006 ലാണ് അദ്ദേഹം പ്രവചിച്ചത്. ഇന്‍ഫഌവന്‍സ എന്ന വൈറസ് ജന്യമായ രോഗത്തെക്കുറിച്ചു വിശകലനം ചെയ്ത ഹെഗ്ഡെ അന്ന് സൂചിപ്പിച്ചത് ഇതിനുള്ള പ്രതിവിധി ഭാരതീയ വിജ്ഞാന മേഖലയിലുണ്ട് എന്നാണ്.  

''പണ്ടൊക്കെ പനി, ജലദോഷം, തൊണ്ട വേദന തുടങ്ങിയ സാധാരണ അസുഖങ്ങള്‍ പിടിപെടുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുക? ഉടനെ ആശുപത്രിയിലേക്ക് ഓടാറുണ്ടായിരുന്നോ? ഇല്ല. അന്ന് വീട്ടില്‍ അമ്മൂമ്മയോ അമ്മയോ കുരുമുളകും തക്കാളിയും ചുക്കും മറ്റും ചേര്‍ത്ത് നല്ല രസം തയ്യാറാക്കി തരുമായിരുന്നില്ലെ? അതല്ലെങ്കില്‍ ചുക്കും കുരുമുളകും ചേര്‍ത്ത കാപ്പി. ഇതൊന്നും അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കവിളില്‍ കൊള്ളാന്‍ പറയും. ഇല്ലേ?'' ഡോക്ടര്‍ ഹെഗ്ഡെ ചോദിക്കുന്നു.  അവയെല്ലാമാണ് ശരിയായ ഔഷധമെന്ന് തറപ്പിച്ചു പറയുന്നു പദ്മഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ആദരിച്ച ഡോക്ടര്‍ ഹെഗ്ഡെ.

പണം വാരുന്ന പകര്‍ച്ചവ്യാധികള്‍

''ആരോഗ്യ പരിപാലനം ഒരു വ്യവസായമായി മാറിയതിന്റെ തിക്ത ഫലങ്ങളാണ് കൊറോണ വൈറസും കോവിഡും പോലുള്ള രോഗങ്ങള്‍'' എന്ന് പറയുന്നു പ്രൊഫ. ഹെഗ്ഡെ. ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഈ മേഖലയെ വിശേഷിപ്പിക്കുന്നത്. ഔഷധ നിര്‍മാതാക്കള്‍, കോര്‍പ്പറേറ്റ് ആശുപത്രികള്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന ഗൂഢസംഘം അഥവാ കാര്‍ട്ടല്‍ ഈ മേഖലയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു.

2006, 2009 വര്‍ഷങ്ങളില്‍ ലോകത്തെ വിറപ്പിച്ച പക്ഷിപ്പനി, പന്നിപ്പനി  തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വെറും തട്ടിപ്പാണെന്നു തറപ്പിച്ചു പറയുന്നു  പ്രൊഫ. ഹെഗ്ഡെ. ''ഈ രണ്ടു സാംക്രമിക രോഗങ്ങളെയും മഹാമാരികള്‍ എന്ന് വിശേഷിപ്പിച്ചു ലോകാരോഗ്യ സംഘടന. അതിനു അവര്‍ക്കു ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.  വൈറസ് എന്ന് പറയുന്നതുതന്നെ നമ്മെ ഭയപ്പെടുത്താനാണ്. രോഗാണുവിലും ചെറിയവയാണ് വൈറസ്. ഇലക്ട്രോണ്‍ മൈക്രോ സ്‌കോപ്പ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വൈറസിനെ കാണാന്‍ കഴിയൂ. സാധാരണ ഗതിയില്‍ വൈറസ് മനുഷ്യരെ ഉപദ്രവിക്കാറില്ല. എന്തെങ്കിലും അസുഖം ഉള്ളതായി നമുക്ക് തോന്നുകയും, ഡോക്ടര്‍മാര്‍ക്ക് അത് എന്താണെന്നു വിശദീകരിക്കാന്‍ കഴിയാതെയും വരുമ്പോള്‍ വൈറസ് ഒരു അനുഗ്രഹമായി മാറുന്നു. ഈ അസുഖം വൈറസ് കാരണമാണെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും സമാധാനമായി. കൂടുതല്‍ ഒന്നും ആരും ചോദിക്കില്ല. ഈ അസുഖങ്ങള്‍ക്ക് ഔഷധവും ഇല്ല. ഗവേഷണം നടന്നുവരുന്നു എന്ന മറുപടി മാത്രമാണ് നമുക്ക് ലഭിക്കുക. ഇതിന്റെ പേരില്‍ ഔഷധ നിര്‍മാണ കമ്പനികള്‍ കോടികളാണ് ഓരോ വര്‍ഷവും വാരുന്നത്. ലോകാരോഗ്യ സംഘടനയില്‍ വരെ ഔഷധ നിര്‍മാതാക്കള്‍ കടന്നുകൂടിയിട്ടുണ്ട്'' പ്രൊഫ. ഹെഗ്ഡെ വിശദീകരിക്കുന്നു.

പന്നിപ്പനിക്കു പിന്നിലെ കച്ചവടം

പന്നിപ്പനി കാരണം നൂറുകണക്കിനുപേര്‍ കൊല്ലപ്പെട്ടു എന്ന പത്രവാര്‍ത്തകള്‍ 2009ല്‍ നിത്യസംഭവം ആയിരുന്നു. നമ്മുടെ മാധ്യമങ്ങളുടെ സത്യസന്ധതയും വിശ്വസനീയതയും എല്ലാ ദിവസവും നമ്മള്‍ കാണുന്നതല്ലേ? പന്നിപ്പനി ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യുന്ന ന്യൂ റാപിഡ് ടെസ്റ്റ് സംവിധാനം നിര്‍മിക്കുന്നത് ആരാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? പന്നിപ്പനിക്കുള്ള സിദ്ധൗഷധം എന്ന് നാം കരുതുന്ന ടാമിഫഌ (Tami flu) നിര്‍മിക്കുന്ന കമ്പനിയാണ് ഈ ടെസ്റ്റ് സംവിധാനവും നിര്‍മിക്കുന്നത്. ഇനിയും വിശദീകരിക്കണമോ? പന്നിപ്പനി ഒരു മഹാമാരിയാണെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനാ വിദഗ്ധരില്‍ ഈ കമ്പനിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു എന്ന സത്യവും നമ്മില്‍നിന്ന് മറച്ചുവച്ചിരിക്കുകയാണ്'' പ്രൊഫ. ഹെഗ്ഡെ വിശദീകരിക്കുന്നു.

കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള വൈറസ് രോഗങ്ങളില്‍ നിന്നും സംരക്ഷണം നേടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. ''രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ജീവിതശൈലി പിന്തുടരുക. ആധുനിക വൈദ്യ ചികിത്സയുടെ പിതാവെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന ഹിപ്പോക്രാറ്റസ് പറയുന്നത്  ചികിത്സയേക്കാള്‍ നല്ലതു സംരക്ഷണമാണെന്നാണ്. അപൂര്‍വമായി ചികില്‍സിക്കുക, കൂടുതലായി ആശ്വസിപ്പിക്കുക, എപ്പോഴും സ്വാന്തനപ്പെടുത്തുക'' ഇതാണ് ഹിപ്പോക്രാറ്റസിന്റെ വാക്കുകള്‍.

2009 ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ എന്ന വൈദ്യശാസ്ത്ര ഗവേഷണ ജേര്‍ണലില്‍ പ്രൊഫ. ഹെഗ്ഡെ എഴുതിയ ലേഖനം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ഥ്യം ആയിരിക്കുന്നു 2020 ല്‍. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങളും ശൈലികളും ആയുര്‍വേദശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നു ഡോക്ടര്‍ ഹെഗ്ഡെ പറയുന്നു. ജനറ്റിക്‌സ് എന്ന അമേരിക്കന്‍ ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ ജനിതക ശാസ്ത്രജ്ഞനായ ഡഗ്ലസ് വാലസ്  ഇത് സമര്‍ത്ഥിച്ചു ശാസ്ത്ര ഗവേഷണ പ്രബന്ധംതന്നെ എഴുതിയിരിക്കുന്നു.

പ്രതിരോധശേഷി, അതാണെല്ലാം

രോഗ പ്രതിരോധ ശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം? ആവശ്യത്തിന് വിശ്രമവും  മതിയായ ഉറക്കവും, ലഘുഭക്ഷണവും ധാരാളം ജലപാനങ്ങളും, മദ്യവും പുകവലിയും മറ്റു ലഹരി പദാര്‍ത്ഥങ്ങളും വര്‍ജിക്കുക, വ്യായാമവും യോഗയും പ്രാണായാമം തുടങ്ങിയ ശൈലികള്‍ അനുവര്‍ത്തിക്കുക. ഇതൊക്കെയാണ് പ്രതിരോധ ശേഷി വര്‍ദ്ധനവിന് ഉത്തമമായ മാര്‍ഗങ്ങള്‍.

കൊറോണ വൈറസിനെത്തുടര്‍ന്ന് അനേകംപേര്‍ മരണപ്പെട്ടു എന്ന വാര്‍ത്തകള്‍ക്കു പിന്നിലും കച്ചവട താല്‍പര്യങ്ങളുണ്ടെന്ന് ഹെഗ്ഡെ പറയുന്നു. ''കോ -മോര്‍ബിഡിറ്റി എന്ന ഒരു അവസ്ഥയുണ്ട്. മരണപ്പെട്ടവരുടെ രോഗ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ക്കെല്ലാം കൊറോണ വൈറസിനൊപ്പം മറ്റു ഏതെങ്കിലും ഗൗരവമായ രോഗങ്ങളും ഉണ്ടായിരുന്നിരിക്കും. ആ വസ്തുത നമ്മില്‍നിന്ന് മറച്ചുവയ്ക്കും. ഞാന്‍ മാധ്യമങ്ങളെ കുറ്റം പറയില്ല. കാരണമുണ്ട്. കോടികളാണ് ഓരോ വര്‍ഷവും പരസ്യക്കൂലി ഇനത്തില്‍ അവര്‍ക്കു ഔഷധ നിര്‍മാണ കമ്പനികള്‍ നല്‍കുന്നത്. നിങ്ങള്‍ എന്റെ പുറം ചോറിയൂ, ഞാന്‍ നിങ്ങളുടെ പുറം ചൊറിയാം. ഇതാണ് അവരുടെ പ്രവര്‍ത്തന ശൈലി'' പ്രൊഫ. ഹെഗ്ഡെ പറഞ്ഞു നിര്‍ത്തി.

സ്‌പെഷ്യലിസ്റ്റ് എന്ന രോഗം

ആധുനിക ചികിത്സാ രംഗത്ത് നടമാടുന്ന അപചയങ്ങള്‍ക്കെതിരെ നിരന്തര സമരം നടത്തുന്ന വിപ്ലവകാരിയാണ് ഡോക്ടര്‍ ഹെഗ്ഡെ. രോഗങ്ങളുമായി എത്തുന്നവരെ പിഴിയുന്ന ആശുപത്രികളുടെ കോര്‍പ്പറേറ്റ് സംസ്‌കാരത്തിനും 'സ്‌പെഷ്യലിസ്റ്റ്' ഡോക്ടര്‍ ശൈലികള്‍ക്കും എതിരാണ് അദ്ദേഹം. ''രോഗത്തില്‍ നിന്നും ആശ്വാസത്തിനായി ഡോക്ടറെ സമീപിക്കുന്ന വ്യക്തികളെ ആശ്വസിപ്പിക്കാനാണ് ഭിഷഗ്വരന്‍ ശ്രമിക്കേണ്ടത്. അല്ലാതെ തന്റെ  രോഗിയെ പിഴിയാനായിരിക്കരുത് ഡോക്ടറുടെ ശ്രമം.'' ഇതാണ് ഹെഗ്ഡെ പറയുന്നത്.

ഹൃദ്രോഗത്തിനു നല്‍കുന്ന ഔഷധത്തില്‍നിന്നും പ്രമേഹവും, പ്രമേഹത്തിനു നല്‍കുന്ന മരുന്നുകളില്‍നിന്നും വൃക്ക രോഗങ്ങളും സൃഷ്ടിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത് സംബന്ധിച്ച്  ലാന്‍സെറ്റ് എന്ന അഝന്താരാഷ്ട്ര വൈദ്യ ചികിത്സ ജേര്‍ണലില്‍ പ്രൊഫ. ഹെഗ്‌ഡെയും പ്രമേഹ രോഗ വിദഗ്ധനായ ഡോക്ടര്‍ സി.വി. കൃഷ്ണസ്വാമിയും ചേര്‍ന്ന് എഴുതിയ ലേഖനം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബഹുരാഷ്ട്ര ഔഷധ നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഔഷധങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കേണ്ടി വന്നു.

ഹൃദയ ചികിത്സയുടെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന കോര്‍പ്പറേറ്റ് ആശുപത്രികളുടെ തന്ത്രവും രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഹെഗ്ഡെ തുറന്നുകാട്ടുന്നു. ബൈ പാസ് സര്‍ജറി, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എന്ന ചികിത്സാശൈലികള്‍ വന്‍ തട്ടിപ്പാണെന്നു ഹെഗ്‌ഡെ പലവട്ടം തെളിയിച്ചു. ''ഇത് കോര്‍പ്പറേറ്റ് ആശുപത്രികള്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, ഔഷധ നിര്‍മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മാഫിയയുടെ രീതിയാണ്. ബൈപാസ്, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ പണം വാരിക്കൂട്ടാനുള്ള എളുപ്പവഴിയാണ് ഈ ആശുപത്രികള്‍ക്ക്. ''    

ഹൃദയശൂന്യത ഇങ്ങനേയും സ്വകാര്യ ആശുപത്രികള്‍ അഞ്ചുലക്ഷം രൂപ മുതല്‍ ഈടാക്കുന്നു ഏറ്റവും ചെറിയ ഹൃദയ ശസ്ത്രക്രിയക്ക്. ''ഈ ശസ്ത്രക്രിയ കൂടാതെതന്നെ ഹൃദയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. നമ്മുടെ മൊബൈല്‍ ഫോണിനെ അനുസ്മരിപ്പിക്കുന്ന ഒരു സംവിധാനമുണ്ട്. എന്റെ സുഹൃത്ത് ഗ്ലെന്‍ ഗോര്‍ഡന്‍ കണ്ടുപിടിച്ച ഉപകരണം ആണിത്. ഈ ചെറിയ യന്ത്രം പുറപ്പെടുവിക്കുന്ന വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദ്‌രോഗം മാത്രമല്ല, ഒരുമാതിരി അസുഖങ്ങള്‍ എല്ലാംതന്നെ ഭേദപ്പെടുത്താമെന്നു ഞങ്ങള്‍ കണ്ടെത്തി,'' ഡോക്ടര്‍ കൃഷ്ണസ്വാമിയും ഹെഗ്‌ഡെയും പറയുന്നു. ചെന്നൈയിലും മംഗലാപുരത്തുമായി ഹൃദ്‌രോഗം, പ്രമേഹം തുടങ്ങി അനേകം രോഗങ്ങള്‍ ഹെഗ്‌ഡെയും കൃഷ്ണ സ്വാമിയും ചേര്‍ന്ന് ഭേദപ്പെടുത്തിയിട്ടുണ്ട്.

ഈ ചികിത്സാരീതി എന്തുകൊണ്ട് രാജ്യവ്യാപകം ആകുന്നില്ല എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ആരാണോ ഈ ചികിത്സ സമ്പ്രദായംകൊണ്ട് സാമ്പത്തിക നഷ്ടം നേരിടുക, അവരാണ് ഈ സംവിധാനത്തെ തകിടം മറിക്കുന്നത്!

കുമാര്‍ ചെല്ലപ്പന്‍ (പയനിയര്‍ പത്രത്തിന്റെ തമിഴ്‌നാട് പ്രതിനിധിയാണ് ലേഖകന്‍)

 

 

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.