×
login
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്; സര്‍ക്കാര്‍ വഞ്ചന കാണിക്കുന്നതായി ആരോപണം

മെഡിക്കല്‍ കോളേജൂകളിലെ അധ്യാപകരുടെ 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 4 വര്‍ഷം വൈകി 2020ല്‍ മാത്രമാണ് ലഭ്യമായത്

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം നടപ്പിലാക്കാത്തിന്റെ പേരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 21 ന് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുന്‍പില്‍ ധര്‍ണയും നടത്തും. മെഡിക്കല്‍ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെയും അന്നുമുതല്‍ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജൂകളിലെ അധ്യാപകരുടെ 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 4 വര്‍ഷം വൈകി 2020ല്‍ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ പരിഷ്‌കരണത്തില്‍ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ്, സെക്രട്ടറിഡോ. നിര്‍മല്‍ ഭാസ്‌കര്‍എന്നിവര്‍ പറഞ്ഞു

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടതും എന്‍ട്രി കേഡറില്‍ ഉള്ള യുവഡോക്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകള്‍ പരിഹരിക്കുക എന്ന പ്രധാന ആവശ്യത്തിനൊപ്പം സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കും എത്രയും വേഗം പരിഹാരം കാണണമെന്ന് സംഘടന  ആവശ്യപ്പെടുന്നു.

പ്രധാന ആവശ്യങ്ങള്‍

1. എന്‍ട്രി കേഡറില്‍ വന്നിട്ടുള്ള ശമ്പള സ്‌കെയിലിലെ അപാകതകള്‍ പരിഹരിക്കുക.

2. അസിസ്റ്റന്റ് പ്രൊഫെസ്സറില്‍ നിന്നും അസ്സോസിയേറ്റ് പ്രൊഫെസ്സര്‍ ആയുള്ള സ്ഥാനക്കയറ്റത്തിന് ഇപ്പോള്‍ നടപ്പാക്കിയ ദീര്‍ഘിപ്പിച്ച കാലയളവ് പുനഃക്രമീകരിക്കുക.

3. എല്ലാ അദ്ധ്യാപകര്‍ക്കും എത്രയും വേഗത്തില്‍ പരിഷ്‌കരിച്ച ഉത്തരവ് പ്രകാരമുള്ള പേ സ്ലിപ് ലഭ്യമാക്കുക.

4. പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയും കാലതാമസമില്ലാതെ വിതരണം ചെയ്യുക. പുതുക്കിയ ശമ്പളത്തിന്റെ എന്‍കാഷ്‌മെന്റ് ഡേറ്റ് പ്രഖ്യാപിക്കുക. പേ റിവിഷന്‍ ഓര്‍ഡറിലെ പ്രൊമോഷന്‍ ക്രൈറ്റീരിയ യുജിസി ക്രൈറ്റീരിയ എന്നതിന് പകരം NMC ക്രൈറ്റീരിയ എന്നു മാറ്റുക.

5. പുതുക്കിയ തോതിലുള്ള ഡി.എ ഉടന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും ലഭ്യമാക്കുക.

6. പത്തുവര്‍ഷത്തില്‍ കൂടുതല്‍ സേവനകാലാവധി ഉള്ള പ്രൊഫെസ്സര്‍മാരുടെ(കേഡറും / CAP യും) പേ ലെവല്‍ 15 ലേക്ക് മാറ്റി പുനഃക്രമീകരിക്കുക.

7. അസ്സോസിയേറ്റ് പ്രൊഫസര്‍ അഡിഷണല്‍ പ്രൊഫസര്‍ ആകാനുള്ള കാലാവധി 1/1/2016 മുതല്‍ 3 വര്‍ഷമായി ചുരുക്കണം.

8. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന സമയബന്ധിത സ്ഥാനക്കയറ്റം ഉടന്‍ നടപ്പിലാക്കുക.

9.റെഗുലര്‍ പ്രോമോഷനുമായി ബന്ധപ്പെട്ട ഡി.പി.സി മീറ്റിങ്ങുകള്‍ കാലതാമസമില്ലാതെ നടത്തുകയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുകയും ചെയ്യുക.

10.ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ എത്രയും വേഗം നീതിപൂര്‍വമായ തീരുമാനം എടുക്കുക.

11.അഡിഷണല്‍ പ്രൊഫസര്‍ ആയ ദിനം മുതല്‍ തന്നെ എല്ലാ അഡിഷണല്‍ പ്രൊഫസര്‍മാരെയും പ്രൊഫസറായി (CAP) പുനര്‍ നാമകരണം ചെയ്യണം.

12) മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷന്റെ സീലിംഗ്,  സെന്‍ട്രല്‍ പെന്‍ഷന്റെ സീലിംഗിന് തത്തുല്യമായി ഉയര്‍ത്തുക. NPA യും പെന്ഷന് പരിഗണിക്കണം.

13) സര്‍വീസില്‍ ഉള്ള ലെക്ചറ്റെര്‍മാര്‍ക്ക്, പിജി യെടുക്കാന്‍ ലെക്ചര്‍ ട്രെയിനി ആനുകൂല്യങ്ങള്‍ അനുവദിക്കുക.

14) പ്രിന്‍സിപ്പല്‍മാരുടെ അഡ്മിനിസ്ട്രേറ്റീവ് അലവന്‍സ് ജെ ഡി എം ഇയുടെ അഡ്മിനിസ്ട്രേറ്റീവ് അലവന്‍സിന് തുല്യമാക്കുക.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.