login
ശ്രീചിത്ര‍യില്‍ ഹൃദയ പരീക്ഷീണതാ ചികിത്സകരുടെയും ഗവേഷകരുടെയും ഓണ്‍ലൈന്‍ സംഗമം

ഫെബ്രുവരി 5, 6, 7 തീയതികളില്‍ ഓണ്‍ലൈന്‍ സംഗമം

തിരുവനന്തപുരം: ഹൃദയ പരിക്ഷീണത  രോഗികളില്‍ സാധാരണ ക്യാന്‍സര്‍ രോഗികളിലേതിനെക്കാള്‍ മരണനിരക്ക് കൂടുതലാണ്. ഹൃദയ പരിക്ഷീണതാ രോഗികളില്‍ 30 ശതമാനം ഒരു വര്‍ഷത്തിനുള്ളിലും 60 ശതമാനം അഞ്ചുവര്‍ഷത്തിനുള്ളിലും മരിക്കുന്നതായി ശ്രീചിത്രയില്‍ നടന്ന ട്രിവാന്‍ഡ്രം ഹാര്‍ട്ട് ഫെയിലുവര്‍ രജിസ്ട്രി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഹൃദയ പരിക്ഷീണതാ ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങള്‍ ആവശ്യമാണ്. മാത്രമല്ല രോഗി ജീവിതകാലം മുഴുവന്‍ ചികിത്സയില്‍ കഴിയുകയും വേണം. അതുകൊണ്ട് തന്നെ ഇത് ചികിത്സാ സംവിധാനങ്ങളെയും സമൂഹത്തെയും ബാധിക്കുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നത് മൂലം ഇന്ത്യയില്‍ ഹൃദയ പരിക്ഷീണതാ രോഗികള്‍ കൂടുകയാണ്. അതിനാല്‍ ഹൃദയ പരിക്ഷീണത നിയന്ത്രിക്കുന്നതിനും കഴിയുന്നത്ര പ്രതിരോധിക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്.

ഈ മേഖലയില്‍ ഗവേഷണം കാര്യക്ഷമമാക്കുകയാണ് ഇതിനുള്ള ഒരു പോംവഴി. ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സാധാരണഗതിയില്‍ അവയില്‍ അടിസ്ഥാന ശാസ്ത്ര- വൈദ്യശാസ്ത്ര ഏകോപനം ഉണ്ടാകാറില്ല. ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും ഇടയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക വഴി ഹൃദയ പരിക്ഷീണതാ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും.

ഗവേഷകര്‍ക്കിടയിലെ യോജിച്ച പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയിലെ ഐസിഎംആര്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഹാര്‍ട്ട് ഫെയിലുവര്‍ 'ഹാര്‍ട്ട് ഫെയിലുവര്‍ കോണ്‍ഫ്‌ളക്‌സ്' എന്ന പേരില്‍ ഫെബ്രുവരി 5, 6, 7 തീയതികളില്‍ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു.

ഗവേഷകര്‍ക്കിടയില്‍ സഹകരണവും വിജ്ഞാന വിനിമയവും വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം സംഗമങ്ങള്‍ അത്യാവശ്യമാണെന്ന് ശ്രീചിത്ര ഡയറക്ടര്‍ പ്രൊഫ. കെ. ജയകുമാര്‍ പറഞ്ഞു. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് പ്രമുഖ ഗവേഷകര്‍ക്ക് പുറമെ ഐഐടികള്‍, സിസിഎംബി ഹൈദരാബാദ്, ഐജിഐബി ഡല്‍ഹി, ആര്‍ജിസിബി തിരുവനന്തപുരം, ഇന്‍സ്റ്റെം ബംഗളൂരു, എയിംസ് ഡല്‍ഹി, പിജിഐ ചണ്ഡീഗഢ് തുടങ്ങിയ രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരും സംഗമത്തില്‍ പങ്കെടുക്കും. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ കൗസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബല്‍റാം ഭാര്‍ഗവ, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ്മ എന്നിവര്‍ യഥാക്രം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ മുഖ്യപ്രഭാഷണം നടത്തും.

സംഗമത്തിന്റെ ഭാഗമായി ബ്രെയിന്‍ സ്റ്റോമിംഗ് സെഷന്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ രാജ്യത്തെ 100 വിദഗ്ദ്ധര്‍ അവരുടെ അറിവുകള്‍ പങ്കുവയ്ക്കുകയും 'ഇന്ത്യയിലെ ഹൃദയ പരിക്ഷീണത അടിസ്ഥാന ശാസ്ത്ര- വൈദ്യശാസ്ത്ര ഗവേഷണം എങ്ങനെ ഏകോപിപ്പിക്കാം എന്ന പേരില്‍ ഇവ ക്രോഡീകരിക്കുകയും ചെയ്യും. പ്രൊഫ. സി. സി. കര്‍ത്ത ബ്രെയിന്‍ സ്റ്റോമിംഗ് സെഷന് നേതൃത്വം നല്‍കും.

2019-ല്‍ ഐസിഎംആര്‍ അനുവദിച്ച 10 മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്ന് ശ്രീചിത്രയ്ക്കാണ് ലഭിച്ചത്. കാര്‍ഡിയോളജി വിഭാഗം പ്രൊഫ. എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഐസിഎംആര്‍ 5 കോടി രൂപ ഇതിന് ധനസഹായമായി അനുവദിച്ചിട്ടുണ്ട്.

ജനിതകപഠനം, രോഗനിര്‍ണ്ണയം, ചികിത്സ എന്നീ മേഖലകളിലെ ഏറ്റവും പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്തിയാണ് മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഹൃദയ പരിക്ഷീണതാ രോഗികളുടെ ജൈവ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന നാഷണല്‍ ഹാര്‍ട്ട് ഫെയിലുവര്‍ ബയോബാങ്ക് ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

 

  comment

  LATEST NEWS


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.