×
login
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഓവര്‍ ആക്റ്റീവ് ബ്ലാഡറിനെ കുറിച്ചറിയാം; തുടക്കത്തിലുള്ള രോഗനിര്‍ണയം അസുഖത്തെ നിയന്ത്രിക്കാന്‍ സഹായിക്കും

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒഎബി ബാധിക്കാം. ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ രോഗാവസ്ഥയെ കുറിച്ച് ഇന്ത്യയില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാജ്യത്തെ ഒഎബി രോഗബാധിതരുടെ കൃത്യമായ കണക്ക് ലഭ്യമല്ല.

ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ (OAB) സാധാരണ ജീവിതത്തില്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതും നമ്മെ ദുര്‍ബലപ്പെടുത്തുന്നതുമായ അവസ്ഥയാണ്. എന്നാല്‍ നിശാരരാകേണ്ടതില്ല. കൃത്യമായി കൈകാര്യം ചെയ്താല്‍ രോഗവസ്ഥയെ മറികടക്കാനാവുന്നതേയുള്ളൂ. ഒഎബിക്ക് ഇന്ന് ചികിത്സ ലഭ്യമാണ്. എന്നാല്‍ മിക്ക രോഗികളും ചികിത്സ തേടുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നലും അത് തടസ്സപ്പെടുന്നതുമൊക്കെയായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതയാണ് ഓവര്‍ ആക്റ്റീവ് ബ്ലാഡറെന്ന രോഗാവസ്ഥ.

ചികിത്സിക്കാത്ത പക്ഷം ജോലി, വ്യായാമം, ഉറക്കം, സാമൂഹിക ഇടപെടല്‍ തുടങ്ങി ഒരാളുടെ ദൈനംദിന ജീവിതത്തെ ഒഎബി പ്രതികൂലമായി ബാധിക്കും. പ്രായം കൂടുന്നതിനനുസരിച്ച് ഒഎബിയുടെ രോഗലക്ഷണങ്ങളും വര്‍ദ്ധിക്കുന്നു. പ്രായമായ രോഗികള്‍ ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യാനും ചികിത്സ തേടാനുമുള്ള സാധ്യതയും കുറവാണ്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒഎബി ബാധിക്കാം. ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ രോഗാവസ്ഥയെ കുറിച്ച് ഇന്ത്യയില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ രാജ്യത്തെ ഒഎബി രോഗബാധിതരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. എന്നിരുന്നാലും ഏകദേശം 14 ശതമാനം പുരുഷന്മാര്‍ ഒഎബി ലക്ഷണങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 12 ശതമാനം സ്ത്രീകള്‍ മൂത്രായശ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ആര്‍ത്തവവിരാമത്തിലൂടെ (menopause) കടന്നുപോയ പ്രായമായ സ്ത്രീകള്‍ക്കും പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളുള്ള പുരുഷന്‍മാര്‍ക്കും ഒഎബി വരാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിനെയോ നാഡീവ്യൂഹത്തേയോ ബാധിക്കുന്ന സ്ട്രോക്ക്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഒഎബി വന്നേക്കാം. പ്രായം ഒരു ഘടകമാണെങ്കിലും വയസ്സായ എല്ലാവര്‍ക്കും ഈ രോഗവാസ്ഥയുണ്ടാകുമെന്ന് അതിന് അര്‍ത്ഥമില്ല.

തുടക്കത്തില്‍ നിസ്സാരമായി തോന്നാമെങ്കിലും കാലക്രമേണ രോഗലക്ഷണങ്ങള്‍ വഷളാകുന്നു. കഠിനമായി മൂത്രമൊഴിക്കാനുള്ള തോന്നല്‍, ശുചിമുറിയില്‍ എത്തും മുമ്പ് തന്നെ മൂത്രം പോകുമോ എന്ന് ആശങ്കയുള്ളവാക്കുന്ന നൊക്റ്റൂറിയ പോലെയുള്ള അവസ്ഥ എന്നിവ നേരിട്ടേക്കാം. ഇത് ഉറക്കത്തേയും ശാരീരികമായും മാനസികമായുമുള്ള പ്രവര്‍ത്തനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.

ഒഎബിയെ നിയന്ത്രിക്കാന്‍ 'സ്റ്റെപ്പിംഗ് അപ് ദി ലാഡര്‍' സമീപനമാണ് സ്വീകാര്യം. ജീവിതശൈലിയേയും പെരുമാറ്റങ്ങളേയും രോഗവാസ്ഥയെ ഉള്‍ക്കൊണ്ട് കൊണ്ട് രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് അടിസ്ഥാനപരമായ കാര്യം. ഗുളികയുള്‍പ്പടെയുള്ള മരുന്നുകള്‍, ബ്ലേഡര്‍ വാളില്‍ കുത്തിവെപ്പ്, മൂത്രാശയ സംബന്ധിയായ ഞരമ്പുകളില്‍ വൈദ്യുത ഉത്തേജനം എന്നിവയാണ് അടുത്ത ഘട്ടം ചികിത്സ. അപൂര്‍വമായേ ശസ്ത്രക്രയിയിലേക്ക് കടക്കേണ്ടിവരികയുള്ളൂ. മറ്റ് ചികിത്സ രീതികളൊന്നും ഫലിച്ചില്ലെങ്കില്‍ മാത്രം.

ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയെന്നത് തന്നെയാണ് ഒഎബി നിയന്ത്രിക്കാനുള്ള ആദ്യ പടി. ഈ മാറ്റങ്ങളെ 'ബിഹേവിയറല്‍ തെറാപ്പി' എന്നാണ് വിളിക്കുക. ജീവിതശൈലയിലെ മാറ്റങ്ങളിലൂടെ തന്നെ രോഗവസ്ഥ വലിയ രീതിയില്‍ മെച്ചപ്പെടുത്താന്‍ നിരവധിയാളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.മൂത്രാശയത്തെ പ്രകോപിപ്പിക്കുന്ന കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എരിവുള്ള ഭക്ഷണം എന്നിവ ഒഴിവാക്കണം. പെല്‍വിക് ഫ്ലോര്‍ പേശികള്‍ ദുര്‍ബലമാകുന്നത് മൂത്രാശയത്തിന്റെ അമിത പ്രവര്‍ത്തനത്തിന് കാരണമാകാം.പെല്‍വിക് ഫ്ലോര്‍ മസില്‍ വ്യായാമം അഥവാ കെഗല്‍ വ്യായാമം ശീലമാക്കുന്നത് പ്രയോജനം ചെയ്യും. പേശി നിയന്ത്രണം മെച്ചപ്പെടുന്നതിലൂടെ ഒഎബി ലക്ഷണങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വ്യായാമങ്ങള്‍ ഫലങ്ങള്‍ കാണിക്കാന്‍ സമയം എടുത്തേക്കാം. എന്നിരുന്നാലും ഇത് സ്ഥിരമായി ചെയ്യുക തന്നെ വേണം.

അടുത്ത ഘട്ടമെന്ന നിലയില്‍, രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ഓറല്‍ മെഡിക്കേഷന്‍സിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. സാധാരണഗതിയില്‍ ഇത്തരം മെഡിക്കേഷന്‍ രീതികള്‍ മൂത്രാശയ ഭിത്തിയിലെ പേശികളുടെ അമിത പ്രവര്‍ത്തനത്തെ ശാന്തമാക്കാന്‍ സഹായിക്കും. ഇതുവഴി മൂത്രമൊഴിക്കാന്‍ നിരന്തരമായുള്ള തോന്നലും അനാവശ്യ പ്രേരണകളും കുറയും. ബിഹേവിയറല്‍ തെറാപ്പിയുമായി ചേരുമ്പോള്‍ ഓറല്‍ മെഡിക്കേഷന്‍ മികച്ച രീതിയില്‍ ഫലം ചെയ്യാറുണ്ട്.

ജീവിതശൈലിയിലെ മാറ്റങ്ങളും മരുന്നും ഫലം കാണാത്ത പക്ഷം മൂത്രസഞ്ചിയിലെ കുത്തിവയ്പ്പുകള്‍ അല്ലെങ്കില്‍ നാഡി ഉത്തേജനം പോലുള്ള മറ്റ് ചികിത്സാ രീതികള്‍ സ്വീകരിക്കാവുന്നതാണ്. ഒഎബി ബാധിതനായ ഒരാളില്‍ മൂത്രാശയത്തിനും തലച്ചോറിനും ഇടയ്ക്കുള്ള നട്ടെല്ലിലൂടെ സഞ്ചരിക്കുന്ന നാഡി സിഗ്നലുകള്‍ ശരിയായി ആശയവിനിമയം നടത്തുകയില്ല. നാഡി ഉത്തേജനം വഴിയുള്ള വൈദ്യുത പള്‍സുകള്‍ ഈ നാഡി സിഗ്നലുകളെ നേരെയാക്കാന്‍ സഹായിക്കുന്നു. ഇതുവഴി ഒഎബി ലക്ഷണങ്ങളെ അകറ്റി നിര്‍ത്താന്‍ ആയേക്കും. വളരെ അപൂര്‍വവും ഗുരുതരവുമായ കേസുകളില്‍ മാത്രമേ ശസ്ത്രക്രിയയിലേക്ക് കടക്കാറുള്ളൂ.

നേരത്തെയുള്ള രോഗനിര്‍ണ്ണയവും ഉടനടിയുള്ള ചികിത്സയും ഒഎബി ലക്ഷണങ്ങള്‍ സങ്കീര്‍ണമാകുന്നത് തടയാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ചികിത്സ തേടാന്‍ വിമുഖത കാണിക്കരുത്. നിങ്ങളുടെ കുടുംബാംഗമോ ഉറ്റവര്‍ ആരെങ്കിലുമോ ഒഎബി ലക്ഷണങ്ങളോട് മല്ലിടുന്നതായി അറിയുകയാണെങ്കില്‍ അവരെ ബോധവല്‍കരിക്കുകയും വേണം.

       ഡോ. ഡാറ്റ്സണ്‍ ജോര്‍ജ്; കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ലേക് ഷോര്‍ ആശുപത്രി, കൊച്ചി

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.