×
login
സൗജന്യ ഡയാലിസിസ്: ദേശീയ പദ്ധതി; പണം നല്‍കുന്നതും കേന്ദ്രം; സ്വന്തം പേരിലാക്കി കേരളം

ആശുപത്രികളില്‍ ദേശീയ ഡയാലിസിസ് പദ്ധതി ആരംഭിക്കുമെന്ന് 2016-2017 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് യോജനയും കേരളം സ്വന്തം പേരിലാക്കി. പൊതുജനങ്ങള്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന ദൂരത്തില്‍ ആരോഗ്യമേഖലയിലെ സകല സേവനങ്ങളും എത്തിക്കുവാനുള്ള നയത്തിന്റെ  ഭാഗമായി 2016 ല്‍ ദേശീയ തലത്തില്‍  പദ്ധതി നടപ്പാക്കിയപ്പോള്‍  കേരളം മാറിനിന്നു. ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി  പദ്ധതിയ്ക്കായി കേന്ദ്രം നല്‍കുകയും ചെയ്തു.

"ഇനി മുതല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാം. ഹോം ഡയാലിസിസ് സുഗമമാക്കുന്നതിന്  പുതിയ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍  കേരള ആരോഗ്യവകുപ്പ ആരംഭിച്ചു. സേവനം സൗജന്യമാണ്, ബാക്കിയുള്ള ജില്ലകളിലേക്കും ഉടന്‍ വ്യാപിപ്പിക്കും".എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

 ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വിശദമായ പത്രക്കുറിപ്പും ഇറക്കി. കേന്ദ്ര പദ്ധതി എന്നു പറയാതിരിക്കാന്‍ ഇരുവരും ബോധപൂര്‍വം ശ്രമിച്ചു.

വീടുകളില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ വലിയ പദ്ധതി എന്ന നിലയിലാണ്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചത്. 11 ജില്ലകളില്‍ നടന്നുവരുന്ന പദ്ധതി മൂന്നു ജില്ലകളില്‍ക്കൂടി വ്യാപിപ്പിക്കും എന്നു പറഞ്ഞ മന്ത്രി, ദേശീയ പദ്ധതിയാണെന്നത് ബോധപൂര്‍വം മറച്ചു വെച്ചു.


ആശുപത്രികളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ദേശീയ ഡയാലിസിസ് പദ്ധതി ആരംഭിക്കുമെന്ന് 2016-2017 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ ദേശീയ ആരോഗ്യ മിഷന് കീഴില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുകയും 2016ഏപ്രില്‍ മാസം പുറത്തിറക്കുകയും ചെയ്തു. വൃക്ക രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ഡയാലിസിസ് അധിഷ്ഠിത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്

രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. ശരീരത്തിനുള്ളില്‍ തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്.

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ വരെ പ്രതിമാസം 36,000 മുതല്‍ 39,000 വരെ ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.