×
login
വാക്‌സിന്‍‍ പരീക്ഷണത്തിനും ഗവേഷണത്തിനും ആര്‍ജിസിബിയുടെ ആക്കുളം ക്യാംപസില്‍ സൗകര്യമൊരുക്കും: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ദക്ഷിണേന്ത്യയില്‍ ആദ്യമായി വായുജന്യ രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ബിഎസ്എല്‍ 3 സൗകര്യം

തിരുവനന്തപുരം: ആര്‍ജിസിബിയുടെ (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) രണ്ടാമത്തെ ക്യാംപസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ നിരവധി  രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക  സഹമന്ത്രി  ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

കൊവിഡ് 19 പോലുള്ള വായുജന്യ വൈറസുകളെ കൈകാര്യം ചെയ്യുന്ന തരത്തില്‍ മൂന്നാം ബയോ സുരക്ഷാ തലത്തിലാണ് (ബിഎസ്എല്‍) ദക്ഷിണേന്ത്യയിലെ ഇത്തരത്തിലെ  ആദ്യ സംവിധാനം സജ്ജമാക്കുന്നതെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍ജിസിബിയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ആര്‍ജിബിസി.

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് രണ്ടാം ക്യാംപസ്  അറിയപ്പെടുക. തിരുവനന്തപുരം നഗരത്തിലെ ആക്കുളത്ത് സജ്ജമാക്കുന്ന രണ്ടാം ക്യാംപസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന് സമര്‍പ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാന്‍സര്‍ വാക്‌സിനും കൊവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കുമുള്ള വിവിധ വാക്‌സിനുകളുടെ ഗവേഷണത്തിനും പരീക്ഷണത്തിനുമുള്ള ഹബ്ബായി ആര്‍ജിസിബിയെ  വികസിപ്പിക്കും. ഇതിലൂടെ വാക്‌സിന്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള പ്രത്യേക മേഖലയില്‍ ആര്‍ജിസിബിക്ക് മികച്ച അംഗീകാരം  ലഭിക്കുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. നൂതന ഗവേഷണങ്ങളേയും ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സൗകര്യത്തേയും പിന്തുണയ്ക്കുന്ന ആര്‍ജിസിബി മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു.

പുതിയ ക്യാംപസില്‍ സജ്ജമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ വിശദമാക്കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ തെറാപ്പികളും ക്യാന്‍സര്‍ വാക്‌സിനുകള്‍ക്കും പ്രതിരോധ ചികിത്സകള്‍ക്കുമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടത്തും. സ്‌റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ തെറാപ്പി,  മോളിക്യുലാര്‍ ട്യൂമര്‍,  ടാര്‍ഗെറ്റിംഗ്, ഇമേജിംഗ് സൗകര്യങ്ങളുമുണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പ്  സെക്രട്ടറി ഡോ.രാജേഷ്  എസ് ഗോഖലെ,  അഡീഷണല്‍ സെക്രട്ടറിയും ഫിനാല്‍ഷ്യല്‍ അഡ്വൈസറുമായ ശ്രീ വിശ്വജിത് സഹായ്, ജോയിന്റ് സെക്രട്ടറി ശ്രീ സുനില്‍ കുമാര്‍, ബയോടെക്‌നോളജി വകുപ്പില്‍ ആര്‍ജിസിബിക്കുള്ള സയന്റിഫിക് കോഓര്‍ഡിനേറ്ററായ ഡോ. സന്ദീപ്   സരിന്‍, ശാസ്ത്രീയവ്യവസായ ഗവേഷണ വകുപ്പ്  സെക്രട്ടറിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്  ഡയറക്ടര്‍ ജനറലുമായ ഡോ. ശേഖര്‍ സി മണ്ടേ എന്നിവരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.