×
login
ആയുര്‍വേദ കേന്ദ്രങ്ങളില്‍ ചികിത്സാ തിരക്ക്; പ്രത്യേക പാക്കേജുമായി ആയൂര്‍വേദ കേന്ദ്രങ്ങള്‍, ഭാരതീയ ചികിത്സ വകുപ്പും രംഗത്ത്

ഔഷധ സേവയും, ഉഴിച്ചിലും മുതല്‍ പഞ്ചകര്‍മ്മ ചികിത്സ വരെ ഉള്‍പ്പെടുന്ന കര്‍ക്കടക ചികിത്സ പല കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല, രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതാണ് ഉത്തമമെന്ന ചിന്തയാണ് ആയുര്‍വേദ കര്‍ക്കടക ചികിത്സയുടെ അടിസ്ഥാനം.

തൃശൂര്‍: കൊവിഡ് പ്രതിസന്ധിയില്‍ മുങ്ങിയ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പഞ്ഞ കര്‍ക്കടകത്തോട് വിടപറയാന്‍ പുത്തന്‍ പാക്കേജുകള്‍ ഒരുക്കുകയാണ് ആയുര്‍വേദ കേന്ദ്രങ്ങള്‍. കര്‍ക്കടക പാക്കേജ് മാത്രം ലക്ഷ്യമിട്ട് ആയിരക്കണക്കിന് വിദേശികളും അന്യ സംസ്ഥാനക്കാരുമാണ് മാസങ്ങള്‍ക്ക് മുമ്പേ കേരളത്തിലെത്തിയിരുന്നത്. ഇത്തവണയും പ്രമുഖ ആയുര്‍വേദ കേന്ദ്രങ്ങളില്‍ ആയുര്‍വേദ ചികിത്സ സംബന്ധിച്ച അന്വേഷണങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഔഷധ സേവയും, ഉഴിച്ചിലും മുതല്‍ പഞ്ചകര്‍മ്മ ചികിത്സ വരെ ഉള്‍പ്പെടുന്ന കര്‍ക്കടക ചികിത്സ പല കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല, രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുന്നതാണ് ഉത്തമമെന്ന ചിന്തയാണ് ആയുര്‍വേദ കര്‍ക്കടക ചികിത്സയുടെ അടിസ്ഥാനം.  

ചില രോഗങ്ങള്‍ക്കും, ഈ സമയം പ്രത്യേക ചികിത്സകള്‍ നടത്താറുണ്ട്. കര്‍ക്കടക ചികിത്സയെ കുറിച്ച് ആയുര്‍വേദ വിഗ്ധര്‍ പറയുന്നതിങ്ങനെ. വേനലിന്റെ കടുപ്പമേറിയ ചൂടില്‍ നിന്ന് മഴക്കാലത്തെ തണുപ്പിലേക്കുള്ള മാറ്റം ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. രോഗാണുക്കളുടെയും രോഗവാഹകരുടെയും സാന്ദ്രത കൂടുന്ന സമയമാണിത്. സ്വാഭാവികമായും പ്രതിരോധ ശേഷി കുറവുള്ള ഈ സമയത്ത് രോഗം ബാധിക്കാനുള്ള സാദ്ധ്യതയും കൂടും. ദഹനശക്തി കുറയും. ഇത്തരം സ്വാധീനങ്ങളില്‍ നിന്നുള്ള മുക്തിയാണ് കര്‍ക്കടക ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. വിരേചനത്തില്‍ ആരംഭിച്ച്, ദഹനത്തെ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണം, ഔഷധ - രസായന സേവ, പഞ്ചകര്‍മ്മ ചികിത്സ വരെ ഉള്‍പ്പെടുന്നതാണ് ചികിത്സ രീതി.

കര്‍ക്കിടകമാസ ആരോഗ്യ സംരക്ഷണത്തിന് പരിചരണവും നിര്‍ദ്ദേശങ്ങളുമായി ഭാരതീയ ചികിത്സാ വകുപ്പും രംഗത്തുണ്ട്. നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കുന്ന ആയുഷ്ഗ്രാം  പദ്ധതിയിലൂടെ ഇരിങ്ങാലക്കുട, ചാവക്കാട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു വരുന്നു. കര്‍ക്കിടകത്തിലെ ആരോഗ്യം, പത്തില കറികള്‍, കര്‍ക്കിടക കഞ്ഞി, ദശപുഷ്പങ്ങള്‍, അരിയാറ്, നവധാന്യങ്ങള്‍, മുക്കുടി, തവിടുണ്ട, മാംസരസം, അപരാജിത ധൂമം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. ആരോഗ്യ സംരക്ഷണത്തിന് കഴിക്കാവുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്ന രീതികളെക്കുറിച്ചും വിശദമായി ബോധവല്‍ക്കരണ ക്ലാസുകളില്‍ പരിചയപ്പെടുത്തും. പ്രധാനമായും അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നത്. കൂടാതെ ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ കൈപുസ്തകവും ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വരുന്നുണ്ട്.


പാക്കേജുകള്‍ പലവിധം

ചികിത്സ തേടിയെത്തുന്നവരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് 7 ദിവസം മുതല്‍ 30 ദിവസം വരെ നീളുന്ന കര്‍ക്കടക പാക്കേജുകളാണ് ആയുര്‍വേദ കേന്ദ്രങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാക്കേജുകള്‍ക്ക് 9000 രൂപ മുതല്‍ 30,000 രൂപ വരെ ചികിത്സാ ചെലവ് വരും. തിരുമ്മല്‍, കിഴി, കഷായം, അരിഷ്ടം, ദേഹശുദ്ധീകരണത്തിനുള്ള നസ്യം എന്നിവയുള്‍പ്പെടും. വാതസംബന്ധമായ രോഗങ്ങളില്‍ നിന്ന് മുക്തി തേടി എല്ലാ വര്‍ഷവും നിരവധിപേര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും അപേക്ഷിച്ച് ഈ വര്‍ഷം ബുക്കിംഗ് കൂടുതലാണെന്ന് പ്രമുഖ ആയുര്‍വേദ കേന്ദ്രത്തിലെ ഡോക്ടര്‍ പറയുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.