×
login
'യുണീക്കാ'ണ് ദീപയുടെയും പ്രവീണയുടെയും മെഡിക്കല്‍ സംരംഭം

2015 ജനുവരിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുമായാണ് യുണീക് മെന്റേഴ്‌സിന്റെ തുടക്കം. എറണാകുളം സൗത്തിലുള്ള വാരിയം റോഡിലായിരുന്നു സ്ഥാപനത്തിന് ശുഭാരംഭം കുറിച്ചത്.

മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപയുടെയും പ്രവീണയുടെയും സംരംഭം അല്‍പ്പം യുണീക്ക് തന്നെയാണ്. വിദേശങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു ഇവര്‍

സംരംഭകരാകാന്‍ കൊതിച്ചൊന്നുമല്ല ദീപ സെയ്‌റയും പ്രവീണ പ്രതാപചന്ദ്രനും ബിസിനസിലേക്കിറങ്ങിയത്. കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കണം, തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകും വിധം പറഞ്ഞുകൊടുക്കണം. അത്രയേ മോഹമുണ്ടായിരുന്നുള്ളൂ. എന്നാല്‍ കേരളത്തില്‍ തന്നെ വനിതകള്‍ നേതൃത്വം നല്‍കുന്ന ഒരു വ്യത്യസ്ത സംരംഭവിജയകഥയായി അത് മാറി. മെഡിക്കല്‍ ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപയുടെയും പ്രവീണയുടെയും സംരംഭം അല്‍പ്പം യുണീക്ക് തന്നെയാണ്. വിദേശങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു ഇവര്‍

മനസ് മടുത്ത് ജോലി ചെയ്യുന്നതിലും അസഹ്യമായ മറ്റെന്തുണ്ട്? ഇത് തിരിച്ചറിഞ്ഞാണ് രണ്ട് വനിതകള്‍ സംരംഭകരായി മാറിയത്. വിദേശരാജ്യങ്ങളില്‍ മികച്ച വരുമാനത്തോടെയുള്ള ഒരു തൊഴില്‍ സ്വപ്നം കാണുന്ന മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ് ലൈസന്‍സിംഗ് പരീക്ഷകള്‍. അതത് രാജ്യങ്ങളിലെ മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകള്‍ വിജയിച്ചാല്‍ മാത്രമേ അവിടെ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കൂ. ഈ പരീക്ഷയില്‍ വിജയിക്കുന്നതിനും അതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ എളുപ്പത്തില്‍ ചെയ്യുന്നതിനും ഉദ്യോഗാര്‍ത്ഥികളായ മെഡിക്കല്‍ ബിരുദധാരികളെ സഹായിക്കുന്ന സംരംഭമാണ് ദീപ സെയ്‌റയും പ്രവീണ പ്രതാപചന്ദ്രനും നയിക്കുന്ന യുണീക് മെന്റേഴ്‌സ്. എല്ലാ തരത്തിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും പരിശീലനം നല്‍കുന്നു ഇവര്‍.

ഫിസിയോതെറാപ്പി ന്യുറോളജി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും ഫെല്ലോഷിപ്പും നേടിയ ദീപ സെയ്‌റ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോട് കൂടി ജോലി വിടേണ്ടി വന്നു. അത് ദീപയെ കടുത്ത സമ്മര്‍ദത്തിലാക്കി. കാരണം അധ്യാപനം അത്രയേറെ ഇഷ്ടമുള്ള മേഖലയായിരുന്നു അവര്‍ക്ക്. തുടര്‍ന്ന് മെഡിക്കല്‍ പ്രഫഷണലുകള്‍ക്ക് വിദേശജോലി ലഭിക്കുന്നതിന് പരിശീലനം നല്‍കുന്ന മറ്റൊരു സ്ഥാപനത്തില്‍ ദീപയ്ക്ക് അധ്യാപന ജോലി ലഭിച്ചു. മെഡിക്കല്‍ ലൈസന്‍സിംഗിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതിരുന്നെങ്കിലും അവിടെ ഒരു വലിയ അവസരം തുറക്കപ്പെടുകയായിരുന്നു. ആ സ്ഥാപനത്തിലെ മൈക്രോബയോളജി ഫാക്കല്‍റ്റിയായിരുന്ന പ്രവീണയെ പരിചയപ്പെട്ടത് വഴിത്തിരിവായെന്ന് ദീപ ബിസിനസ് വോയ്‌സിനോട് പറയുന്നു.

മെഡിക്കല്‍ മൈക്രോബയോളജിയില്‍ പി എച്ച് ഡി നേടിയ പ്രവീണ അഗാപ്പെ ഡിയഗ്‌നോസ്റ്റിക്‌സിലെ റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് വിഭാഗത്തില്‍ നിന്ന് ജോലി രാജി വച്ചാണ് ബിസിനസ് രംഗത്തേക്ക് വന്നത്. അധ്യാപനത്തോടുള്ള താല്‍പര്യമായിരുന്നു പ്രധാനമായും ഈ രണ്ടു സുഹൃത്തുക്കളെ യൂണിക്ക് മെന്റേഴ്‌സ് എന്ന സ്വപ്നസംരഭത്തിലേക്ക് നയിച്ചത്.

2015 ജനുവരിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുമായാണ് യുണീക് മെന്റേഴ്‌സിന്റെ തുടക്കം. എറണാകുളം സൗത്തിലുള്ള വാരിയം റോഡിലായിരുന്നു സ്ഥാപനത്തിന് ശുഭാരംഭം കുറിച്ചത്.

'ഒരു സംരംഭകയാകുക എന്ന തീരുമാനമൊന്നും മനസിലുണ്ടായിരുന്നില്ല. യൂണിക്ക് മെന്റേഴ്‌സ് തുടങ്ങാനുള്ള ലൈസന്‍സിനായി ഒരു ഗവണ്മെന്റ് ഓഫീസില്‍ പോയപ്പോള്‍, വളരെ വ്യത്യസ്തമായ ഇത്തരമൊരു സംരംഭം തുടങ്ങുന്നത് വഴി ഞങ്ങളെന്ത് നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യം ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായി. സമ്മര്‍ദങ്ങളില്ലാതെ ഞങ്ങളുടെ കുടുംബത്തിനൊപ്പം അല്‍പ്പം സമയം ചെലവിടാന്‍ സാധിക്കണം. അതുപോലെ, ഞങ്ങളുടെ മേഖലയില്‍ ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണം. ഈ രണ്ടു കാര്യങ്ങള്‍ മാത്രമാണ് ഉദ്ദേശ്യമെന്ന് ഞങ്ങള്‍ ഉത്തരം നല്‍കി. ഇതിനാണോ ബിസിനസ് തുടങ്ങുന്നതെന്ന് ചിരിയോടെ അവരന്ന് ചോദിച്ചതോര്‍ക്കുന്നു. ബിസിനസ് തുടങ്ങുന്നതിന്റെ നൂലാമാലകളൊന്നും അന്ന് ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം,' പ്രവീണ പറയുന്നു.

'ഒരു ബിസിനസ് എങ്ങനെയാണ് റണ്‍ ചെയ്യേണ്ടതെന്ന് ആരോടെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ ഒരിക്കലും അന്നിത് തുടങ്ങില്ലായിരുന്നു. ആരോടും കണക്ക് പറയാനോ ബോധിപ്പിക്കാനോ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ ഇതിലെ ബിസിനസ് സാധ്യതയെപ്പറ്റി ആരുമായും അത്ര ചര്‍ച്ച ചെയ്തില്ല.അതു നന്നായി എന്നുതന്നെയാണ് ഇപ്പോഴും തോന്നുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നു,' അവര്‍ പറയുന്നു.

ഇത്തരമൊരു വേറിട്ട സംരംഭത്തിലേക്ക് ഇറങ്ങിത്തിരിച്ചപ്പോള്‍ ഇരുവരുടെയും ഭര്‍ത്താക്കന്മാരരും കുടുംബവും പൂര്‍ണപിന്തുണയുമായി കൂടെനിന്നു. 'കുടുംബത്തിന്റെ സപ്പോര്‍ട്ട് വലിയ ഘടകമായിരുന്നു. ഉപാധികളില്ലാതെ 100 ശതമാനം പിന്തുണ ആയിരുന്നു ലഭിച്ചത്. കുട്ടികളുടെ കാര്യങ്ങള്‍ കോംപ്രമൈസ് ചെയ്ത് ഓഫീസ് നോക്കേണ്ടി വന്നിട്ടുണ്ട്. സത്യത്തില്‍ അവരും യുണീക് മെന്റേഴ്‌സിന്റെ ഭാഗമാണ്. ഒരു സ്മൂത്ത് റൈഡായിരുന്നില്ല ഒരിക്കലും. പല പ്രശ്‌നങ്ങളും വന്നിട്ടുണ്ട്. ഒരുമിച്ച് തന്നെയാണ് അവിടെയൊക്കെ പൊരുതിയിട്ടുള്ളത്.'

'പ്രത്യേകം നന്ദി പറയേണ്ടത് അന്നു മുതല്‍ ഈ കാലം വരെ ഞങ്ങള്‍ക്ക് പ്രചോദനവും എല്ലാ പിന്തുണയും നല്‍കിവരുന്ന ഓരോ രംഗത്തോടും അസോസിയേഷന്‍ ഭാരവാഹികളോടും ഞങ്ങളുടെ ഗുരുക്കന്മാരോടുമാണ്,' നിറഞ്ഞ മനസ്സോടെ ഇരുവരും പറയുന്നു.

'തുടക്കത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വൈദഗ്ധ്യമുള്ള മേഖലകളിലാണ് കോഴ്‌സുകള്‍ തുടങ്ങിയത്. ഫിസിയോതെറാപ്പി, മൈക്രോബയോളജി, ലബോറട്ടറി ടെക്‌നോളജി പോലുള്ള മേഖലകളിലായിരുന്നു തുടക്കം. ഇപ്പോള്‍ പരിശീലനം വിപുലപ്പെടുത്തി. എല്ലാ മെഡിക്കല്‍ സ്ട്രീമുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കുന്നുണ്ട്. ഡെന്‍ടിസ്ട്രി, ഓള്‍ട്ടര്‍നെറ്റിവ് മെഡിസിന്‍ (ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി) , ജനറല്‍ പ്രാക്റ്റീഷണര്‍സ് തുടങ്ങിയ മേഖലകളിലെല്ലാം ഞങ്ങള്‍ തന്നെയാണ് ആദ്യമായി ഇത്തരമൊരു പരിശീലനം ആരംഭിച്ചത്. പിന്നീട് അത് പലരും പകര്‍ത്തിയെങ്കിലും ചിട്ടയായ പരിശീലനവും ഗുണമേന്മയുള്ള സേവനവുമാണ് ഇന്നും ഞങ്ങളെ ഈ രംഗത്ത് മുന്‍നിരയില്‍ തന്നെ നിര്‍ത്തുന്നത്, പ്രവീണയും ദീപയും വിശദമാക്കുന്നു.

അധ്യാപകരെ കണ്ടെത്തല്‍

ട്രെയ്‌നിംഗിന് വേണ്ടി അധ്യാപകരെ കണ്ടെത്തുകയെന്നത് യുണീക് മെന്റേഴ്‌സിനെ സംബന്ധിച്ച് വലിയ കടമ്പയായിരുന്നു. അവരെ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ഞങ്ങള്‍ ശ്രദ്ധിച്ചത് അവരിതില്‍ എത്രത്തോളം നിസ്വാര്‍ത്ഥമായി അവരുടെ സമയവും കഴിവും ഉപയോഗിക്കുമെന്നതാണ്. ഞങ്ങള്‍ക്കൊപ്പം തന്നെയാണ് കൂടെയുള്ള അധ്യാപകരെല്ലാവരും സ്ഥാപനത്തിനും വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രയത്‌നിക്കുന്നത് എന്ന് നന്ദിയോടെ പറയട്ടെ.

ആദ്യം ഓരോ വിഷയത്തിലും പിജിയും അതിന്റെ സൂപ്പര്‍ സ്‌പെഷാലിറ്റിയും എടുത്ത വിദഗ്ധരെ കൊണ്ടാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര പ്രൊഡക്റ്റിവിറ്റി ലഭിച്ചില്ല. ലൈസെന്‍സിംഗിനായി ഒരു കുട്ടിയെ പഠിപ്പിക്കാന്‍ എക്‌സ്പര്‍ട്ട് ആവുകയെന്നതല്ല കാര്യമെന്ന് അവിടെ വച്ച് ഞങ്ങള്‍ക്ക് മനസിലായി. കോളെജില്‍ പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പ്രവര്‍ത്തികമാവുക. ഞങ്ങളോളം പ്രായമുള്ളവര്‍ വരെ പഠിക്കാന്‍ വരുന്നുണ്ട്. പഠിക്കാനായി വരുന്നവരെല്ലാം അവരവരുടെ മേഖലകളില്‍ ഒരുപാട് വര്‍ഷത്തെ ജോലിപരിചയമുള്ളവരാണ്

എന്നാല്‍ അവരുടെ അധ്യായന കാലഘട്ടത്തില്‍ അവര്‍ പഠിച്ചത് മുഴുവന്‍ ജോലിയുടെയും പ്രാരാബ്ധങ്ങളുടെയും നെട്ടോട്ടത്തിനിടയില്‍ അവര്‍ മറന്നു പോയിരിക്കുന്നു. അവരിലേക്ക് ഇറങ്ങി ചെന്ന്, അവര്‍ക്കറിയാവുന്നത്രയും കാര്യങ്ങളില്‍ നിന്നുതന്നെ തുടങ്ങി,ഒരു ഉറച്ച അടിത്തറ പണിയുക എന്ന ശ്രമകരമായ ഉദ്യമമാണ് ഇവിടെയാവശ്യം എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഒന്നില്‍ നിന്ന് തുടങ്ങുക എന്ന ആ വെല്ലുവിളി എടുക്കാന്‍ മനസ്സുള്ള അധ്യാപകരെയാണ് ഞങ്ങള്‍ കൂടെ നിര്‍ത്തുന്നത്. അധ്യാപകരുടെ ആത്മാര്‍ത്ഥമായ സഹകരണം വളരെ പ്രധാനമാണ്. ഡോ.ഷിഹാബ്, ഡോ. രജിത്, ഡോ. രേവതി, ഡോ. രേഷ്മ, ഡോ.ജോര്‍ജ്, ഡോ.തോമസ്, ഡോ.സ്മിത, മേഘ, ഗ്രീഷ്മ, …ഇങ്ങനെ സ്വയം അര്‍പ്പിച്ച് ജോലി ചെയ്യുന്ന നിരവധി അധ്യാപരുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം. അവരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി,' യുണീക് മെന്റേഴ്‌സിന് പിന്നിലെ യുവ വനിതാ സംരംഭകര്‍ പറയുന്നു.

കോവിഡ് കാലം

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതമെന്നോണം ലോകം ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ ഒരു മാസത്തോളം എന്ത് ചെയ്യണമെന്ന് യുണീക് മെന്റേഴ്‌സ് സാരഥികളും ചിന്തിച്ചു. പതിയെ ഓണ്‍ലൈനിലേക്ക് അവരും ചുവടുവെച്ചു. റെഗുലര്‍ ക്ലാസ് ഓണ്‍ലൈനിലേക്ക് മാറ്റുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മെഡിക്കല്‍ രംഗമായത് കൊണ്ട് തന്നെ പെട്ടെന്നുള്ള മാറ്റം പ്രയാസകരമായിരുന്നുവെങ്കിലും ഞങ്ങളുടെ ടീം ശക്തമായി പിന്നില്‍ നിന്നു. ഓണ്‍ലൈനിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ചതും ചെയ്യാമെന്ന ധൈര്യം തന്നതുതെല്ലാം ടീം അംഗങ്ങള്‍ തന്നെയായിരുന്നുദീപ പറയുന്നു.

ഇപ്പോള്‍ അതിവേഗമാണ് യുണീക് മെന്റേഴ്‌സിന്റെ വളര്‍ച്ച. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മാത്രമല്ല, ഇന്ത്യക്ക് പുറത്തുനിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. തുടക്കത്തില്‍ പോരായ്മകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഓണ്‍ലൈന്‍ പരിശീലനം ഭംഗിയായി നടക്കുന്നു. സ്വന്തമായി നിര്‍മ്മിച്ച സോഫ്‌റ്റ്വെയറിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വസ്റ്റിന്‍ പ്രാക്ടീസ് സെഷനുകള്‍ നല്‍കുന്നത്. രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ തങ്ങള്‍ പ്രവര്‍ത്തനനിരതമാണെന്ന് അഭിമാനത്തോടെ പറയുന്നു ഇവര്‍.

ബിസിനസ് ഫിലോസഫി

നമ്മള്‍ എത്രത്തോളം നമ്മുടെ സമയവും കഴിവും ആത്മാര്‍ത്ഥതയും ബിസിനസിലേക്ക് ഇടുന്നുവോ അത്രത്തോളം സംരംഭം ഉയര്‍ച്ചയിലേക്കെത്തുമെന്ന വിശ്വാസമാണ് ദീപയെയും പ്രവീണയെയും നയിക്കുന്നത്. കാശിറക്കി ഒരു പ്രൊഡക്റ്റ് വില്‍ക്കുക എന്ന ബിസിനസ് സാധ്യതയല്ല ഞങ്ങളുടെ സംരംഭത്തിനുള്ളത്. കാശിനേക്കാളും കഠിനാധ്വാനമാണ് ഇവിടെ പ്രധാനം. അതാണ് ഏറ്റവും അടിസ്ഥാനപരമായ നിക്ഷേപംഇരുവരും വിശദമാക്കുന്നു.

'സംരംഭം തുടങ്ങിയത് 3 ലക്ഷം രൂപയുടെ മൂലധനത്തിലാണ്. ബാക്കിയുള്ള മൂലധനം ഞങ്ങളുടെ അധ്വാനം, അറിവ്, അധ്യാപനം എന്ന പ്രവൃത്തിയോടുള്ള നിസ്വാര്‍ത്ഥമായ പ്രതിബദ്ധത എന്നിവയായിരുന്നു. ഇപ്പറഞ്ഞതിന് വിലയിടാന്‍ സാധിക്കില്ല.'

സംരംഭം തുടങ്ങിയ ശേഷം ഒരിക്കലും നഷ്ടം വന്നിട്ടില്ലെന്ന് ദീപയും പ്രവീണയും സാക്ഷ്യപ്പെടുത്തുന്നു. ആദ്യ മാസം മുതല്‍ തന്നെ റിട്ടേണ്‍സ് വന്നു. ഇന്ന് ഭേദപ്പെട്ട വരുമാനമാണ് യുണീക് മെന്റേഴ്‌സ് നേടുന്നത്.

ഭാവി പദ്ധതികള്‍

മറ്റ് പല സ്ഥാപനങ്ങളുമായും സഹകരിക്കാനും പുതിയ ശാഖകള്‍ തുടങ്ങാനും യുണീക് മെന്റേഴ്‌സ് പദ്ധതിയിടുന്നുണ്ട്. 10 വര്‍ഷം കഴിയുമ്പോള്‍, പുതിയ കോഴ്‌സുകള്‍, ഫിനിഷിംഗ് സ്‌കൂള്‍ എന്നുള്ള തലങ്ങളിലേക്ക് സംരംഭത്തെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ദീപ പറയുന്നു. 'പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികളെ ടാര്‍ഗറ്റ് ചെയ്തുള്ള സംരംഭമായിരിക്കും അത്. കസ്റ്റമര്‍ റേഞ്ച് വിപുലപ്പെടുത്തണമെന്നാണ് ആഗ്രഹം.' ലാംഗ്വേജ് ട്രെയനിംഗ് സ്റ്റാര്‍ട്ട് ചെയ്യാനും മറ്റ് രാജ്യങ്ങളിലേക്ക് പരിശീലനങ്ങള്‍ വ്യാപിപ്പിക്കാനും യുണീക് മെന്റേഴ്‌സിന് ചിന്തയുണ്ട്.

സ്ഥാപനത്തിന്റെ വിജയത്തില്‍ കൂടെയുള്ള ജീവനക്കാരുടെ പങ്ക് വളരെ വലുതാണെന്നും ദീപയും പ്രവീണയും ചൂണ്ടിക്കാട്ടുന്നു. 'ഇപ്പോള്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ വനിതകളാണ്. പരീക്ഷയെഴുതുന്നതിന് മുന്‍പ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് രാജ്യങ്ങളിലെ ഹെല്‍ത്ത് അതോറിറ്റി പരിശോധിച്ചു സ്ഥിരീകരിക്കുന്ന പ്രോസസ് ഉണ്ട്. അത്രയേറെ ശ്രദ്ധയോടെ ചെയ്യണ്ട ജോലിയാണത്. ദിവസം മുഴുവന്‍ നീളുന്ന ക്ലാസ്സുകളുമായി ഞങ്ങള്‍ തിരക്കിലാവുമ്പോഴും പിഴവുകളില്ലാതെ ഈ പ്രോസസിംഗ് ജോലികള്‍ ചെയ്യുന്നതും, ഓഫീസ് കാര്യങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതും ആത്മാര്‍ത്ഥയുള്ള ഞങ്ങളുടെ ജീവനക്കാരാണ്. ഇതു വരെ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്തു വന്ന ഞങ്ങളുടെ എല്ലാ ടീമഗംങ്ങളേയും പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. അവരുടെ വ്യക്തിപരമായ സമയത്തില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്താണ് അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്'

സംതൃപ്തരായ ഉദ്യോഗാര്‍ത്ഥികള്‍

അധ്യാപനത്തോടുള്ള പാഷനാണ് ഈ മേഖലയിലെ വിജയത്തില്‍ ഏറ്റവും നിര്‍ണായകം. 'കുട്ടികളുടെ പ്രതികരണങ്ങള്‍ വലിയ സന്തോഷം നല്‍കും. ജോലി കിട്ടിക്കഴിയുമ്പോഴുള്ള അവരുടെ വിളി വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്,' പ്രവീണയും ദീപയും കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ പഠിച്ചുപോകുന്നവരെല്ലാം ജീവിതത്തില്‍ മകച്ച വിജയം എത്തിപ്പിടിക്കുന്നു എന്നതാണ് ശ്രദ്ധേയം.

'മികച്ച കോച്ചിംഗാണ് യുണീക് മെന്റേഴ്‌സിലേത്. പഠിപ്പിക്കുന്നവര്‍ വളരെയധികം ഫ്രണ്ട്‌ലിയാണ്. വളരെ മികച്ച നിലയില്‍ ആര്‍ക്ക് വേണമെങ്കിലും ഇവിടെനിന്നും വിജയിച്ച് വരാം. ഓണ്‍ലൈന്‍ കോച്ചിംഗും ഏറെ മികവുറ്റതാണ്,' യുണീക് മെന്റേഴ്‌സില്‍ പരിശീലനം നേടി ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സിന്ദു വിജയകുമാര്‍ പറയുന്നു.

അബുദാബിയിലെ ബുര്‍ജില്‍ ഹോസ്പിറ്റലില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ഡോ.തഫ്‌നീന റഫീക്കിനും യുണീക് മെന്റേഴ്‌സിനെ കുറിച്ച് പറയാനുള്ളത് സമാനമായ അനുഭവം തന്നെ. ഡോക്ടര്‍മാര്‍ക്കുള്ള അബുദാബി ലൈസന്‍സിങ് പരീക്ഷ അനായേസേന പാസാകാന്‍ ഇവിടുത്തെ പരിശീലനം വളരെയധികം സഹായകമായി. ടോപ്പിക്കുകള്‍ അതീവ ലളിതമായാണ് വിശദീകരിച്ച് തരുന്നത്തഫ്‌നീന പറയുന്നു.

ഫിസിയോതെറാപ്പിസ്റ്റുകളെ സംബന്ധിച്ചിടത്തോളവും യുണീക് മെന്റേഴ്‌സ് ഏറ്റവും മികച്ച കോച്ചിംഗ് സെന്ററാണെന്ന് പറയുന്നു ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി ചെയ്യുന്ന ഷബീഹ്. ദുബായ് കിംസ് മെഡിക്ക് സെന്ററില്‍ ലാബ് ടെക്‌നിഷനായി ജോലി ചെയ്യുന്ന ഗീതുവും യുണീക് മെന്റേഴ്‌സിന്റെ പരിശീലനമികവിന് സാക്ഷ്യമാവുന്നു. ഇവരെപ്പോലെ അനേകം പേരാണ് മറ്റ് രാജ്യങ്ങളില്‍ പോയി മെഡിക്കല്‍ രംഗത്ത് മികച്ച ശമ്പളത്തോടെ ജോലി ചെയ്ത് യുണീക് മെന്റേഴ്‌സെന്ന ബ്രാന്‍ഡിനെ അടയാളപ്പെടുത്തുന്നത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.