ഇടുക്കി: വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 8ന് ആരംഭിക്കും. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 10 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളില്‍ വോട്ടെണ്ണുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വരികയാണ്.
ഓരോ കേന്ദ്രത്തിലും ഒരു ടേബിളിന് ഒരു ഏജന്റ് എന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിംഗ് ഏജന്റ്മാരെ നിയോഗിക്കാം. സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഡിവിഷനില്‍പ്പെട്ട ബൂത്തുകളിലെ വോട്ടെണ്ണുന്ന സമയത്ത് മാത്രമേ കൗണ്ടിംഗ് ഏജന്റിന് കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള പാസിനായി ഫോം നമ്പര്‍ 12 ല്‍ സ്ഥാനാര്‍ത്ഥി/ ഏജന്റ് ഒപ്പിട്ട അപേക്ഷ അതാത് ബ്ലോക്ക് /മുനിസിപ്പാലിറ്റി വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയില്‍ കൗണ്ടിംഗ് ഏജന്റ്മാരുടെ ഒപ്പ് ചേര്‍ക്കണം.
അപേക്ഷയ്ക്കൊപ്പം ഏജന്റിന്റെ സ്റ്റാമ്പ് സൈസിലുള്ള രണ്ട് ഫോട്ടോകള്‍ ലഭ്യമാക്കണം. ഫോട്ടോയുടെ മറുവശത്ത് ഏജന്റിന്റെ പേര് എഴുതിയിരിക്കണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റ്മാര്‍ക്കുള്ള പാസും അതാത് ബ്ലോക്ക് വരണാധികാരിയില്‍ നിന്നും ലഭിക്കും.
ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് എണ്ണുന്നതാണ്. പ്രസ്തുത കേന്ദ്രത്തിലേക്ക് ഉള്ള ഏജന്റ്മാര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്ന് 15ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കൈപ്പറ്റണം.
കൗണ്ടിംഗ് ഹാളിനുള്ളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കുന്നതല്ല.കൗണ്ടിംഗ് പാസുകള്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ കയ്യില്‍ നിന്നും കൈപ്പറ്റണം.
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണലിന് വേണ്ട എല്ലാ സൗകര്യങ്ങളും അവസാന ഘട്ടത്തിലാണെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ല കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. ഫലം 10.30യോടെ പൂര്‍ണ്ണമായും അറിയാനാകും.
രാവിലെ 8ന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ ആരംഭിക്കും. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനായി നിരവധി ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളോട് കൂടിയാകും വോട്ടെണ്ണലും നടക്കുക. കൈയുറ, മാസ്ക്, ഫേസ്കവര്, സാനിറ്റൈസര്‍ തുടങ്ങിയ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: