×
login
പ്രധാനമന്ത്രിയ്ക്ക് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ള ചെങ്കോലു കൈമാറാന്‍ തമിഴ്നാട്ടിലെ അമ്പലവാന ദേശിഗ പരമാചാര്യസ്വാമികള്‍ ശനിയാഴ്ച ദല്‍ഹിയ്ക്ക്

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ചെങ്കോല്‍ പ്രധാമന്ത്രി മോദിയ്ക്ക് കൈമാറാന്‍ ദല്‍ഹിയ്ക്ക് പോകുമെന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 27 ശനിയാഴ്ച ദല്‍ഹിയ്ക്ക് പോകുമെന്നും തിരുവാവാടുതുറൈ അഥീനത്തിന്‍റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍.

ചെന്നൈ:  പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള ചെങ്കോല്‍ പ്രധാമന്ത്രി മോദിയ്ക്ക് കൈമാറാന്‍ ദല്‍ഹിയ്ക്ക് പോകുമെന്ന്   തിരുവാവാടുതുറൈ അഥീനത്തിന്‍റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍.  മെയ് 27 ശനിയാഴ്ച ദല്‍ഹിയ്ക്ക് പോകുമെന്നും  വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം  പറഞ്ഞു.

ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് മേധാവി മൗണ്ട് ബാറ്റണ്‍ പ്രഭുവിന് ചെങ്കോല്‍ കിട്ടിയിരുന്നെന്നും അദ്ദേഹം 1947ല്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയായ നെഹ്രുവിന് കൈമാറിയിരുന്നെന്നും തിരുവാവാടുതുറൈ അഥീനത്തിന്‍റെ അമ്പലവാന ദേശിഗ പരമാചാര്യ സ്വാമികള്‍ പറ‍ഞ്ഞു.  

മെയ് 28നാണ്പ്രധാനമന്ത്രി മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. ഭാരതീയ ഹൈന്ദവ പാരമ്പര്യത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.  

ചെങ്കോലിന്‍റെ ചരിത്രം

ഇന്ത്യ അധികാരം കൈമാറുമ്പോള്‍ അത് എങ്ങിനെയാവണം എന്ന്  ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനവൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ചിന്തിച്ചിരുന്നു. അധികാരക്കൈമാറ്റത്തെ വിശിഷ്ടമാക്കുന്ന എന്തെങ്കിലും ഒരു ചടങ്ങ് ഭാരതത്തില്‍ നിലനിന്നിരുന്നോ എന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രിയാകാന്‍ പോകുന്ന നെഹ്രുവിനോട് ചോദിച്ചു.  

നെഹ്രു ഈ ചോദ്യം മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനും അവസാനഗവര്‍ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുമായി പങ്കുവെച്ചു. സി. രാജഗോപാലാചാരിയാണ് മഹത്തായ ചോള രാജവംശത്തിന്‍റെ പാരമ്പര്യ അധികാര കൈമാറ്റ മുദ്രയായ ചെങ്കോലിന്‍റെ കാര്യം നെഹ്രുവിനോടു പറഞ്ഞത്. പുതിയ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ പുരോഹിതര്‍ ചെങ്കോല്‍ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോല്‍ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിച്ചു.  


അന്ന് സി. രാജഗോപാലാചാരി നേരിട്ടാണ് സ്വര്‍ണ ചെങ്കോല്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ചെങ്കോല്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ പ്രമുഖ ശൈവമഠമായ തിരുവാവാടുതുറൈ മഠത്തിന്‍റെ ഇരുപതാമത് ഗുരുമഹാ സന്നിധാനം ശ്രീലശ്രീ അമ്പലവാന ദേശികസ്വാമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം മദ്രാസിലെ സ്വര്‍ണ്ണ വ്യാപാരികളായ വുമ്മിഡി ബംഗാരുചെട്ടിക്ക് ചെങ്കോലിന്‍റെ രൂപരേഖ കൈമാറി. അവരുടെ പണിശാലയിലാണ് ചെങ്കോല്‍ നിര്‍മ്മിക്കപ്പെട്ടത്. അഞ്ചടി ഉയരത്തില്‍ സ്വര്‍ണംപൊതിഞ്ഞ് രത്നങ്ങള്‍കൊണ്ട് അലങ്കരിച്ച ചെങ്കോലില്‍ ഏറ്റവും മുകളിലായി ഭഗവാന്‍ ശിവന്‍റെ വാഹ നമായ നന്ദികേശന്‍റെ രൂപവും കൊത്തിവെച്ചിരുന്നു.

ചെങ്കോല്‍ കൈമാറ്റ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ രാജഗോപാലാചാരി, തമിഴ്നാട്ടിലെ മഠാധിപതി അമ്പലവാന ദേശികരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. പകരം പ്രതിനിധിയായി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാനെ അദ്ദേഹം നിയോഗിച്ചു. മന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കാന്‍ മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാന്‍ നാദസ്വരവിദ്വാന്‍ ടി.എന്‍. രാജരത്നംപിള്ളയെയും ചുമതലപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അവര്‍ ദല്‍ഹിയിലെത്തി.

നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുമുമ്പായിരുന്നു അധികാരക്കൈമാറ്റച്ചടങ്ങ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിനാണ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ചെങ്കോല്‍ ആദ്യം കൈമാറിയത്. 1947 ആഗസ്ത് 14ന് രാത്രി 11.45ന് മൗണ്ട് ബാറ്റണില്‍ നിന്ന് കുമാരസ്വാമി തമ്പിരാന്‍ ചെങ്കോല്‍ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പവിത്രമായ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് ഘോഷയാത്രയായി ചെന്ന് നെഹ്രുവിന് കൈമാറി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഋഷിവര്യനായ തിരുജ്ഞാന സംബന്ധര്‍ രചിച്ച കോളറു പതികം എന്ന പവിത്രമായ കീര്‍ത്തനവും ഈ സമയം അന്തരീക്ഷത്തില്‍ മുഴങ്ങി. പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ സ്വീകരിച്ച നെഹ്റു ഭാരതത്തെ ഭരിക്കാനുള്ള നിയോഗം അനുഗ്രഹാശിസ്സുകളോടെ സ്വീകരിക്കുകയായിരുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലും ചെങ്കോല്‍  

ചരിത്രപ്രസിദ്ധമായ ഈ ചെങ്കോല്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം എന്ന് മോദി സര്‍ക്കാര്‍ കരുതുന്നു. അതിരുകളില്ലാത്ത പ്രതീക്ഷയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തവും സമൃദ്ധവുമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിന്‍റെയും പ്രതീകമാണിത്. പുതിയ ഭാരതം ലോകത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം നേടുന്നതിന് സാക്ഷ്യം വഹിക്കുന്ന, അമൃതകാലത്തിന്‍റെ പ്രതീകമാകുമിത്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.