×
login
അന്ന് പട്ടാളത്തിന്റെ കവചം; ഇന്ന് സമാധാനത്തിന്റെ നാട്, ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു

അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ് സമാധാനത്തിനു വഴി തുറന്നത്.

കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഏകതാ യാത്രയ്ക്ക് സമാപനം കുറിച്ച് 1992 ജനുവരി 26ന് ഡോ. മുരളീ മനോഹര്‍ ജോഷി ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നു. നരേന്ദ്ര മോദി സമീപം.

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ ഉയര്‍ത്തിക്കാട്ടി, കശ്മീരില്‍ ഞാന്‍ നടന്ന പോലെ ഒരു ബിജെപി നേതാവും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പറയുമ്പോള്‍, അക്ഷരാര്‍ഥത്തില്‍ അത് ബിജെപി സർക്കാരിനുള്ള അംഗീകാരമാണ്. എന്തെന്നാല്‍ ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു.  ഭീകരരുടെ വിളയാട്ടം വളരെ കുറഞ്ഞെന്നും സുരക്ഷാന്തരീക്ഷം ഇതര പ്രദേശങ്ങളിലേതുപോലെ മടങ്ങി വന്നെന്നുമാണ് ഇതിനര്‍ഥം.  

കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട, കേന്ദ്ര നിര്‍ദേശ പ്രകാരം ജമ്മുകശ്മീര്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ വിജയിക്കുന്നെന്നും സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഭീകര വിരുദ്ധ പോരാട്ടവും ജനങ്ങളെ മുഖ്യധാരയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നെന്നുമാണ് അര്‍ഥം.


അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ് സമാധാനത്തിനു വഴി തുറന്നത്. പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കിയതോടെ ഇളകിയത് ഭീകരതയുടെ അടിവേരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവിടെ താമസിക്കാം, സ്ഥലം വാങ്ങാം എന്ന ഭരണഘടനാ ഭേദഗതി കൂടി വന്നതോടെ ജമ്മു കശ്മീരും മറ്റേതു സംസ്ഥാനങ്ങളെയുംപ്പോലായി. രാഹുല്‍ റാലി നടത്തുന്നതും ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുന്നതും കേന്ദ്രത്തിന്റെ മികവിലാണ്.

1991ല്‍ ബിജെപി അധ്യക്ഷനായിരിക്കെ മുന്‍ കേന്ദ്ര മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകതാ യാത്ര നടത്തിയിരുന്നു. അന്നത്തെ യാത്രയുടെ ശില്‍പ്പികളില്‍ ഒരാളാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫാറൂഖ് അബ്ദുള്ളയ്ക്കും കൂട്ടാളികള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അവിടെ കാലുകുത്താന്‍ പോലും സാധിക്കില്ലായിരുന്നു. അത്രയേറെയായിരുന്നു ഭീകരരുടെ വിളയാട്ടം. ജോഷിയെ വക വരുത്തുമെന്നു വരെ ഭീകരര്‍ പ്രഖ്യാപിച്ചു. അതിനിടെ സൈന്യത്തിന്റെ കനത്ത കാവലിലാണ് ലാല്‍ ചൗക്കില്‍ ഡോ. ജോഷിക്ക് ദേശീയ പതാക ഉയര്‍ത്താനായത്. സൈനിക വിമാനത്തിലാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാന്‍ യാത്ര നടത്തുന്ന അദ്ദേഹത്തെ ശ്രീനഗറില്‍ എത്തിച്ചതു പോലും. 1992 ജനുവരി 26നാണ് യാത്ര ലാല്‍ ചൗക്കില്‍ സമാപിച്ചതും ഡോ. ജോഷി ദേശീയ പതാക ഉയര്‍ത്തിയതും. അന്ന് നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നത്.  

ഇന്ന് രാഹുലിന് സൈനിക വിമാനം  വേണ്ടി വന്നില്ല, ആയിരക്കണക്കിനു പട്ടാളക്കാരുടെ സുരക്ഷ വേണ്ടി വന്നില്ല. അതിനു കാരണം രാജ്യസുരക്ഷാക്കാര്യത്തില്‍, ജമ്മു കശ്മീര്‍ വിഷയത്തില്‍, നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.