×
login
അണ്ണമലൈ കൊടുങ്കാറ്റ് വീണ്ടും; ''ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ,ഡിഎംകെ‍യ്ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ 610 കോടിഇല്ല"-വെല്ലുവിളിച്ച് അണ്ണാമലൈ

ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ.

ചെന്നൈ: ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ഡിഎംകെ സര്‍ക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും വെല്ലുവിളിച്ച് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ.

'ഡിഎംകെ പല കേസുകളിലായി 610 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിച്ചത്. ഇത് കൊടുക്കാന്‍ എന്‍റെ കയ്യിലില്ല. ഞാന്‍ സാധാരണക്കാരനാണ്. എന്‍റെ വീട്ടില്‍ ആകെയുള്ളത് പാത്രങ്ങളും ആടുകളും പശുക്കളും മാത്രമാണ്'- അണ്ണൈമലൈ പറഞ്ഞു.

തമിഴ്‌നാട്ടിലെ വൈദ്യുതി ബോര്‍ഡ് പിജിആര്‍ എന്ന സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയ വഴി അഴിമതി നടത്തിയെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഈ ആരോപണത്തോടൊപ്പം അണ്ണാമലൈ പുറത്തുവിട്ട രേഖകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇല്ലാത്ത ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജി ആവശ്യപ്പെട്ടിരുന്നു.  


തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ദുബായില്‍ പോകുന്നത് അവിടെ ബിസിനസില്‍ പണം നിക്ഷേപിക്കാനാണെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. ഈ ആരോപണം മൂലം മുഖ്യമന്ത്രിക്കുണ്ടായ മാനനഷ്ടത്തിന് 100 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് ഡിഎംകെ സെക്രട്ടറി ആര്‍.എസ്. ഭാരതി അണ്ണമലൈയ്‌ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഡിഎംകെയുടെ എംപിമായ വില്‍സണ്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേസ് കൊടുത്തിട്ടുണ്ട്.

'എന്നാല്‍ ഡിഎംകെ ചെയ്തതുപോലെ താന്‍ തിരിച്ച് നോട്ടീസ് അയയ്ക്കില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്നും അണ്ണാമലൈ പറഞ്ഞു. ഞാന്‍ ഇവിടെ അടുത്ത ആറ് മണിക്കൂര്‍ നേരം ഇരിയ്ക്കും. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം. '- അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ജോലി തല്‍ക്കാലം വേണ്ടെന്ന് വെച്ചാണ് ബിജെപി പ്രവര്‍ത്തനത്തിനിറങ്ങിയത്.  

മത പരിവര്‍ത്തന സമ്മര്‍ദ്ദം മൂലം ലാവണ്യ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ നിയമയുദ്ധം നടത്തി കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയതിന് പിന്നില്‍ അണ്ണാമലൈയാണ്. കേസ് ഒതുക്കിതീര്‍ക്കാനുള്ള പള്ളിയുടെയും ഡിഎംകെയുടെയും ശ്രമത്തെ കാറ്റില്‍പറത്തിയാണ് അണ്ണാമലൈ ഇത് സാധിച്ചെടുത്തത്. ഈയിടെ തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മൂന്നാം സ്ഥാനത്തെത്തിച്ചതിലും അണ്ണാമലൈ വലിയ പങ്കുവഹിച്ചിരുന്നു. അണ്ണാമലൈയുടെ ബിജെപി നേതൃപദവി ഇപ്പോള്‍ ഡിഎംകെയ്ക്ക് കണ്ണിലെ കരടായിരിക്കുകയാണ്. ഇതോടെ കേസുകളില്‍ കുടുക്കി അണ്ണാമലൈയെ ഒതുക്കാനാണ് ശ്രമം. 

അണ്ണാമലൈയുടെ വെല്ലുവിളിക്ക് പിന്നില്‍ കൃത്യമായ കണക്ക് കൂട്ടലുകളുണ്ടെന്ന് കരുതുന്നു. ഡിഎംകെ അറസ്റ്റ് ചെയ്താല്‍ അതുവഴി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രതിച്ഛായ തകര്‍ക്കാമെന്ന് മാത്രമല്ല, അണ്ണാമലൈ ഇന്ത്യ മുഴുവന്‍ ചര്‍ച്ചാവിഷയമാകും. ഇത് ബിജെപിയുടെ കൂടുതല്‍ വളര്ച്ചയ്ക്ക് തമിഴ്‌നാട്ടില്‍ വഴിമരുന്നിടും. എന്തായാലും തമിഴ്നാടിനെ പല ദശകങ്ങളായി ഭരിയ്ക്കുന്ന ഡിഎംകെയെ സംബന്ധിച്ചിടത്തോളം അണ്ണാമലൈയുടെ വെല്ലുവിളി കനത്ത തിരിച്ചടിയാണ്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ സ്റ്റാലിന് മുഖം നഷ്ടപ്പെടുമെന്ന അവസ്ഥയുമുണ്ട്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.