×
login
ജി 20 വിനോദസഞ്ചാര കര്‍മ്മ സമിതി യോഗത്തിന് സമാപനം; കാശ്മീരിന്റെ മനോഹാരിത ആസ്വദിച്ച് പ്രതിനിധികള്‍

ഓരോ പ്രതിനിധിയും കൗതുകകരമായ ഓര്‍മ്മകളോടെ മടങ്ങി. അവര്‍ ധാരാളം സന്ദര്‍ശകരെ ഇങ്ങോട്ട് കൊണ്ടുവരും- അമിതാഭ് കാന്ത് പറഞ്ഞു.

ശ്രീനഗര്‍ : ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ ജി 20 ഗ്രൂപ്പിന്റെ മൂന്നാം  വിനോദസഞ്ചാര കര്‍മ്മ സമിതി യോഗം ബുധനാഴ്ച ശ്രീനഗറില്‍ സമാപിച്ചു.തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ മഴയ്ക്കിടയിലും കാശ്മീരിന്റെ ഭംഗി  ആസ്വദിച്ചു.

60 ഓളം വിദേശ പ്രതിനിധികള്‍ സബര്‍വാന്‍ പര്‍വതനിരയുടെ പശ്ചാത്തലത്തില്‍ യോഗ ചെയ്താണ്  ദിവസം ആരംഭിച്ചത്.

ദാല്‍ തടാകത്തിന്റെ തീരത്തുള്ള മനോഹരമായ നിഷാത് ഗാര്‍ഡന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പരമ്പരാഗത കശ്മീരി വസ്ത്രങ്ങളും വാങ്ങി. ചില പ്രതിനിധികള്‍ റോയല്‍ സ്പ്രിംഗ് ഗോള്‍ഫ് കോഴ്സിലും പോയി.

ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് ഗോള്‍ഫ് കോഴ്സിനെയും അതിന്റെ പ്രകൃതി ഭംഗിയെയും ജനങ്ങളുടെ ആതിഥ്യമര്യാദയെയും കുറിച്ച് വാചാലനായി.


കശ്മീരിന്റെ വിനോദസഞ്ചാര സാധ്യതകളില്‍ പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ മതിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഇതൊരു മികച്ച അനുഭവമാണ്, ആതിഥ്യമര്യാദ, ഊഷ്മളത, വാത്സല്യം. ഈ സന്ദര്‍ശനം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.  കാശ്മീര്‍ കാണാനും കശ്മീരിലെ ജനങ്ങളുടെ വലിയ സ്‌നേഹം ആസ്വദിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു- അമിതാഭ് കാന്ത് പറഞ്ഞു.

ഓരോ പ്രതിനിധിയും കൗതുകകരമായ ഓര്‍മ്മകളോടെ മടങ്ങി. അവര്‍ ധാരാളം സന്ദര്‍ശകരെ ഇങ്ങോട്ട് കൊണ്ടുവരും- അമിതാഭ് കാന്ത് പറഞ്ഞു.

പ്രതിനിധികള്‍ ദാല്‍ തടാകത്തിലെ ബൊളിവാര്‍ഡ് റോഡില്‍ ചുറ്റിനടന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ പോളോ വ്യൂ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് അര മണിക്കൂര്‍ മുമ്പ് മാര്‍ക്കറ്റിലേക്കുള്ള വഴികളില്‍ നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കടയുടമകള്‍ക്ക് മാത്രമേ അവരുടെ കടകളില്‍ തങ്ങാന്‍ അനുവാദമുണ്ടായിരുന്നുളളൂ.

ചൈന യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി ജി20 അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.