×
login
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20‍ ഷെര്‍പ്പ യോഗം ‍പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി

വടക്കന്‍ പാട്ടിന്റെ (കേരളത്തിന്റെ പരമ്പരാഗത നാടോടിക്കഥകള്‍) അടിസ്ഥാനമാക്കിയുള്ള 'ഓതിരം മോഹിതം' എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങള്‍ക്കും വിശിഷ്ടാതിഥികളും ജി20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.

കുമരകം:  കുമരകത്തെ മനോഹരമായ കായലുകളുടെ പശ്ചാത്തലത്തില്‍ ജി20 ഷെര്‍പ്പകളുടെ രണ്ടാം യോഗം പുരോഗമിക്കുന്നു.

ഔപചാരിക നടപടിക്രമങ്ങള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഷെര്‍പ്പകളെ കേരളത്തിലേക്കു സ്വാഗതംചെയ്ത അദ്ദേഹം  ഇന്ത്യന്‍ അധ്യക്ഷതയുടെ പ്രമേയമായ 'വസുധൈവ കുടുംബകം' അഥവാ 'ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി' എന്ന ആശയം, അതിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും, ഇന്നത്തെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍ ഉള്‍ക്കൊള്ളുന്നതിനാലും, ലോകമെമ്പാടും പ്രതിധ്വനിക്കുകയാണെന്നു വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള 27 വ്യത്യസ്ത നഗരങ്ങളിലായി ഇതുവരെ 46 ജി20 യോഗങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജി20 രാജ്യങ്ങളും അതിഥിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യന്‍ അധ്യക്ഷപദത്തിനു നല്‍കിയ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

 

അധ്യക്ഷപദം തിരിച്ചറിഞ്ഞ പ്രധാന മുന്‍ഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. ആദ്യ സെഷന്‍ സാങ്കേതിക പരിവര്‍ത്തനത്തിലും, രണ്ടാമത്തേതു ത്വരിതഗതിയിലുള്ളതും സമഗ്രവും അതിജീവനശേഷിയുള്ളതുമായ വളര്‍ച്ചയിലും സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളുടെ പ്രസക്തി, ഡിജിറ്റല്‍ അന്തരം നികത്തേണ്ടതിന്റെ ആവശ്യകത, വികസനത്തിനുള്ള ഡാറ്റയുടെ പ്രയോജനം എന്നിവ എടുത്തുകാട്ടി, ഈ മേഖലയ്ക്ക് ഇന്ത്യയുടെ ജി20 അധ്യക്ഷപദം നല്‍കിയ ശ്രദ്ധയെയും സുസ്ഥിര വികസനലക്ഷ്യങ്ങളില്‍ അതിന്റെ പ്രസക്തിയെയും പ്രതിനിധികള്‍ അഭിനന്ദിച്ചു. രാജ്യങ്ങളുടെ ഇടപെടലുകള്‍ വനിതാ ശാക്തീകരണത്തിന്റെയും വികസനത്തിന്റെ കേന്ദ്രത്തില്‍ സ്ത്രീകളുടെ നേതൃത്വത്തിന്റെയും ആവശ്യകതയെ വ്യക്തമായി എടുത്തുകാട്ടുന്നു. ഏവരേയും ഒപ്പം കൊണ്ടുപോകുന്ന വളര്‍ച്ചയുടെയും പുനരുജ്ജീവനത്തിന്റെയും പാതയിലേക്കു മടങ്ങാനുള്ള ത്വരിതഗതിയിലുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തിനും പ്രതിനിധികള്‍ ഊന്നലേകി.

 


ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്‌കാരം, കൃഷി, വ്യാപാരം, നിക്ഷേപം, തൊഴില്‍, അഴിമതിനിരോധനം എന്നീ മേഖലകളിലെ വിവിധ ജി20 ഷെര്‍പ്പ ട്രാക്ക് പ്രവര്‍ത്തകസമിതികളില്‍ കൈവരിച്ച പുരോഗതി ഷെര്‍പ്പകള്‍ വിലയിരുത്തി. ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, ഭക്ഷ്യസുരക്ഷാ വികസന ഡാറ്റ, ഡിജിറ്റല്‍ ആരോഗ്യവും മഹാമാരിക്കെതിരായ തയ്യാറെടുപ്പും, രോഗപ്രതിരോധവും പ്രതികരണവും, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, ആഗോള നൈപുണ്യ രേഖപ്പെടുത്തല്‍ മുതലായ വിഷയങ്ങളില്‍ ഈ പ്രവര്‍ത്തകസമിതികളില്‍ നടക്കുന്ന പ്രവര്‍ത്തനക്ഷമമായ സംഭാവനകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഷെര്‍പ്പകള്‍ സുപ്രധാന ചര്‍ച്ചകള്‍ക്കു മുന്നോട്ടുള്ള വഴി നിര്‍ദേശിക്കുകയും ചെയ്തു.

 

'കായല്‍ സംഭാഷണ'ങ്ങളിലും (കായലിലെ ചായസല്‍ക്കാരം) ജി20 ഷെര്‍പ്പകള്‍ പങ്കെടുത്തു. ജി20 കാര്യപരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും സമാന ആശങ്കകളില്‍ സഹകരണവും ധാരണയും വര്‍ധിപ്പിക്കുന്നതിനുമുള്ള അനൗപചാരിക ക്രമീകരണ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ ജി20 ഷെര്‍പ്പ ശ്രീ അമിതാഭ് കാന്ത് മറ്റിടങ്ങളില്‍ നിന്നുള്ള ഷെര്‍പ്പകളുമായി ദിവസം മുഴുവന്‍ ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകളും നടത്തി.

'ചര്‍ച്ചയും ആഹാരവും' എന്നുപേരിട്ട സാംസ്‌കാരിക സായാഹ്നവും അത്താഴവിരുന്നുമായാണു യോഗത്തിന്റെ ആദ്യ ഔപചാരിക ദിനം സമാപിച്ചത്. കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. വടക്കന്‍ പാട്ടിന്റെ (കേരളത്തിന്റെ പരമ്പരാഗത നാടോടിക്കഥകള്‍) അടിസ്ഥാനമാക്കിയുള്ള 'ഓതിരം മോഹിതം' എന്ന നാടകത്തിന്റെ അവതരണത്തിനും കേരളത്തിന്റെ സമ്പന്നമായ പൈതൃകം വെളിവാക്കുന്ന വിവിധ നൃത്തരൂപങ്ങള്‍ക്കും വിശിഷ്ടാതിഥികളും ജി20 പ്രതിനിധികളും സാക്ഷ്യം വഹിച്ചു.

*

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.