×
login
37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി

തുടര്‍ച്ചയായ ഏഴാംതവണയും സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്നുറപ്പിച്ചിരിക്കുന്ന ഭരണകക്ഷിയായ ബിജെപി റെക്കോര്‍ഡ് വിജയമാണ് പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഇത് ശരിവെക്കുന്നതാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 92 സീറ്റുകളാണ് വേണ്ടത്.

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലത്തിന് കാതോര്‍ത്ത് ഗുജറാത്ത്. രണ്ടു ഘട്ടങ്ങളായി നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയും. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു മണിക്കൂറിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. പതിനൊന്നുമണിയോടെ ഗുജറാത്ത് ആരു ഭരിക്കുമെന്ന് വ്യക്തമാകും.

തുടര്‍ച്ചയായ ഏഴാംതവണയും സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്നുറപ്പിച്ചിരിക്കുന്ന ഭരണകക്ഷിയായ ബിജെപി റെക്കോര്‍ഡ് വിജയമാണ് പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഇത് ശരിവെക്കുന്നതാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 92 സീറ്റുകളാണ് വേണ്ടത്. ബിജെപി 117 മുതല്‍ 151 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 16 മുതല്‍ 51 വരെ സീറ്റും ആം ആദ്മി പാര്‍ട്ടി രണ്ട് മുതല്‍ 13 വരെ സീറ്റും നേടുമെന്നാണ് പ്രവചനം.


വോട്ടെണ്ണല്‍ സുഗമവും സമാധാനപരവുമാണെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ ക്രമീക രണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 33 ജില്ലകളിലെ 182 നിയമ സഭാമണ്ഡലങ്ങള്‍ക്കായി 37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അഹമ്മദാബാദ് ജില്ലയില്‍ മൂന്നും സൂറത്ത്, ആനന്ദ് ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രവും വീതമാണുള്ളത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളും ഒരേ സമയം എണ്ണുമെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ഭാരതി അറിയിച്ചു.

ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മി ലാണ് പ്രധാന മത്സരമെങ്കിലും അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ആപും മത്സരരംഗത്തുണ്ടായിരുന്നു. ഡിസംബര്‍ ഒന്ന്, അഞ്ച് തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 66.31 ശതമാനമായിരുന്നു പോളിങ്. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, ബിജെപി യുവനേതാക്കളായ അല്‍പേഷ് താക്കൂര്‍, ഡോ. പായല്‍ മനോജ് കുക്ക്രാനി, ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗാധ്വി എന്നിവരുള്‍പ്പെടെ ആകെ 1,621 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.28 ശതമാനമായിരുന്നു പോളിങ്. ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളും ബിടിപിക്ക് രണ്ടും എന്‍സിപിക്ക് ഒന്നും മൂന്നു സീറ്റുകളില്‍ സ്വതന്ത്രരുമാണ് വിജയിച്ചത്. ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മെയ്ന്‍പുരി ലോകസഭാ സീറ്റിലെയും ഉത്തര്‍പ്രദേശിലെ രാംപൂര്‍, ഖതൗലി, ഒഡീഷയിലെ പദംപൂര്‍, രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍, ബിഹാറിലെ കുര്‍ഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.