×
login
ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് ഗീതാ ഗോപിനാഥ്; ഐഎംഎഫ്‍ റിപ്പോര്‍ട്ടില്‍ തിളക്കമുള്ളകേന്ദ്രമായി ഇന്ത്യ

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ( ഐഎംഎഫ് ) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ്.

:

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ( ഐഎംഎഫ് ) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ്. അന്താരാഷ്ട്ര നാണ്യനിധി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ജനുവരിയിലെ ലോക സാമ്പത്തിക അവലോകനത്തില്‍ ഇന്ത്യയുടെ ആഭ്യന്തരോല്‍പാദന നിരക്ക് 2022-23ല്‍ 6.8 ശതമാനവും 2023-24ല്‍ 6.1 ശതമാനവും ആയിരിക്കുമെന്ന് പറയുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ചനിരക്കുമായി സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ വളര്‍ച്ച.  

ഇന്ത്യയുടെ 2022-23ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന്‍റെയും മോദി സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ പത്താം ബജറ്റ് അവതരണത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്‍റെ ട്വീറ്റും ഐഎംഎഫ് സാമ്പത്തിക അവലോകനവും പുറത്തിറങ്ങിയതെന്ന് കേന്ദ്രസര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രചോദനം പകരുന്ന ഒന്നാണ്. 

അന്താരാഷ്ട്ര നാണ്യനിധിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥിന്‍റെ ട്വിറ്റര്‍ സന്ദേശം:


ഐഎംഎഫ് പട്ടികയനുസരിച്ച് ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യമായി ഇന്ത്യ നിലകൊള്ളുന്നതായും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ പട്ടിക ഗീതാ ഗോപിനാഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗോള വളര്‍ച്ചാനിരക്ക് 2022ല്‍ 3.4 ശതമാനമായിരുന്നത് 2023ല്‍ 2.9 ശതമാനവും 2024ല്‍ 3.1 ശതമാനവും ആയി മാറും. ഇവിടെയാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.8ശതമാനവും 6.1 ശതമാനവും ആയി നിലകൊള്ളുന്നത്.  

2024ല്‍ പൊതുവേ വളര്‍ച്ചാനിരക്ക് തുടക്കത്തില്‍ മന്ദഗതിയിലായിരിക്കും. പിന്നീട് അതിന് വേഗം കൂടും. 2023-24ല്‍ 6.1 ശതമാനമായി മന്ദഗതിയിലാകുന്ന വളര്‍ച്ച 2024-25ല്‍ 6.8 ശതമാനത്തിലേക്ക് വീണ്ടും ഉയരുമെന്നും ലോക സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു.  

ഐഎംഎഫ് കണക്കനുസരിച്ച് ഇന്ത്യ ഒരു തിളക്കമുള്ള കേന്ദ്രമായി നിലനില്‍ക്കും. 2023ലെ വളര്‍ച്ചയുടെ സുപ്രധാന എഞ്ചിന്‍ ചൈനയോടൊപ്പം ഇന്ത്യയായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ലോകത്തിന്‍റെ വളര്‍ച്ചയുടെ പാതിയും ഇന്ത്യയും ചൈനയും കൂടിയാണ് നല്‍കുക. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.