×
login
'രാജ്യം പൗരകേന്ദ്രീകൃതഭരണത്തിന്റെ ദിശയിലേക്ക് നീങ്ങുന്നു'; 'നിര്യാത്' പോര്‍ട്ടലിനും തുടക്കം കുറിച്ചു; 'വാണിജ്യ ഭവന്‍' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ ഇന്ത്യക്കായി കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിര്‍വഹണത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയതും ആധുനികവുമായ വാണിജ്യമന്ദിരവും കയറ്റുമതി പോര്‍ട്ടലും രാജ്യത്തിനു ലഭിച്ചു. ഒരെണ്ണം ഭൗതികവും രണ്ടാമത്തേത് ഡിജിറ്റലുമായ അടിസ്ഥാനസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഇന്നു 'വാണിജ്യ ഭവന്റെ' ഉദ്ഘാടനം നിര്‍വഹിച്ചു. 'നിര്യാത്' പോര്‍ട്ടലിനും അദ്ദേഹം തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ ഇന്ത്യക്കായി കഴിഞ്ഞ എട്ടു വര്‍ഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിര്‍വഹണത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പാണ് ഇന്നത്തേതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയതും ആധുനികവുമായ വാണിജ്യമന്ദിരവും കയറ്റുമതി പോര്‍ട്ടലും രാജ്യത്തിനു ലഭിച്ചു. ഒരെണ്ണം ഭൗതികവും രണ്ടാമത്തേത് ഡിജിറ്റലുമായ അടിസ്ഥാനസൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികം കൂടിയാണിന്ന് എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അവയുടെ പൂര്‍ത്തീകരണവും സ്വതന്ത്ര ഇന്ത്യക്കു ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇന്നു രാജ്യം അദ്ദേഹത്തിനു വിനീതമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രാലയത്തിന്റെ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ പരാമര്‍ശിച്ച്, വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. സുഗമമായ പ്രാപ്യമാക്കലാണ്  ഇവ രണ്ടും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റുമായി ആശയവിനിമയം നടത്തുന്നതിനു തടസങ്ങളൊന്നും ഉണ്ടാകരുത്. ഗവണ്മെന്റിലേക്കുള്ള എത്തിപ്പെടല്‍ സുഗമമാക്കുക എന്നതു ഗവണ്മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാടു ഗവണ്മെന്റ് നയങ്ങളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തെ പല ഉദാഹരണങ്ങളും പരാമര്‍ശിച്ച്, പുതിയ ഇന്ത്യയുടെ പുതിയ തൊഴില്‍ സംസ്‌കാരത്തില്‍, പൂര്‍ത്തീകരണ തീയതി സാധാരണ പ്രവര്‍ത്തന പ്രക്രിയയുടെ ഭാഗമാണെന്നും അതു കര്‍ശനമായി പാലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങളോളം മുടങ്ങാതെ കൃത്യസമയത്തു പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഗവണ്മെന്റിന്റെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുകയുള്ളൂ. അപ്പോള്‍ മാത്രമേ രാജ്യത്തെ നികുതിദായകന്‍ അംഗീകരിക്കപ്പെടുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള ആധുനിക പ്ലാറ്റ്‌ഫോം കൂടി ഇപ്പോള്‍ നമുക്കുണ്ട്. ഈ വാണിജ്യഭവന്‍ രാജ്യത്തിനു 'ഗതി ശക്തി' പകരുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലയളവില്‍ വാണിജ്യരംഗത്തു തന്റെ ഗവണ്‍മെന്റ് കരസ്ഥമാക്കിയ നേട്ടങ്ങളുടെ പ്രതീകം കൂടിയാണു പുതിയ വാണിജ്യഭവനെന്നു പ്രധാനമന്ത്രി പറഞ്ഞു. ശിലാസ്ഥാപനസമയത്ത്, ആഗോള നവീകരണ സൂചികയില്‍ നവീകരണത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇന്ന്, ആഗോള നവീകരണ സൂചികയില്‍ ഇന്ത്യ 46ാം സ്ഥാനത്താണ്. തുടര്‍ച്ചയായി ഈ സ്ഥാനം മെച്ചപ്പെടുകയാണ്. വ്യവസായ നടത്തിപ്പു സുഗമമാക്കലിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം അന്നു സംസാരിച്ചു. ഇന്നു 32000ലധികം അനാവശ്യമായ ചട്ടങ്ങള്‍ പാലിക്കലുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

കെട്ടിടത്തിന്റെ തറക്കല്ലിടല്‍ സമയത്തു ജിഎസ്ടി ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. ഇന്നു പ്രതിമാസം ഒരു ലക്ഷം കോടി ജിഎസ്ടി പിരിവ് സാധാരണ കാര്യമാണ്. ജിഇഎമ്മിന്റെ കാര്യമെടുത്താല്‍, അന്ന് 9000 കോടി രൂപയുടെ ഓര്‍ഡറുകളാണു ചര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നാകട്ടെ, 45 ലക്ഷത്തിലധികം ചെറുകിട സംരംഭകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും 2.25 കോടിയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ നല്‍കുകയും ചെയ്തു. പ്രധാനമന്ത്രി അന്ന് 120 മൊബൈല്‍ യൂണിറ്റുകളെക്കുറിച്ചു സംസാരിച്ചു. 2014ല്‍ വെറും 2 ആയിരുന്നത് ഇന്ന് 200 എണ്ണം കടന്നിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 2300 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. 4 വര്‍ഷം മുമ്പ് ഇത് 500 ആയിരുന്നു. വാണിജ്യഭവന്റെ തറക്കല്ലിടല്‍ സമയത്ത് ഇന്ത്യ പ്രതിവര്‍ഷം 8000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നെങ്കില്‍ ഇന്നത് 15000ത്തിലധികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


കഴിഞ്ഞ വര്‍ഷം, ആഗോളതലത്തിലുണ്ടായ ചരിത്രപരമായ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ കയറ്റുമതി ആകെ 670 ബില്യണ്‍ ഡോളറായിരുന്നുവെന്നു (50 ലക്ഷം കോടി രൂപ) പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ വെല്ലുവിളികള്‍ക്കിടയിലും 400 ബില്യണ്‍ ഡോളറെന്ന (30 ലക്ഷം കോടിരൂപ) ചരക്കുകയറ്റുമതിയുടെ പരിധി മറികടക്കണമെന്നു കഴിഞ്ഞ വര്‍ഷം രാജ്യം തീരുമാനിച്ചിരുന്നു. നാം ഇതു മറികടന്ന് 418 ബില്യണ്‍ ഡോളറിന്റെ (31 ലക്ഷം കോടി രൂപ) കയറ്റുമതിയുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. 'കഴിഞ്ഞ വര്‍ഷങ്ങളിലെ ഈ വിജയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, നാമിപ്പോള്‍ നമ്മുടെ കയറ്റുമതി ലക്ഷ്യങ്ങള്‍ വര്‍ധിപ്പിക്കുകയും അവ നേടാനുള്ള ശ്രമങ്ങള്‍ ഇരട്ടിപ്പിക്കുകയും ചെയ്തു. ഈ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഏവരുടെയും കൂട്ടായ പ്രയത്‌നം ഏറെ അനിവാര്യമാണ്'. ഹ്രസ്വകാലത്തേക്കുള്ളതു മാത്രമല്ല ദീര്‍ഘകാല ലക്ഷ്യങ്ങളും നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പങ്കാളികള്‍ക്കും തത്സമയ വിവരങ്ങള്‍ നല്‍കിക്കൊണ്ടു പ്രതിസന്ധികള്‍ മറികടക്കാന്‍ 'നിര്യാത്' (National Import-Export for Yearly Analysis of Trade) പോര്‍ട്ടല്‍ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 'ഈ പോര്‍ട്ടലില്‍ നിന്ന്, ലോകത്തെ 200ലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 30ലധികം ചരക്കുസംഘങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ലഭ്യമാകും. വരുംകാലങ്ങളില്‍ ജില്ല തിരിച്ചുള്ള കയറ്റുമതി സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. കയറ്റുമതിയുടെ പ്രധാന കേന്ദ്രങ്ങളായി ജില്ലകളെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇതു കരുത്തുപകരും' പ്രധാനമന്ത്രി പറഞ്ഞു.

വികസ്വരമെന്ന നിലയില്‍ നിന്നു വികസിതമെന്ന നിലയിലേക്ക് ഒരു രാജ്യം മാറുന്നതില്‍ കയറ്റുമതി സുപ്രധാന പങ്കുവഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യ കയറ്റുമതി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയും കയറ്റുമതി ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പ്രക്രിയ ലഘൂകരിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ പുതിയ വിപണികളിലേക്കു കൊണ്ടുപോകുന്നതിനുമുള്ള മെച്ചപ്പെട്ട നയങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇന്ന്, എല്ലാ മന്ത്രാലയങ്ങളും ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുന്നതു ഗവണ്മെന്റിന്റെ സര്‍വതോമുഖ സമീപനത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്എംഇ മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ കൃഷിവാണിജ്യ മന്ത്രാലയമോ ഏതുമാകട്ടെ, ഏവരും പൊതുലക്ഷ്യത്തിനായി കൂട്ടായ ശ്രമങ്ങള്‍ നടത്തുന്നു. 'പുതിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുകയാണ്. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ നിന്നുപോലും, കയറ്റുമതി ഇപ്പോള്‍ പലമടങ്ങു വര്‍ധിച്ചു. പരുത്തിയുടെയും കൈത്തറി ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനയുണ്ടായത് എങ്ങനെയാണു താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നതിനെ കാട്ടിത്തരുന്നു' അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രാദേശികതയ്ക്കായുള്ള ആഹ്വാനം' ക്യാമ്പയ്‌നിലൂടെയും 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം' പദ്ധതിയിലൂടെയും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു ഗവണ്മെന്റ് ഊന്നല്‍ നല്‍കിയതും കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ നമ്മുടെ പല ഉല്‍പ്പന്നങ്ങളും ലോകത്തിലെ പുതിയ പുതിയ രാജ്യങ്ങളിലേക്ക് ആദ്യമായി കയറ്റുമതി ചെയ്യപ്പെടുകയാണ്. ബഹ്‌റൈനിലേക്കു സീതാഭോഗ് മിഠായി കയറ്റി അയക്കുന്നതും ലണ്ടനിലേക്കു നാഗാലാന്‍ഡിലെ ഫ്രഷ് കിങ് ചില്ലി അയക്കുന്നതും ദുബായിലേക്ക് അസമില്‍ നിന്നുള്ള ഫ്രഷ് ബര്‍മീസ് മുന്തിരി അയക്കുന്നതും ഛത്തീസ്ഗഢില്‍ നിന്നു ഫ്രാന്‍സിലേക്കു ഗിരിവര്‍ഗ മഹുവ ഉല്‍പ്പന്നങ്ങള്‍ അയക്കുന്നതും കാര്‍ഗിലിലെ ഖുമാനി ദുബായിലേക്ക് അയക്കുന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

'നമ്മുടെ കര്‍ഷകരെയും നെയ്ത്തുകാരെയും നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളെയും കയറ്റുമതി ആവാസവ്യവസ്ഥയുമായി കൂട്ടിയിണക്കാന്‍ നാം ജിഐ ടാഗിങ്ങിനെ സഹായിക്കുകയും അതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.' അടുത്തിടെ സ്വീകരിച്ച നടപടികള്‍ ആവര്‍ത്തിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകള്‍ പരാമര്‍ശിച്ച അദ്ദേഹം മറ്റു രാജ്യങ്ങളുമായുള്ള ഇടപാടുകളിലും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അറിയിച്ചു. വളരെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം ഇന്ത്യയ്ക്കുള്ള അവസരങ്ങളാക്കി മാറ്റാന്‍ കഠിനമായി പരിശ്രമിച്ചതിനു വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളെ അദ്ദേഹം പ്രശംസിച്ചു. 'വ്യവസായത്തെ സംബന്ധിച്ചിടത്തോളം, പുതിയ വിപണികള്‍ കണ്ടെത്തുന്നതും അവയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതും രാജ്യപുരോഗതിക്കു വളരെ പ്രധാനമാണ്', അദ്ദേഹം പറഞ്ഞു.

സമീപകാലത്തു വികസിപ്പിച്ച പോര്‍ട്ടലുകളും പ്ലാറ്റ്‌ഫോമുകളും കാലാകാലങ്ങളില്‍ അവലോകനം ചെയ്യണമെന്ന് എല്ലാ വകുപ്പുകളോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 'നാം ഈ ഉപകരണങ്ങള്‍ എന്തു ലക്ഷ്യത്തിനാണോ വികസിപ്പിച്ചത്, അവ എത്രത്തോളം നേടുന്നു എന്നതു പരിശോധിക്കണം. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ശ്രമിക്കണം.' പ്രധാനമന്ത്രി ഉപസംഹരിച്ചു.

  comment

  LATEST NEWS


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.